in , ,

ഖത്തര്‍ 200 റിയാലിന്റെ കറന്‍സി അവതരിപ്പിച്ചു: നിലവിലെ നോട്ടുകള്‍ പുതിയ രൂപത്തില്‍

ഡിസംബര്‍ പതിനെട്ടു മുതല്‍ പുതിയ കറന്‍സികള്‍ വിപണിയില്‍

ക്യുസിബി പുറത്തിറക്കിയ ഖത്തര്‍ റിയാല്‍ അഞ്ചാംസീരിസിന്റെ പൊതുചിത്രം

ദോഹ: ഖത്തറില്‍ 200 റിയാലിന്റെ കറന്‍സി അവതരിപ്പിച്ചു. കൂടാതെ നിലവിലെ നോട്ടുകളുടെ പുതിയ പതിപ്പും പുറത്തിറക്കി. രൂപമാറ്റങ്ങളോടെയും ഏറെ സവിശേഷതകളോടെയുമാണ് പുതിയ നോട്ടുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് 200 റിയാലിന്റെ കറന്‍സി പുറത്തിറക്കിയത്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ്(ക്യുസിബി) 200 റിയാലിന്റെ കറന്‍സിയും മറ്റു നോട്ടുകളുടെ അഞ്ചാം സീരിസും പുറത്തിറക്കിയത്. ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായിക്കൂടിയാണ് പുതിയ കറന്‍സി സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. ദേശീയദിനമായ ഡിസംബര്‍ പതിനെട്ടു മുതല്‍ പുതിയ റിയാല്‍ കറന്‍സികള്‍ വിപണിയില്‍ ലഭ്യമായിരിക്കും. പുതിയ സീരീസ് അവതരിപ്പിച്ചുവെങ്കിലും പഴയ നോട്ടുകള്‍ പ്രചാരത്തിലുണ്ടാകും. മൂന്ന് മാസം വരെ പ്രാദേശിക ബാങ്കുകളിലൂടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. അതിനുശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നു മാത്രമെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാകൂ. നിലവില്‍ 1, 5, 10, 50, 100, 500 റിയാലിന്റെ കറന്‍സികളാണ് രാജ്യത്ത് ലഭ്യമായിട്ടുള്ളത്. ഇവയുടെ പുതിയ പതിപ്പിനൊപ്പം 200 റിയാലിന്റെ കറന്‍സിയും 18 മുതല്‍ രാജ്യത്ത് ലഭ്യമാകും. ഡിസംബര്‍ 18 വെള്ളിയാഴ്ച പുലര്‍ച്ചെ 12.01 മുതല്‍ പൊതുജനങ്ങള്‍ക്ക് എടിഎമ്മുകളില്‍ നിന്ന് പുതിയ നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയും.

പുതിയ സീരിസിന്റെ സവിശേഷതകള്‍

പുതിയ 200, 500 റിയാല്‍ കറന്‍സികള്‍

200 റിയാലിന്റെ കറന്‍സിയില്‍ ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍താനിയുടെ കൊട്ടാരം, ഖത്തര്‍ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ട് എന്നിവയുടെ ദൃശ്യങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. 500 റിയാലിന്റെ കറന്‍സിയില്‍ റാസ് ലഫാന്‍ എല്‍എന്‍ജി റിഫൈനറി, എല്‍എന്‍ജി കാന്റര്‍ ഷിപ്പ് എന്നിവയുടെ ചിത്രങ്ങളാണുള്ളത്. 100 റിയാലിന്റെ കറന്‍സിയില്‍ അബു അല്‍ഖുബൈബ് പള്ളിയുടെ ചിത്രമാണുള്ളത്. 50റിയാലിന്റെ കറന്‍സിയില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ കെട്ടിടത്തിന്റെയും ധനമന്ത്രാലയത്തിന്റെ കെട്ടിടത്തിന്റെയും ദൃശ്യങ്ങളാണുള്ളത്. പത്തു റിയാലിന്റെ പുതിയ കറന്‍സിയില്‍ ലുസൈല്‍ സ്റ്റേഡിയം, ടോര്‍ച്ച് ടവര്‍(ആസ്പയര്‍ സോണ്‍), സിദ്ര മെഡിസിന്‍, എജ്യൂക്കേഷന്‍ സിറ്റി(ഖത്തര്‍ ഫൗണ്ടേഷന്‍) എന്നിവയുടെ ദൃശ്യങ്ങളാണുള്ളത്. ഒരു റിയാലിന്റെ കറന്‍സിയില്‍ പരമ്പരാഗത പായ്ക്കപ്പല്‍, പവിഴത്തിന്റെയും മുത്തുച്ചിപ്പിയുടെയും ശില്‍പ്പം എന്നിവയും അഞ്ചു റിയാലിന്റെ ബാങ്ക് നോട്ടില്‍ അറബ് കുതിരകള്‍, ഒട്ടകങ്ങള്‍, ഒറിക്‌സ്, അല്‍ഖത്വാഫ് സസ്യങ്ങള്‍, അറബ് കൂടാരം എന്നിവയുടെ ദൃശ്യങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളാണ് നോട്ടുകളുടെ മുന്‍ഭാഗത്തെ ഡിസൈനുകളുടെ പൊതുസവിശേഷത. ഖത്തര്‍ ദേശീയ പതാക, ഖത്തരി സസ്യജാലങ്ങള്‍(ദ്രീമ), ചരിത്രപരമായ ഖത്തരി വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്ന അലങ്കാരസമാനമായ കവാടം എന്നിവയും കറന്‍സികളുടെ പൊതുസവിശേഷതയാണ്. ഖത്തരി പാരമ്പര്യം, ഇസ്ലാമിക് ചരിത്രം, സസ്യജീവജാലങ്ങള്‍, വിദ്യാഭ്യാസം, കായികം, സമ്പദ് വ്യവസ്ഥയുടെ പുരോഗതി എന്നിവയെ അടിസ്ഥാനപ്പെടുത്തിയ ഡിസൈനാണ് കറന്‍സികളുടെ പിന്‍ഭാഗത്തെ പൊതുസവിശേഷത.

മറ്റു പ്രത്യേകതകള്‍

നൂറു റിയാല്‍

ക്യുസിബി പുറത്തിറക്കിയ ഖത്തര്‍ റിയാല്‍ കറന്‍സികളുടെ പുതിയ സീരിസില്‍ 64 അത്യാധുനിക സുരക്ഷാ സവിശേഷതകള്‍ ഉണ്ടായിരിക്കും. നൂതനമായ ക്രമീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ചയും കേള്‍വിയുമില്ലാത്തവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലാണ് അഞ്ചാംസീരിസിന്റെ രൂപകല്‍പ്പന. കാഴ്ചാ, കേള്‍വി ശക്തിയില്ലാത്തവര്‍ക്ക് സ്പര്‍ശനത്തിലൂടെ നോട്ടുകള്‍ തിരിച്ചറിയാനാകും. ഇതിനായി അക്കങ്ങള്‍ക്കു പുറമെ പ്രത്യേകം തിരശ്ചീന രേഖകള്‍ നോട്ടുകളില്‍ അച്ചടിച്ചിട്ടുണ്ട്. കറന്‍സി വെളിച്ചത്തിനെതിരെ പിടിക്കുമ്പോള്‍ നോട്ടിന്റെ മൂല്യം കാണാനാകും. പ്രകാശത്തിനു അഭിമുഖമായി നോട്ട് പിടിക്കുമ്പോള്‍ മുന്‍ഭാഗത്ത് അപൂര്‍ണമായ രൂപഘടനയും പിന്‍വശത്ത് കറന്‍സിയുടെ മൂല്യവുമായിരിക്കും പ്രതിഫലിക്കുക. നോട്ട് വെളിച്ചത്തിനെതിരെ പിടിച്ചാല്‍ വാട്ടര്‍മാര്‍ക്കായി ഖത്തര്‍ ദേശീയ ചിഹ്നവും സംഖ്യാരൂപത്തില്‍ നോട്ടിന്റെ മൂല്യവും കാണാന്‍ കഴിയും. ഓരോ സുരക്ഷാത്രെഡുകളിലും നോട്ടിന്റെ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ടാകും. നോട്ടുകള്‍ ചരിച്ച് പിടിച്ചാല്‍ ഹോളോഗ്രാമിന്റെയും സെക്യൂരിറ്റി ത്രെഡിന്റെയും രൂപമാറ്റങ്ങളും ദൃശ്യമാകും.കൂടാതെ അലങ്കരിച്ച കവാടത്തിലെ പുഷ്പം നിറം മാറുന്നതും പുഷ്പത്തിനുള്ളില്‍ വൃത്തം ചലിക്കുന്നതും കാണാന്‍ കഴിയും

ഖത്തര്‍ കറന്‍സി ചരിത്രം

അന്‍പത് റിയാല്‍

1966വരെ ഇന്ത്യന്‍ രൂപയാണ് ഗള്‍ഫ് രൂപയുടെ രൂപത്തില്‍ ഖത്തര്‍ കറന്‍സിയായി ഉപയോഗിച്ചിരുന്നത്. 1966ല്‍ ഇന്ത്യ രൂപയുടെ മൂല്യം കുറച്ചപ്പോള്‍ ഖത്തറും ഗള്‍ഫ് രൂപ ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളും സ്വന്തം കറന്‍സി അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1973 മേയ് 19 മുതലാണ് ഖത്തര്‍ സ്വന്തമായി ഖത്തരി റിയാല്‍ എന്ന പേരില്‍ നോട്ടുകള്‍ പുറത്തിറക്കിയത്. അന്ന് 1, 5, 10, 100, 500 റിയാലിന്റെ നോട്ടുകളാണ് ഇറക്കിയത്. 1976ലാണ് 50 റിയാലിന്റെ നോട്ട് പുറത്തിറക്കിയത്. നോട്ടുകളുടെ നാലാമത് പതിപ്പിലെ 500 റിയാലിന്റെ നീല നിറത്തിലുള്ള നോട്ടില്‍ ഫാല്‍ക്കണിന്റെ തലയും ദോഹയിലെ ഖത്തര്‍ റോയല്‍ പാലസിന്റെ ചിത്രവുമാണുള്ളത്. നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് നാലാമത് സീരീസ് ഇറങ്ങിയത്. അന്നിറക്കിയ ബാങ്ക് നോട്ടുകളില്‍ ചില പുതിയ രൂപമാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഖത്തറിന്റെ ദേശീയ മുദ്ര കാണാനാവുന്ന വിധത്തില്‍ സുതാര്യമായൊരു പാളി കൂടി ഉള്‍പ്പെടുത്തിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ പുതിയ കോവിഡ് രോഗികൾ 134

ഇന്നത്തെ (2020 ഡിസംബര്‍ 13) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…