
ദോഹ: നോവല്‍ കൊറോണ വൈറസിന്റെ(കോവിഡ്-19) വ്യാപനത്തിന്റെ ഫലമായി ലോകം കടന്നുപോകുന്ന അസാധാരണവും നിര്‍ണായകവുമായ കാലഘട്ടത്തെ മറികടക്കാന്‍ ഖത്തറിന് ശേഷിയുണ്ടെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി.
കോവിഡ് വ്യാപനം എല്ലാവരെയും ആശ്ചര്യപ്പെടുത്തുകയും രാാജ്യങ്ങള്ക്കും സമൂഹങ്ങള്‍ക്കും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. സമൂഹത്തില്‍ വൈറസ് പടരുന്നത് തടയുന്നതിനായി രാജ്യം സ്വീകരിക്കുന്ന ഗൗരവമേറിയതും ഉത്തരവാദിത്തമുള്ളതുമായ നടപടികളുമായി പൊരുത്തപ്പെടുന്ന വിധത്തില്‍ ക്യുഒസി ജീവനക്കാര്‍ക്കായി വിദൂര തൊഴില്‍ രീതി സ്വീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് ശൈഖ് ജുആന്‍ ചൂണ്ടിക്കാട്ടി.
ഈ തീരുമാനം ഏതെങ്കിലും തരത്തിലുള്ള യാഥാര്‍ത്ഥ്യത്തിന് കീഴടങ്ങുന്നതിന്റെ സൂചനകളല്ല, അല്ലെങ്കില്‍ വെല്ലുവിളികള്‍ക്ക് മുന്നില്‍ പിന്നോട്ട് പോകലല്ല. ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ എല്ലാവരും ദൃഢ നിശ്ചയത്തിലാണ്.
അതില്‍ ഏറ്റവും പ്രധാനം ആധുനിക സാങ്കേതികവിദ്യയാണ്. വെല്ലുവിളി സര്‍ഗാത്മകതക്കുള്ള അവസരമായി മാറുന്ന അപൂര്‍വ സന്ദര്‍ഭങ്ങളിലൊന്നാണ് ഈ കാലഘട്ടമെന്നും ശൈഖ് ജുആന്‍ ചൂണ്ടിക്കാട്ടി.