ഒളിമ്പിക്‌സില്‍ ഖത്തറിനെ പ്രതിനിധീകരിക്കുന്ന ആറാമത്തെ വനിത
ആര്‍.റിന്‍സ്/ദോഹ:
ഖത്തറിന്റെ ചരിത്രത്തിലാദ്യമായി റോവിങില്‍ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യവനിതയായ തലാ അബുജബാറ കഠിന പരിശീലനത്തില്‍. ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം. ഓസ്ട്രിയയിലെ ലിന്‍സ്-ഒറ്റന്‍ഷീമില്‍ നടന്ന ലോക റോവിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് സ്‌കള്‍സ് ഫൈനലില്‍ മികച്ച പ്രകടനമായിരുന്നു ഖത്തര്‍ താരത്തിന്റേത്. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് റോവിങ്, 2016ല്‍ ഇറ്റലി ദേശീയ ചാമ്പ്യന്‍ഷിപ്പ്, യുഎഇ രാജ്യാന്തര റോവിങ് ചാമ്പ്യന്‍ഷിപ്പ്, ജിസിസി റോവിങ് ചാമ്പ്യന്‍ഷിപ്പ്, പാരീസ് ചാമ്പ്യന്‍ഷിപ്പ്, 2017ല്‍ ടുണീഷ്യയില്‍ നടന്ന 12-ാമത് അറബ് റോവിങ് ചാമ്പ്യന്‍ഷിപ്പ് എന്നിവയിലെല്ലാം മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. ളിമ്പിക്‌സില്‍ ഖത്തറിനായി മത്സരിക്കുന്ന ആറാമത്തെ വനിതാതാരമായിരിക്കും 28കാരിയായ തലാ അബുജബാറ.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലാണ് ഖത്തറിന്റെ പ്രതിനിധീകരിച്ച് ആദ്യമായി വനിതകള്‍ മത്സരിച്ചത്. അന്ന് നാലു വനിതകളെയാണ് ഖത്തര്‍ ഒളിമ്പിക്‌സിലേക്ക് അയച്ചത്. നീന്തല്‍ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ നദ മുഹമ്മദ് അര്‍കജിയും 100 മീറ്റര്‍ ഓട്ടത്തില്‍ നൂര്‍ ഹുസൈന്‍ അല്‍മാലികിയും ടേബിള്‍ ടെന്നീസില്‍ അയ മജ്ദിയും ഷൂട്ടിങില്‍ ബഹിയ അല്‍ഹമദും. നാലുപേര്‍ക്കും അന്ന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഖത്തറിനായി മത്സരിച്ച ആദ്യ വനിതയെന്ന ഖ്യാതി നൂര്‍ അല്‍മാലികി നേടി. 2016ലെ റിയോ ഒളിമ്പിക്‌സില്‍ രണ്ടു വനിതകളാണ് ഖത്തറിനെ പ്രതിനിധീകരിച്ചത് നീന്തലില്‍ നദ അര്‍കജിയും 400 മീറ്ററില്‍ ദലാല്‍ മിസ്ഫര്‍ അല്‍ഹരീതും. രണ്ടുപേര്‍ക്കും ആദ്യ കടമ്പ പിന്നിടാനായില്ല. റോവിങില്‍ സമീപകാല രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനമാണ് തലാ കാഴ്ചവെക്കുന്നത്.
അപ്രതീക്ഷിതമായാണ് തലാ കായികയിനമായി റോവിങിനെ തെരഞ്ഞെടുക്കുന്നത്. ആദ്യം ബാസ്‌ക്കറ്റ്‌ബോളില്‍ ഇഷ്ടം കണ്ടിരുന്ന തലായിലെ റോവിങ് മികവ് ആദ്യം തിരിച്ചറിയുന്നത് കോളേജിലെ റോവിങ് കോച്ചായിരുന്നു. ഉയരവും അത്‌ലറ്റിക് മികവും തലാ തുഴച്ചിലില്‍ മുതല്‍ക്കൂട്ടായി. അങ്ങനെ ബാസ്‌ക്കറ്റ്‌ബോളില്‍ നിന്നും റോവിങിലേക്കു മാറി. ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തുകയെന്ന ലക്ഷ്യത്തോടെ ദോഹയ്ക്ക് വടക്കുള്ള മനുഷ്യ നിര്‍മിത തടാകത്തില്‍ കടുത്ത ചൂടിനെപ്പോലും അവഗണിച്ചുകൊണ്ടാണ് തലായുടെ പരിശീലനം. യോഗ്യത നേടുകയെന്നത് സുപ്രധാനമായിരുന്നു.
വലിയൊരു ചുവടുവെപ്പായിരുന്നു. ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം- തലാ അബുജബാറ എഎഫ്പിയോടു പ്രതികരിച്ചു. യു.എസിലായിരുന്നു അബൂജബാറയുടെ പഠനം. 2019ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ 26-ാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ആദ്യമായി തുഴച്ചിലിനിറങ്ങുമ്പോള്‍ റോവിങ് എന്താണെന്നുപോലും തനിക്കറിയുമായിരുന്നില്ല. സമീപവര്‍ഷങ്ങളിലെ മികച്ച പരിശീലനത്തിലൂടെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നും അവര്‍ പറഞ്ഞു. യുഎസിലെ പഠനകാലയളവില്‍ റോവിങ് ടീമിനൊപ്പമായിരുന്നു പരിശീലനമെങ്കില്‍ ഖത്തറില്‍ മടങ്ങിയെത്തിയശേഷം ഒറ്റക്കു പരിശീലനം നടത്തേണ്ടിവരുന്നുവെന്നത് ഒരുതടസമായിരുന്നു. ഖത്തറില്‍ മറ്റാരുമില്ല, അതുകൊണ്ടുതന്നെ ഒറ്റക്ക് പരിശീലനം നടത്തുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഇവിടെ അത്ര പരിചിതമായ കായികയിനമല്ല ഇത്.
ധാരാളം ആളുകള്‍ക്ക് ഇതേക്കുറിച്ചറിയില്ല- തലാ പ്രതികരിച്ചു. കഴിവുകള്‍ വികസിപ്പിക്കുന്നതിനായി ആസ്പയര്‍ അക്കാദമിയിലും തലാ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അവിടെ മികച്ച അനുഭവമായിരുന്നു. സഹപ്രവര്‍ത്തകര്‍ കായിക വിദഗ്ദ്ധരുംപരിശീലകരുമായിരുന്നു. ആസ്പയറിലെ സഹപ്രവര്‍ത്തകരിലൊരാളുടെ ഭാര്യ റോവിങ് കോച്ചായിരുന്നു. അവര്‍ റോവിങ് യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ഈ മേഖലയില്‍നിന്നുള്ള ഒരാള്‍ക്ക് യോഗ്യത നേടാനുള്ള അവസരമുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് ആ ലക്ഷ്യം മുന്‍നിര്‍ത്തി കഠിന പരിശീലനത്തിലായിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ മത്സരാര്‍ഥിയാകാന്‍ ഒരിടത്തുമില്ലെന്ന് പറയുമ്പോഴും ശക്തമായ സാന്നിധ്യമറിയിക്കുകയെന്ന ലക്ഷ്യമാണ് തലായുടെ മുന്നിലുള്ളത്.