
ദോഹ: ആഗോള മത്സരക്ഷമതാ റിപ്പോര്‍ട്ടിലെ ആകെ മത്സരക്ഷമതാ സൂചികകളില്‍ ആഗോളതലത്തില്‍ ഖത്തര്‍ പതിനാലാമത്. 63 രാജ്യങ്ങളാണ് പട്ടികയില്‍ ഇടംനേടിയത്. ലോക സാമ്പത്തിക പ്രകടനത്തില്‍ ആഗോളതലത്തില്‍ ഖത്തറിന് ആറാം സ്ഥാനവും കൈവരിക്കാനായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (ഐഎംഡി) രാജ്യാന്തര മത്സരക്ഷമതാ കേന്ദ്രത്തിന്റ റിപ്പോര്‍ട്ടിലാണ് മികച്ച മുന്നേറ്റം കൈവരിക്കാന്‍ ഖത്തറിനായത്.
വിവിധ മേഖലകളിലെ ഖത്തറിന്റെ ശക്തമായ പ്രകടനം റാങ്കിങില്‍ പ്രതിഫലിക്കുന്നുണ്ട്. ദേശീയ സ്ഥിതിവിവരക്കണക്കുകളും ഖത്തറിന്റെ സമ്പദ്വ്യവസ്ഥാ മത്സര കാലാവസ്ഥയെക്കുറിച്ച് സാമ്പിള്‍ ബിസിനസ്സ് മാനേജര്‍മാരുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിങ്. സര്‍ക്കാര്‍ കാര്യക്ഷമതയില്‍ ഏഴാം റാങ്കും വ്യവസായ മേഖലയുടെ കാര്യക്ഷമതയില്‍ 11-ാം റാങ്കും നേടാനായി.
അടിസ്ഥാനസൗകര്യവികസന ഹബ്ബിന്റെ കാര്യത്തില്‍ 40-ാമതാണ് ഖത്തര്‍. ശക്തമായ സാമ്പത്തിക പ്രകടനം, കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക്, മൊത്ത സ്ഥിര മൂലധന രൂപീകരണത്തിന്റെ ഉയര്‍ന്ന ശതമാനം, മൂലധന നിക്ഷേപം, ജിഡിപിയിലേക്കുള്ള ലാഭിക്കല്‍ എന്നിവയുള്‍പ്പടെ നിരവധി ഘടകങ്ങള്‍ ഖത്തറിന്റെ റാങ്കിങിലെ മികവിന് കാരണമായിട്ടുണ്ട്. കുറഞ്ഞ തൊഴിലില്ലായ്മാനിരക്ക്, മൂലധന നിക്ഷേപം എന്നിവയിലെല്ലാം ഒന്നാം സ്ഥാനത്താണ് ഖത്തര്‍. ജിഡിപിയുമായുള്ള വ്യാപാര മിച്ചത്തിന്റെ ശതമാനത്തിലും ഉയര്‍ന്ന ഉത്പാദനക്ഷമതയിലും ഒന്നാം സ്ഥാനത്താണ് ഖത്തര്‍. ഐഎംഡിയും പ്ലാനിങ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും തമ്മിലുള്ള തുടര്‍സഹകരണത്തിന്റെ ഭാഗമായാണ് ആഗോള മത്സരക്ഷമതാ ബുക്ക് 2020ലെ ഖത്തറിന്റെ പങ്കാളിത്തം. പന്ത്രണ്ടാം തവണയാണ് ഐഎംഡി മത്സര ഇയര്‍ബുക്കിലേക്ക് ഖത്തറിന്റെ സംഭാവന.
വിവിധ മേഖലകളിലെ ഖത്തറിന്റെ ഉയര്‍ന്ന രാജ്യാന്തര നിലവാരം ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെന്ന് ആസൂത്രണ സ്ഥിതിവിവരക്കണക്ക് അതോറിറ്റി ചെയര്‍മാന്‍ ഡോ.സാലിഹ്് ബിന്‍ മുഹമ്മദ് അല്‍നാബിത് പറഞ്ഞു. റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഫലങ്ങള്‍ മൊത്തത്തിലുള്ള മികച്ച പ്രകടനത്തെ സ്ഥിരീകരിക്കുന്നു. കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയാന്‍ ഫലങ്ങള്‍ തീര്‍ച്ചയായും സഹായിക്കുകയുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിശീര്‍ഷ ജിഡിപി ആഗോള സൂചികയില്‍ മികച്ച മുന്നേറ്റം കൈവരികക്കാന്‍ ഖത്തറിനായി. ലോകത്തില്‍ തന്നെ ഏറ്റവും കുറവ് നാണയപ്പെരുപ്പമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍.
ഇക്കാര്യത്തില്‍ റാങ്കിങില്‍ മൂന്നാംസ്ഥാനമാണ്. വിലക്കയറ്റം കുറയ്ക്കുന്നതില്‍ മികച്ച പ്രകടനമാണ് രാജ്യത്തിന്റേത്. തൊഴില്‍ സൂചിക, ഇന്ധനവില, തൊഴില്‍ ഉത്പാദനക്ഷമത എന്നിവയുടെ കാര്യത്തിിലും പുരോഗതി നേടാനായി. റാങ്കിങിലെ ഖത്തറിന്റെ മുന്നേറ്റം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ കരുത്താണ് തെളിയിക്കുന്നത്.