
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊറോണ വൈറസ് (കോവിഡ് -19) മഹാമാരിയെ നേരിടാന്‍ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ക്ക് ഖത്തര്‍ സഹായം നല്‍കിയതായി പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന് മുഹമ്മദ് അല്‍കുവാരി.
കോവിഡ് -19 മഹാമാരി ബാധിച്ച ജനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സാധ്യമായ എല്ലാ ആഗോള പിന്തുണയും നല്‍കണമെന്ന് അമീര്‍ ഖത്തറിലെ ബന്ധപ്പെട്ട എല്ലാ അതോറിറ്റികളോടും സ്ഥാപനങ്ങളോടും നിര്‍ദേശിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ 73-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെയായിരുന്നു യോഗം. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്(ക്യുഎഫ്എഫ്ഡി) 20ലധികം രാജ്യങ്ങള്‍ക്ക് ആരോഗ്യസഹായം എത്തിച്ചിട്ടുണ്ട്. ഖത്തറിലെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി വിശദീകരിച്ചു.
സര്ക്കാരിന്റെയുംസമൂഹത്തിന്റെയും എല്ലാ ഘടകങ്ങളും തമ്മിലുള്ള തൊഴില്‍ അധിഷ്ഠിത സമീപനത്തിലൂടെ കോവിഡ് മഹാമാരിയെ നേരിടാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ ഡോ. അല്‍കുവാരി തന്റെ പ്രസംഗത്തില്‍ അവലോകനം ചെയ്തു. സമൂഹത്തിലെ അംഗങ്ങളെ വൈറസില്‍ നിന്നും സംരക്ഷിക്കാന്‍ എല്ലാ മേഖലകളിലും സ്വീകരിച്ച നടപടികള്‍ അവര്‍ എടുത്തുപറഞ്ഞു. രാജ്യം നടത്തുന്ന വിപുലമായ പരിശോധനകളും നിരീക്ഷണനയങ്ങളുമാണ് കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനിടയാക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കോവിഡ് രോഗികളില്‍ വളരെകുറച്ച് മരണങ്ങള് മാത്രമെ ഖത്തറിലുണ്ടായിട്ടുള്ളു. 94ശതമാനം കേസുകളിലും നേരിയ ലക്ഷണങ്ങളോ ലക്ഷണങ്ങളില്ലാത്തതോ ആണ്. അഞ്ചു ശതമാനം പേര്‍ക്കുമാത്രമാണ് ആസ്പത്രി പ്രവേശനം ആവശ്യമായി വരുന്നത്. ഒരു ശതമാനം പേര് മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഖത്തറിലെ യുവജനസംഖ്യയുടെ ഉയര്‍ന്ന അനുപാതം, സജീവമായ സ്ക്രീനിംഗ്, ടെസ്റ്റ് പ്രോഗ്രാം, രോഗവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറക്കുന്നതിന് നേരത്തേ രോഗികളെ കണ്ടെത്തി ചികിത്സിക്കുന്ന ഫലപ്രദവും കാര്യക്ഷമവുമായ ആരോഗ്യസംരക്ഷണ സംവിധാനം എന്നിവയെല്ലാമാണ് ഖത്തറിലെ കുറഞ്ഞ മരണനിരക്കിന് കാരണമാകുന്ന ഘടകങ്ങളെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. കോവിഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെ അവഗണിക്കുന്നില്ല.
ആരോഗ്യമേഖല ആരോഗ്യസംരക്ഷണ സേവനങ്ങള്‍ നല്കുന്ന രീതിയെ വേഗത്തില്‍ മാറ്റിമറിച്ചു. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് വിര്‍ച്വല്‍ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.