
ദോഹ: കോവിഡ്-19 പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പങ്കാളികളെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തര്‍ വ്യക്തമാക്കി.
അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ വ്യവസായ പ്രമുഖരുമായി ചേര്‍ന്ന് സംഘടിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കവെ യുഎസിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് മിഷാല്‍ ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയെ ഖത്തര്‍ എങ്ങനെയാണ് കൈകാര്യം ചെയ്തത്്, ഖത്തറിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു ചര്‍ച്ച. അബോട്ട് ലബോറട്ടറീസ്, മെറ്റ്‌ലൈഫ്, എക്‌സോണ്‍ മൊബില്‍, കൊണോകോ ഫിലിപ്‌സ്, ജനറല്‍ ഇലക്ട്രിക്, മോട്ടൊറോള, ഇന്‍വെന്റസ് പവര്‍ ഉള്‍പ്പടെ വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 58 പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
ഖത്തര്‍ സമ്പദ് വ്യവസ്ഥയുടെ വഴക്കം അംബാസഡര്‍ എടുത്തുപറഞ്ഞു. ഐഎംഎഫ്, മൂഡീസ് തുടങ്ങിയ സ്വതന്ത്ര സംഘടനകള്‍ ഖത്തറിന്റെ സാമ്പത്തിക ശക്തിക്ക് ഊന്നല്‍നല്‍കിക്കൊണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഖത്തറിന്റെ പ്രതികരണം, സമഗ്രത, നിയന്ത്രണനടപടികള്‍ എന്നിവയെക്കുറിച്ചും വിശദീകരിച്ചു.
ഈ നടപടികളുടെയും മെഡിക്കല്‍ സംവിധാനത്തിന്റെ ശക്തിയും കാരണമാണ് ആഗോളതലത്തില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറാന്‍ ഖത്തറിന് സാധിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സാധ്യതകളും ഖത്തരി-അമേരിക്കന്‍ ഉഭയകക്ഷി ബന്ധങ്ങളുടെ ഭാവിയും ഇപ്പോഴും തിളക്കമാര്‍ന്നതാണ്, പ്രതിസന്ധി മറികടക്കാന്‍ അമേരിക്കയുള്‍പ്പെടെ ലോകമെമ്പാടുമുള്ള പങ്കാളികളെ സഹായിക്കാന്‍ ഖത്തര്‍ പ്രതിബദ്ധമാണ്. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വഹിച്ച സുപ്രധാനവും ഫലപ്രദവുമായ പങ്കും അംബാസഡര്‍ എടുത്തുപറഞ്ഞു.
ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടണ്‍ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളും സ്വദേശങ്ങളിലേക്ക് മടങ്ങിയെത്താന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന് അവരുടെ പൗരന്‍മാരോടു ഔദ്യോഗികമായി തന്നെ അഭ്യര്‍ഥിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.