Friday, September 18ESTD 1934

ആഘാതത്തില്‍ നിന്ന് മുക്തരാവാതെ എട്ടംഗ സംഘം; കരിപ്പൂരില്‍ രക്ഷക്കെത്തിയവരില്‍ ഖത്തര്‍ കെ എം സി സി പ്രവര്‍ത്തകരും

ആര്‍ റിന്‍സ്/ദോഹ:

”മിക്കവര്‍ക്കും അരക്കു കീഴ്‌പ്പോട്ടാണ് സാരമായി പരിക്കേറ്റത്. അപകടത്തിന്റെ ആഘാതത്തില്‍ കുഞ്ഞുങ്ങള്‍ തെറിച്ച് മുന്നിലേക്ക് വീണിരുന്നു. കാലു മുറിഞ്ഞവര്‍, തുടയെല്ല് പോയവര്‍, അവയവങ്ങള്‍ക്ക് തകരാറു പറ്റിയവര്‍..കാണാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. വല്ലാത്തൊരു അനുഭവമായിരുന്നു.” -ആഘാതത്തില്‍ നിന്ന് മുക്തരാവാതെ കണ്ണീരോര്‍മ്മകള്‍ പങ്കുവെക്കുകയാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയുണ്ടായ ദുരന്തത്തില്‍ രക്ഷാ ദൗത്യത്തില്‍ പങ്കാളികളായ ഒരു പറ്റം പ്രവാസി യുവാക്കള്‍. ഖത്തര്‍ കെ എം സി സി കൊണ്ടോട്ടി മണ്ഡലം പ്രവര്‍ത്തകരായ എട്ടംഗ സംഘമാണ് അപകടമുണ്ടായി മിനുട്ടുകള്‍ക്കകം സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നത്. കോവിഡ് ലോക്ഡൗണ് കാലത്ത് നാട്ടില്‍ കുടുങ്ങിയവരും അടിയന്തിര സാഹചര്യത്തില്‍ പിന്നീട് നാടണഞ്ഞവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ബഷീര്‍ പൂപ്പയില്‍, സല്‍മാന്‍ കാരാളില്‍, അസ്‌കര്‍ കാരാളില്‍, സത്താര്‍ പൂപ്പയില്‍, മുഹമ്മദ് എന്ന മാനു, ജാഫര്‍ മമ്പരംപാടം, ജാഹിര്‍ മുഹമ്മദലി, നൗഫല്‍ എന്നിവര്‍ കഴിയാവുന്നത്ര പേരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

അപകടസ്ഥലത്ത് ആദ്യമെത്തിയത് പ്രദേശവാസികളായിരുന്നു. അവരുടെ വാഹനങ്ങളിലായിരുന്നു പരിക്കേറ്റവരെ ആസ്പത്രികളിലേക്ക് മാറ്റിയത്.
”വാഹനങ്ങളുമായി സംഭവസ്ഥലത്തേക്കെത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുളള സന്ദേശങ്ങള്‍ പ്രചരിച്ചതോടെ സമീപ സ്ഥലങ്ങളിലെ നിരവധി പേരെത്തി. ആ വാഹനങ്ങളിലാണ് എല്ലാവരെയും ആസ്പത്രികളിലേക്ക് മാറ്റിയത്.” ബഷീര്‍ വ്യക്തമാക്കുന്നു.

കണ്ടെയ്ന്‍മെന്റ് മേഖലയും കാലാവസ്ഥയും

കോവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് കൊണ്ടോട്ടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അപകടസ്ഥലത്തേക്ക് ഓടിയെത്താന്‍ ഇവര്‍ക്ക് അതൊന്നും തടസ്സമായില്ല. കോവിഡിനെയും പ്രതികൂല കാലാവസ്ഥയയെും മറികടന്നാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശവാസികള്‍ ഓടിയെത്തിയത്. ദുരന്തവേളയില്‍ കൈ മെയ് മറന്നുള്ള പ്രവര്‍ത്തനത്തിലൂടെയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായത്. നാട്ടുകാരുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ ദുരന്തത്തിന്റെ തീവ്രത കുറക്കാന്‍ സഹായകമായതായി സര്‍ക്കാര്‍ അതോറിറ്റികള്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് അന്നത്തേതെന്ന് സല്‍മാന്‍ കാരാളില്‍ പറയുന്നു. പരിക്കേറ്റവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിക്കാനും എല്ലാവരും കൈ മെയ് മറന്നു ശ്രമിച്ചു. തകര്‍ന്ന വിമാനത്തിനുള്ളിലെ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ ഇപ്പോഴും ഓര്‍മ്മകളെ വേട്ടയാടുന്നുവെന്ന് സല്‍മാന്‍ പറഞ്ഞു.

അറിയിച്ചത് വീട്ടില്‍ നിന്ന് കാഴ്ചകണ്ട മുനീര്‍; ഉടന്‍ ഓടിയെത്തി സംഘം

അപകടം നടക്കുമ്പോള്‍ കൊണ്ടോട്ടി ടൗണിലായിരുന്നു സല്‍മാനും സുഹൃത്തുക്കളും. സല്‍മാന്റെ മൂത്താപ്പയുടെ മകന്‍ മുനീറാണ് അപകടവിവരം ആദ്യമറിഞ്ഞത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ സമീപത്താണ് മുനീറിന്റെയും സല്‍മാന്റെയുമെല്ലാം വീടുകള്‍. നിര്‍മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ മുകളിലെ സിറ്റൗട്ടില്‍ നില്‍ക്കവെയാണ് വിമാനാപകടം മുനീര്‍ നേരിട്ടു കാണുന്നത്. സാധാരണ വേഗത കുറഞ്ഞ് അധികം ശബ്ദമില്ലാതെയാണ് വിമാനങ്ങള്‍ ലാന്റ് ചെയ്യാറുള്ളത്. എന്നാല്‍ വലിയ ശബ്ദത്തോടെ വിമാനം അതിവേഗതയില്‍ വരുന്നതാണ് കണ്ടതെന്ന് മുനീര്‍ പറയുന്നു. അപ്പോള്‍തന്നെ എന്തോ അപായ സൂചന അനുഭവപ്പെട്ടിരുന്നു. വലിയ ശബ്ദത്തോടെ വിമാനം ലാന്റ് ചെയ്യാന്‍ പോകുന്നുവെന്നാണ് ശബ്ദത്തില്‍ നിന്നും മനസിലായത്. വിമാനം വീണ്ടും പൊങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ വിമാനം താഴേക്കു വീഴുകയായിരുന്നുവെന്ന് മുനീര്‍ പറഞ്ഞു. സംഭവം കണ്ടയുടന്‍തന്നെ ബൈക്കെടുത്ത് പോയി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ സന്ദേശമയച്ച് എല്ലാവരെയും അറിയിച്ചു. വിവരമറിഞ്ഞയുടന്‍തന്നെ തങ്ങള്‍ സംഭവസ്ഥലത്തെത്തിയതായി സല്‍മാന്‍ പറഞ്ഞു.

പൊട്ടിത്തെറിക്കുമെന്ന് ഭയക്കാതെ

വിമാനത്തിന്റെ ഇന്ധനം ലീക്കായി പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. വിമാനം പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയൊന്നും കണക്കിലെടുക്കാതെ കഴിയാവുന്നത്ര പേരെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. അപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. കൊറോണ വൈറസ് രോഗമോ പൊട്ടിത്തെറിയെയോ ഒന്നും വകവെക്കാതെയാണ് എല്ലാവരും അവിടെയെത്തിയത്. വിമാനത്തിനുള്ളിലെ അവസ്ഥ വളരെ ദയനീയമായിരുന്നു. എല്ലാവരുടെയും കൂട്ടായ ശ്രമങ്ങളോടെ കുറഞ്ഞ സമയത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. അവസാന ആളെയും ആസ്പത്രിയിലെത്തിച്ചിട്ടാണ് മടങ്ങിയതെന്നും ഇവര്‍ വിശദീകരിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ക്വാറന്റൈന്‍; മാനുവിന് മൂന്നാം ‘ഏകാന്തവാസം’

രക്ഷാപ്രവര്‍ത്തനത്തിനുശേഷം വീടുകളിലേക്കു മടങ്ങുന്നതിനു പകരം ഇവരെല്ലാം ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് പോയത്. ഇവരില്‍ മുഹമ്മദ് എന്ന മാനുവാകട്ടെ മൂന്നാം ക്വാറന്റൈനിലാണ്. ഗള്‍ഫില്‍ നിന്ന് എത്തിയപ്പോഴും പിന്നീട് സുഹൃത്തിന്റെ ഭാര്യാ പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കാളിയാവുകയും മരിച്ചയാളിന് കോവിഡ് സംശയിക്കുകയും ചെയ്ത സാഹചര്യത്തിലുമായിരുന്നു നേരത്തെ ക്വാറന്റൈന്‍.
സന്നദ്ധസേവനങ്ങളില്‍ കെ എം സി സി പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ നാട്ടിലെ ലീഗ് പ്രവര്‍ത്തകര്‍ ഹമീദ് മണക്കടവന്‍, കാസിം കുമ്മാളി എന്നിവര്‍ ക്വാറന്റൈനിലും ഇവര്‍ക്കൊപ്പമാണ്.

error: Content is protected !!