- അഫ്ഗാനിലെ ഖത്തര്‍ എംബസി മുഖേന അമേരിക്ക കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കും
അശ്റഫ് തൂണേരി/ദോഹ:
രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് ശേഷം അമേരിക്കയും (America) താലിബാനും (Taliban) തമ്മില്‍ നയതന്ത്രനീക്കുപോക്കിന് സാധ്യത തെളിയുന്നു. ഖത്തര്‍ (Qatar) ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ( US Secretary of State ) ആന്റണി ബ്ലിങ്കനും (Antony Blinken) തമ്മില്‍ വാഷിംഗ്ടണില്‍ ( Washington, DC) വെച്ച് ഏര്‍പ്പെട്ട കരാര്‍ പ്രകാരമാണ് ഇരു രാജ്യങ്ങളും ഭാവിയില്‍ നേരിട്ട് ഇടപഴകാനുള്ള സാധ്യത തെളിഞ്ഞതെന്ന് അല്‍ജസീറ ഉള്‍പ്പെടെ അന്താരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍പ്രകാരം ഖത്തറിനെ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സാന്നിധ്യവും ‘ശക്തിയും’ സംരക്ഷിക്കുന്ന രാജ്യമായി പരിഗണിക്കും.
അഫ്ഗാനിലെ ഖത്തര്‍ എംബസി മുഖേന അമേരിക്ക ചില കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കും. പാസ്പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കല്‍, ഡോക്യുമെന്റേഷനായുള്ള നോട്ടറി സേവനങ്ങള്‍, വിവിധ വിവരങ്ങള്‍ നല്കല്, അടിയന്തര ഘട്ടങ്ങളില്‍ സഹായിക്കല്‍ എന്നിവ ഈ ഓഫീസ് മുഖേനയായിരിക്കും. അമേരിക്കയുടെ നയതതന്ത്ര നീക്കങ്ങളും സുരക്ഷാ നിരീക്ഷണവും അഫ്ഗാനിലെ ഖത്തര്‍ എംബസിയില്‍ അമേരിക്ക സ്ഥാപിക്കുന്ന ഈ പ്രത്യേക വിഭാഗം മുഖേനയായിരിക്കും. അമേരിക്കയുടെ സ്പെഷല്‍ എമിഗ്രന്റ് വിസ (എസ്.ഐ.വി) അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന എണ്ണായിരം അഫ്ഗാന് പൗരന്മാര്ക്ക് ഖത്തറില്‍ താത്കാലിക താമസം ഏര്‍പ്പെടുത്തും. അല്‍ഉദൈദ് എയര്‍ബേസിലും അല്സൈലിയയിലുമായിരിക്കും ഈ സംവിധാനമൊരുക്കുക. അമേരിക്കന്‍ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിച്ച 124,000 പേരില്‍ പകുതിയോളം പേരെ ദോഹയിലൂടെയായിരുന്നു ഒഴിപ്പിച്ചത്.
നൂറുകണക്കിന് അമേരിക്കന്‍ പൗരന്മാര്ക്കും മറ്റുള്ളവര്‍ക്കുമായി ഖത്തര്‍ എയര്‍വേയ്സിന്റെ 15 ചാര്‍ട്ടര്‍ വിമാനങ്ങളും ഖത്തര്‍ ഏര്‍പ്പെടുത്തുകയുണ്ടായി. എമിഗ്രെന്റ് വിസ അപേക്ഷകര്‍ക്കുള്ള ചാര്‍ട്ടര്‍ വിമാന സേവനങ്ങള്‍ ഖത്തര്‍ തുടരും. താലിബാന് കാബൂള്‍ പിടിച്ചടക്കിയതോടെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും അവരുടെ എംബസികള്‍ അടച്ചുപൂട്ടുകയും നയതന്ത്രജ്ഞരെ പിന്‍വലിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും താലിബാനെ ഔപചാരികമായി അംഗീകരിക്കാന്‍ വിമുഖത കാണിക്കുകയുണ്ടായി. രാഷ്ട്രീയ മാന്യത കാണിക്കുന്നില്ലെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയമാണെന്നും പല രാജ്യങ്ങളും ആരോപിച്ചു.
2013-ലാണ് അഫ്ഗാനിസ്ഥാന് പുറത്ത് താലിബാന്റെ ഏക ഓഫീസ് ദോഹയില്‍ സ്ഥാപിച്ചത്. 2018-ലാണ് അമേരിക്കയും താലിബാനും തമ്മിലുള്ള നേരിട്ട് ചര്‍ച്ചകള്‍ക്കുള്ള വേദിയായി ദോഹ മാറിയത്. 2020 ഫെബ്രുവരിയില്‍ ഇരുവരും ഒപ്പുവച്ച കരാറാണ് ആഗസ്തിലാണ് യു.എസ് നാറ്റോ സഖ്യസേന അഫ്ഗാനില്‍ നിന്ന് പിന്മാറാന് കാരണമായത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സര്‍ക്കാരിലേക്ക് നയിക്കുന്നതിനുള്ള അഫ്ഗാന് ആഭ്യന്തര ചര്‍ച്ചകള്‍ക്ക് അടിത്തറ പാകുന്നതായിരുന്നു ആ കരാര്‍. ഇതുപ്രകാരം അഫ്ഗാന് പ്രതിനിധികളും താലിബാനും തമ്മില്‍ ദോഹയില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.