in ,

ഖത്തറിലെ എല്ലാ സ്വകാര്യ സര്‍വ്വകലാശാലകളിലും ഖത്തര്‍ ചരിത്രം നിര്‍ബന്ധമാക്കും: ഡോ.ഖാലിദ് അല്‍അലി

ഡോ.ഖാലിദ് അല്‍അലി
  • 2021 സപ്തംബര്‍ മുതല്‍ ആരംഭിക്കും
  • ദോഹ സാവിത്രി ഫൂലെ ഇന്ത്യന്‍ സര്‍വ്വകലാശാലയില്‍ തുടക്കം മുതല്‍ തന്നെ

അശ്‌റഫ് തൂണേരി/ദോഹ:

ഖത്തറിലെ എല്ലാ സ്വകാര്യ സര്‍വ്വകലാശാലകളിലും ഖത്തര്‍ ചരിത്രം നിര്‍ബന്ധ പാഠ്യവിഷയമാക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വിഭാഗം ആക്ടിംഗ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ.ഖാലിദ് അബ്ദുല്ല അല്‍അലി. സാവിത്രി ഫൂലെ പൂനെ യൂണിവേഴ്‌സിറ്റിയുടെ കാമ്പസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ദോഹ കമേഴ്‌സ്യല്‍ അവന്യൂവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 സപ്തംബര്‍ മുതല്‍ ഖത്തര്‍ ചരിത്രം പഠനഭാഗമാക്കിത്തുടങ്ങും. ഖത്തറില്‍ തുടങ്ങാനിരിക്കുന്ന ആദ്യ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റിയായ സാവിത്രി ഫൂലെ പൂനെ സര്‍വ്വകലാശാലയില്‍ ഈ അധ്യയന വര്‍ഷം തന്നെ ഖത്തര്‍ ചരിത്രം പാഠ്യപദ്ധതിയുടെ ഭാഗമാവും. ഖത്തറിന്റെ സംസ്‌കാരവും ചരിത്രവും വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. കിന്റര്‍ഗാര്‍ട്ടന്‍, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളില്‍ ഇപ്പോള്‍ തന്നെ ഖത്തര്‍ ചരിത്രം പഠിക്കല്‍ നിര്‍ബന്ധമാണ്.
നേരത്തെ എല്ലാ സ്‌കൂളുകളിലും ഖത്തര്‍ ചരിത്രം, അറബി, ഇസ്ലാമിക വിജ്ഞാനം എന്നിവ നിര്‍ബന്ധമാക്കി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. 2021 അധ്യയനം വര്‍ഷം തന്നെ ഇത് നടപ്പിലാക്കാനായിരുന്നു സര്‍ക്കുലര്‍ നിര്‍ദ്ദേശം. കെ. ജി മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ബാധകമാണ്. മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് പ്രൈവറ്റ് സ്‌കൂള്‍സ് അഫയേഴ്‌സ് ഡയരക്ടര്‍ റാഷിദ് അഹ്്മദ് അല്‍അമീരി ആയിരുന്നു സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
ഖത്തറിലെ സര്‍വ്വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ ജോലി തേടുമ്പോള്‍ ഈക്വലന്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നത് തന്നെ നല്ലൊരു പരിഗണനയാണെന്നും മറ്റു രാജ്യങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മന്ത്രാലയത്തിന്റെ തുല്യതാ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുമെന്നും ഖാലിദ് അലി മറ്റൊരു ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയിലും പൊതുമേഖലയിലും അവസരം ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യന്‍ മീഡിയാ ഫോറത്തിന് പുതിയ ഭാരവാഹികള്‍

സാവിത്രിഭായ് ഫൂലെ സര്‍വ്വകലാശാലാ ഖത്തര്‍ കാമ്പസ് കമേഴ്‌സ്യല്‍ അവന്യൂവില്‍; ധാരണാപത്രം കൈമാറി