
ദോഹ: മിഡില്‍ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക(മെന) മേഖലയിലെ ഏറ്റവും സാമാധനമുള്ള രാജ്യമായി ഖത്തറിനെ വീണ്ടും തെരഞ്ഞെടുത്തു. ഓസ്ട്രേലിയയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്റ് പീസിന്റെ ആഗോള സമാധാന സൂചിക 2020 പട്ടികയില്‍ ആഗോളതലത്തില്‍ 27-ാം സ്ഥാനത്താണ് ഖത്തര്‍.
സമാധാനവും സുസ്ഥിരതയും വിലയിരുത്തി 160ലധികം രാജ്യങ്ങളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. 1.616 ആണ് ഖത്തറിന്റെ സ്കോര്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഖത്തറിനായി. മേഖലയില്‍ സമാധാനാന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ കുവൈത്താണ്.
ഇത്തവണ ആഗോളതലത്തില്‍ 39-ാം സ്ഥാനത്താണ് കുവൈത്ത്. ജിസിസി രാജ്യങ്ങളില്‍ യു.എ.ഇയ്ക്ക് 41-ാം സ്ഥാനവും ഒമാന്‍ 68-ാം സ്ഥാനവുമാണുള്ളത്. 110-ം സ്ഥാനത്താണ് ബഹ്റൈന്‍. ജിസിസിയില്‍ ഏറ്റവും അവസാന സ്ഥാനം സഊദി അറേബ്യയ്ക്കാണ്.. ആഗോളപട്ടികയില്‍ 128-ാം സ്ഥാനത്താണ് സഊദി അറേബ്യ. കഴിഞ്ഞവര്ഷംം റാങ്കിങില്‍ 129-ാം സ്ഥാനത്തായിരുന്നു സഊദി.
ഈജിപ്ത് 130-ാം സ്ഥാനത്താണ്. മൂന്ന് മേഖലകളിലായി 23 വ്യത്യസ്ഥ സൂചകങ്ങള്‍ പരിശോധിച്ചാണ് ഗ്ലോബല്‍ പീസ് ഇന്‍ഡെക്സ് പട്ടിക തയ്യാറാക്കിയത്. സമൂഹത്തിനിടയിലെ സുരക്ഷിതത്വത്തിന്റെയും വിശ്വാസ്യതയുടെയും പഠനം, ആഭ്യന്തരവും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രശ്നങ്ങള്‍, രാജ്യത്ത് നടപ്പാക്കുന്ന സൈനീകവത്കരണത്തിന്റെ കണെക്കുടുപ്പ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ് തയാറാക്കുന്നത്. ആഗോളതലത്തില്‍ ശാന്തിയും സമാധാനവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഐസ്ലന്ഡിനാണ് ഒന്നാം സ്ഥാനം. ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ, ഡെന്മാര്ക്ക്, കാനഡ, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക്ക്, ജപ്പാന്, സ്വിറ്റ്സര്‍ലന്റ് എന്നിവയാണ് രണ്ടു മുതല്‍ പത്തുവരെ സ്ഥാനങ്ങളിലുള്ളത്.
മെന മേഖലയില്‍ ഏറ്റവുമധികം സ്കോര്‍ മെച്ചപ്പെടുത്തിയ രാജ്യങ്ങളില്‍ ഖത്തറും ഇടംനേടി. രാഷ്ട്രീയ തീവ്രവാദം, ആഭ്യന്തരസംഘര്‍ഷങ്ങളുടെ തീവ്രത, കൊലപാതകനിരക്ക്, തീവ്രവാദത്തിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയുടെ കുറവിന്റെ അടിസ്ഥാനത്തിലാണ് സ്കോറില്‍ മാറ്റമുണ്ടാകുന്നത്. ഇക്കാര്യങ്ങളിലെല്ലാം വലിയ മുന്നേറ്റം കൈവരിക്കാന്‍ ഖത്തറിനായി. ഏറ്റവും സുരക്ഷിതവും സാമൂഹികമായ സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മെനയില്‍ ഒന്നാമതും ആഗോളതലത്തില്‍ 16-ാം സ്ഥാനത്തുമാണ് ഖത്തര്‍.
അക്രമം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍. ആഗോള സമാധാന സൂചികയില്‍ ഏറ്റവും കുറവ് സമാധാനമുളള രാജ്യം അഫ്ഗാനിസ്താനാണ്. റാങ്കിങില്‍ ഏറ്റവും ഒടുവിലാണ് അഫ്ഗാനിസ്താന്. സിറിയ, ഇറാഖ്, ദക്ഷിണ സുഡാന്, യമന്‍, സൊമാലിയ, ലിബിയ, കോംഗോ എന്നിവയാണ് സമാധാനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.