പ്രതിഷേധ കാമ്പയിന് സംഘടിപ്പിക്കാന്‍ തീരുമാനം
ദോഹ: വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ രണ്ടു കോവിഡ് പരിശോധനകള്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു പരിശോധന മാത്രമായി ചുരുക്കണം. ഈ ആവശ്യം ഉന്നയിച്ച് പ്രതിഷേധ ക്യാംപയിന് സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രവാസികള്‍ വിദേശത്ത് നിന്ന്എയര്‍ ടിക്കറ്റ് എടുത്തതിന് ശേഷം യാത്രയുടെ 72 മണിക്കൂര്‍ മുന്‍പാണ് പരിശോധനക്ക് ഹാജരേകണ്ടത്.
ഇതിന്റെ ഫലം 24 മുതല്‍ 48 മണിക്കൂര്‍ വരെയുള്ള സമയത്തിലാണ് ലഭിക്കുക. ഫലം പോസിറ്റിവ് ആയാല്‍ യാത്ര മാറ്റി വെക്കേണ്ടതായി വരും. ഇത് പ്രവാസികള്‍ക്ക് അധികസാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതിനൊപ്പം മറ്റു പ്രയാസങ്ങളും സൃഷ്ടിക്കും. ടെസ്റ്റിന് ചിലവു വരുന്ന പണത്തിന് പുറമെ റീഫണ്ട് ചാര്‍ജും പ്രവാസികളെ ദുരിതത്തിലാക്കും. അതുകൊണ്ടുതന്നെ കോവിഡ് പരിശോധന നാട്ടിലെ വിമാനത്താവളങ്ങളില്‍ നടത്തുന്നതാണ് ഉചിതം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേഗത്തിലാക്കാന്‍ മുഴുവന്‍ പ്രവാസികളും ക്യാമ്പയിന്റെ ഭാഗമാകണമെന്ന് കെ.എം.സി.സി ആഹ്വാനം ചെയ്തു. കാമ്പയിന്റെ ഭാഗമായി പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ-മെയില്‍ അയക്കും. പ്രവാസികളുടെ പ്രയാസങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.