in

കോവിഡ് പ്രതിരോധം: ബഹുരാഷ്ട്ര സഹകരണ ഗ്രൂപ്പില്‍ പങ്കുചേര്‍ന്ന് ഖത്തര്‍

ദോഹ: കോവിഡ് പ്രതിരോധിക്കുന്നതിനായുള്ള ബഹുരാഷ്ട്ര സഹകരണ ഗ്രൂപ്പില്‍ പങ്കുചേര്‍ന്ന് ഖത്തര്‍. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയെ നേരിടുന്നതിനായി ആഗോളസുരക്ഷക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓഫ് സോളിഡാരിറ്റിക്ക് കഴിഞ്ഞദിവസം തുടക്കംകുറിച്ചു.
ന്യുയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന വിര്‍ച്വല്‍ ചടങ്ങില്‍ ഖത്തറിനു പുറമെ ദക്ഷിണകൊറിയ, കാനഡ, ഡെന്‍മാര്‍ക്ക്, സിയാറ ലിയോണ്‍ രാജ്യങ്ങള്‍ പങ്കെടുത്തു.
ആഗോളപ്രാധാന്യമുള്ള ആരോഗ്യപ്രശ്‌നങ്ങളും നൂതന മാര്‍ഗങ്ങളും ഗ്രൂപ്പ് പരിശോധിക്കും. യുഎന്‍ അംഗരാജ്യങ്ങള്‍ക്കിടയിലും സഹകരിച്ചുപ്രവര്‍ത്തിക്കും. നാലു രാജ്യങ്ങളുമായി ചേര്‍ന്ന് പുതിയ ഗ്രൂപ്പിനു തുടക്കംകുറിക്കാനായതിലും പങ്കാളികളാകാനും ഖത്തറിനു സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ഇത്തരമൊരു ഗ്രൂപ്പ് ഈ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവിധതരത്തിലുള്ള ബഹുമുഖ സഹകരണത്തിലൂടെ കോവിഡിനോടു എങ്ങനെ ഫലപ്രദമായി പ്രതികരിക്കാമെന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനുള്ള പ്രധാനവേദിയായിരിക്കും ഈ ഗ്രൂപ്പ്.
ഈ സംഘത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയും വിദേശകാര്യമന്ത്രി വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ ഈ സന്ദര്‍ഭത്തില്‍ ബഹുമുഖ സഹകരണം വര്‍ധിപ്പിക്കേണ്ടത് സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മികച്ച രീതികളും മനസിലാക്കിയ പാഠങ്ങളും കൈമാറുന്നതിന് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണ്. കൂട്ടായ പ്രതികരണം ശക്തിപ്പെടുത്തുന്നതിനും അംഗരാജ്യങ്ങള്‍ക്കിടയില്‍ ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തറിന്റെ ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടാകും.
ലോകത്തിന് പരാജയപ്പെടാന്‍ കഴിയാത്ത ഒന്നാണ് കോവിഡിനെതിരായ യുദ്ധം.
എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും മികച്ച രീതിയില്‍ പുനര്‍നിര്‍മിക്കുകയും ചെയ്തില്ലെങ്കില്‍ വിജയിക്കില്ല- വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ദക്ഷിണ കൊറിയ, കാനഡ, ഡെന്‍മാര്‍ക്ക്, സിയറ ലിയോണ്‍ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രവാസികള്‍ക്ക് നാട്ടിലെത്താന്‍ ഇന്‍കാസ് ഖത്തര്‍ വിമാന ടിക്കറ്റുകള്‍ നല്‍കും

1733 പേര്‍ക്കു കൂടി കോവിഡ്; 3356 പേര്‍ക്ക് രോഗം ഭേദമായി