
ദോഹ: ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ച 98,000ലധികം പേരില്‍ 88,000ലധികം പേര് സുഖംപ്രാപിച്ചത് അസാധാരണമായ നേട്ടമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കൂടാതെ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുള്ള രാജ്യങ്ങളിലൊന്നായി ഖത്തര്‍ തുടരുകയാണ്. ഇതുവരെ 118 പേരാണ് ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാംഘട്ടമാണ് യഥാര്‍ഥത്തില്‍ ആദ്യ ഘട്ടം. ജനങ്ങള്‍ ഷോപ്പിങ് കോംപ്ലക്സുകളിലും മാര്‍ക്കറ്റുകളിലും ഇടകലരുന്നത് ഈ ഘട്ടത്തിലാണ്. അവര്‍ക്കിടയില്‍ കോവിഡ് പടരാതിരിക്കാന്‍ സാമൂഹിക അകലം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഫെബ്രുവരി 29ന് ഖത്തറില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം രാജ്യത്തിന് ഒരുപാട് മുന്നോട്ടുപോകാനായിട്ടുണ്ട്. 86,000ലധികം പേര് രോഗമുക്തരായത് എല്ലാവരും അഭിമാനിക്കേണ്ട അസാധാരണമായ നേട്ടമാണ്. ഓരോ ഘട്ടത്തിലെയും സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. പ്രധാനമായും നിരവധി പ്രകടന സൂചകങ്ങള്‍ വിലയിരുത്തിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഏതെങ്കിലുമൊരു സൂചകം പ്രതികൂലമാകുന്ന സാഹചര്യമാണുണ്ടാകുന്നതെങ്കില്‍ ചില നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയോ അടുത്ത ഘട്ടങ്ങള്‍ നടപ്പാക്കുന്നത് വൈകിപ്പിക്കുകയോ ചെയ്തേക്കാം.
നിയന്ത്രണങ്ങള്‍ നീക്കുന്നതിലെ രണ്ടാം ഘട്ടത്തിലെ വിജയം മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളിലേക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനുള്ള ഗ്യാരണ്ടിയാണ്. ഈ രണ്ടാം ഘട്ടത്തിന്റെ വിജയം മഹാമാരിയെ നിയന്ത്രിക്കാനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമുള്ള ഖത്തരികളുടെയും പ്രവാസികളുടെയും പ്രതിബദ്ധതയെ ആശ്രയിച്ചാണുള്ളത്. ഖത്തറില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രവാസി തൊഴിലാളികള്‍ ഒഴികെയുള്ള താമസക്കാരും പൗരന്മാരിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. കുടുംബ സംഗമങ്ങളും സന്ദര്‍ശനങ്ങളും, മുന്‍കരുതല്‍ നടപടികളോടുള്ള പ്രതിബദ്ധതയുടെ അഭാവവും ശാരീരിക അകലം പാലിക്കാത്തതുമാണ് കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമെന്ന് ഡോ.അല്‍താനി ചൂണ്ടിക്കാട്ടി.
ഈ സമയത്ത് യാത്രകള്‍ ഒഴിവാക്കണം. ഇപ്പോള്‍ യാത്ര ചെയ്യാന്‍ അനുയോജ്യമായ സമയമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ യാത്ര ചെയ്യുകയാണെങ്കില്‍ എത്തിച്ചേരുന്ന രാജ്യത്തെ ക്വാറന്റൈന് നിയമങ്ങള്‍ മനസിലാക്കുകയും എത്തിച്ചേര്‍ന്നാല്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും വേണം. കഴിഞ്ഞ ആഴ്ചകളില്‍ ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ആസ്പത്രിയിലും തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നുണ്ട്. മഹാമാരിയുടെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തെ മറികടക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. അതിനാലാണ് വൈറസ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ശ്രദ്ധാപൂര്‍വം നീക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം മറ്റു മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും സഹകരിച്ച് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവരും പൊതുവായി പാലിക്കേണ്ട നിരവധി മുന്‍കരുതല്‍ മാനദണ്ഡങ്ങളുണ്ട്. വ്യക്തികള്‍ക്കിടയില്‍ ഒന്നരമീറ്റര്‍ അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, മാസ്ക്കുകള്‍ ധരിക്കുക, പതിവായി കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക, 60 വയസിനുമുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ വീടുകളില്‍ തന്നെ തുടരുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കുടുംബ സന്ദര്‍ശനങ്ങള്‍ ഉള്‍പ്പടെയുള്ള സാമൂഹിക സന്ദര്‍ശനങ്ങള്‍ കഴിയുന്നത്ര കുറക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
വീടുകള്‍ക്കുള്ളില്‍ പരമാവധി അഞ്ചുപേരും ഔട്ട്ഡോറില് പത്തുപേരുമായി പരിമിതമായ സാമൂഹിക ഒത്തുചേരലുകളാണ് രണ്ടാംഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. പത്തു പേര് വരെയുള്ള ചെറിയ ഗ്രൂപ്പുകള്‍ക്കും ഔട്ട്ഡോറില് 50 പേര് വരെയുള്ള ഗ്രൂപ്പുകള്‍ക്കും തൊഴില്‍ പരിശീലന കോഴ്സുകള്‍ അനുവദനീയമാണ്. ഷോപ്പിങ് സെന്ററുകള്‍ 50% വര്‍ദ്ധിച്ച ശേഷിയില്‍ പ്രവര്‍ത്തിക്കും. എന്നിരുന്നാലും ഷോപ്പിങ് സെന്ററുകളിലെ എല്ലാ റെസ്റ്റോറന്റുകളും അടച്ചിരിക്കും. പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ആരംഭിക്കുന്ന ജീവനക്കാരുടെ എണ്ണം പരമാവധി 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
ദോഹയിലേക്കുള്ള ഇന്‍ബൗണ്ട് ഫ്ളൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ആദ്യ ഘട്ടത്തിലെന്നപോലെ തുടരും. ജീവിതം സാധാരണ നിലയിലാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, സ്വയം പരിരക്ഷിക്കുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന് ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി പറഞ്ഞു.