
ദോഹ: ഖത്തറിലെ കോവിഡ്-19 മരണനിരക്ക് ലോകത്തിലെതന്നെ ഏറ്റവും താഴ്ന്നനിരക്കുകളില്‍ ഒന്നാണെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) വിദഗ്ദ്ധന്‍ ചൂണ്ടിക്കാട്ടി. ജിസിസി മേഖലയില്‍ കോവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ ഖത്തര്‍ രണ്ടാംസ്ഥാനത്താണ്. കോവിഡ് കേസുകളുടെ എണ്ണം 10,000ലധികമായെങ്കിലും മരണനിരക്ക് വളരെ കുറവാണ്. ഇതുവരെ പത്തുപേര്‍ മാത്രമാണ് മരിച്ചത്. കേവലം 0.1ശതമാനം മാത്രം. ലോകത്തിലെതന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണിത്. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഖത്തര്‍ കംപ്യൂട്ടിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ(ക്യുസിആര്‍ഐ) ശാസ്ത്രജ്ഞനായ ഡോ. നാന്‍ ടാങ് പറഞ്ഞു.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ എഐയുടെയും ബിഗ് ഡാറ്റാ വിശകലനത്തിന്റെയും പങ്ക് എടുത്തുകാണിക്കുന്നതിനായി ഖത്തര്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ക്യുസിഎഐ) ആരംഭിച്ച വെബിനാര്‍ സീരീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനം നല്‍കുന്ന മികച്ച പരിചരണത്തിലേക്കാണ് കുറഞ്ഞ മരണനിരക്ക് വിരല്‍ചൂണ്ടുന്നത്. മാത്രമല്ല പോസിറ്റീവ് കേസുകളില്‍ ആയിരത്തിലധികം പേര്‍ സുഖംപ്രാപിച്ചു. രാജ്യം നല്‍കുന്ന കാര്യക്ഷമമായ ചികിത്സയുടെ മറ്റൊരു ഫലമാണ്- അദ്ദേഹം വിശദീകരിച്ചു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട നിരവധി വശങ്ങള്‍ ചര്‍ച്ച ചെയ്ത വെബിനറില്‍ ക്യുസിആര്‍ഐയിലെ മറ്റൊരു ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് അമിന്‍ സാദെഗിയും പങ്കെടുത്തു.
റിസര്‍ച്ച് ഡയറക്ടര്‍ ഡോ.സജ്ഞയ് ചൗള മോഡറേറ്ററായിരുന്നു. ക്യുസിആര്‍ഐ സ്ഥാപക എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.അഹമ്മദ് കെ അല്‍മാഗര്‍മിഡ് പ്രതിനിധികളെ സ്വാഗതം ചെയ്തു.
ആഗോളതലത്തില്‍ കോവിഡ്-19 കേസുകളുടെ എണ്ണം ഉയര്‍ന്ന നിലയിലേക്കെത്തിയത് വിവിധ ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാമെന്ന് ഡോ. ടാങ് ചൂണ്ടിക്കാട്ടി. അടുത്ത രണ്ടാഴച കൂടി കേസുകള്‍ ഉയരുകയും അതിനുശേഷം താഴ്‌ന്നേക്കാമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു. വൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നതുവരെ പകര്‍ച്ചവ്യാധിയുടെ പുനരുജ്ജീവനമുണ്ടായേക്കാമെന്ന് ലോകംഇതുവരെ കണ്ട മുന്‍ പകര്‍ച്ചവ്യാധികളുടെ മാതൃക പരാമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്പുണ്ടായിരുന്ന ഇത്തരം നിരവധി മഹാമാരികളില്‍ മൂന്ന് തരംഗങ്ങള്‍ ദൃശ്യമായിരുന്നു. ആദ്യത്തേതിനേക്കാള്‍ വിനാശകരമായിരുന്നു തുടര്‍ന്നുള്ള ചക്രങ്ങള്‍. 1918ലെ മഹാമാരിക്കും എച്ച്1എന്‍1നും മൂന്നു തരംഗങ്ങളുണ്ടായിരുന്നു. ഈ രണ്ടു കേസുകളിലും രണ്ടാമത്തെയും മൂന്നാമത്തെയും തരംഗങ്ങള്‍ ആദ്യതരംഗത്തേക്കാള്‍ വിനാശകരമായിരുന്നു. കോവിഡ് -19ന്റെ കാര്യത്തില്‍ അത്തരമൊരു സാഹചര്യം ആവര്‍ത്തിച്ചാല്‍ ആദ്യ തരംഗം ശമിച്ചതിനുശേഷം കൂടുതല്‍ തരംഗങ്ങള്‍ ഉണ്ടാകാം- ഡോ. ടാങ് അഭിപ്രായപ്പെട്ടു. കോവിഡ് -19 ലോകമെമ്പാടും ഗണ്യമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അത്തരം വളര്‍ച്ചയ്ക്ക് കൂടുതല്‍ കാലം തുടരാനാവില്ലെന്നും ഡോ.സാദെഗി വിശദീകരിച്ചു.
വൈറസിന്റെ പുനരുത്പാദനം നിര്‍ത്തണം. വൈറസ് പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സാമൂഹിക അകലമാണ്. ഇറ്റലിയില്‍ തുടക്കത്തില്‍ വ്യാപനം 4.8ശതമാനമായിരുന്നു. 45 ദിവസങ്ങള്‍ക്കുശേഷം സാമൂഹിക അകലം, ലോക്ക്്ഡൗണ്‍ എന്നിവയുടെ ഫലമായി 1.5ശതമാനമായി കുറഞ്ഞു. 90ദിവസങ്ങള്‍ക്കുശേഷം 0.5% ആയി വ്യാപനം വീണ്ടും കുറഞ്ഞു.
എന്നിരുന്നാലും വേനല്‍ക്കാലത്ത് വൈറസ് പുനരുല്‍പാദന നിരക്ക് കുറയുകയും ശൈത്യകാലത്ത് ഇത് കൂടുതല്‍ ഉയരുകയും ചെയ്യും- അദ്ദേഹം എടുത്തുപറഞ്ഞു. വരുംദിവസങ്ങളില്‍ അഞ്ചു വെബിനറുകള്‍ കൂടി സംഘടിപ്പിക്കുമെന്ന് ക്യുസിഎഐ അറിയിച്ചു.