Thursday, January 21ESTD 1934
Shadow

ഖത്തര്‍ കെ എം സി സി നേതാവ് പി എം മൊയ്തീന്‍ മൗലവി നാട്ടില്‍ നിര്യാതനായി

പി.എം മൊയ്തീന്‍ മൗലവി

ദോഹ: വടകര താലൂക്കില്‍ മുസ്്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലെ പ്രധാന പങ്കാളിയും ഖത്തര്‍ കെ.എം.സി.സിയുടെ ഉന്നത നേതാക്കളിലൊരാളും സാമൂഹിക മത രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന വടകര, തോടന്നൂര്‍ പി.എം (പള്ളീന്റെ മീത്തല്‍) മൊയ്തീന്‍ മൗലവി (74)നാട്ടില്‍ നിര്യാതനായി. നേരത്തെ ചില അസുഖങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമായിരുന്നു മരണം. പരേതരായ പള്ളീന്റെ മീത്തല്‍ അമ്മദിന്റെയും (പാറോള്ളതില്‍) മറിയത്തിന്റെയും മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സക്കീന, റഷീദ് (ദുബൈ), റൈഹാനത്ത്, ജാഫര്‍ (ഖത്തര്‍). മരുമക്കള്‍: ഇഖ്ബാല്‍ മയങ്കളത്തില്‍, അസ്മ മുയിപ്പോത്ത്, സിറാജ് പയ്യോളി (ഖത്തര്‍), ഫാത്തിമത്ത് ഷാന.
സഹോദരങ്ങള്‍: മഹമൂദ് ഹാജി, പൂവുള്ളതില്‍ ഫാത്തിമ, പുതിയോട്ടില്‍ ഖദീജ, ചെള്ളച്ചേരി കുഞ്ഞാമി, പരേതരായ കോട്ടോള്ളപറമ്പത്ത് അയിശു, കുഞ്ഞബു ഹാജി, ഹസ്സന്‍ ഹാജി, ഇബ്രാഹീം ഹാജി. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അടുത്ത ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തില്‍ തോടന്നൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.
ഖത്തര്‍ കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ്, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് തിരുവള്ളൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് ട്രഷറര്‍ തുടങ്ങിയ ഒട്ടേറെ പദവികളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിരുന്നു. തോടന്നൂര്‍ മഹല്ല് പ്രസിഡന്റ്, തോടന്നൂര്‍ എം എല്‍ പി സ്‌കൂള്‍ മാനേജര്‍ പദവികള്‍ വഹിച്ചുവരികയായിരുന്നു. ഖത്തര്‍ ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപക നേതാക്കളിലൊരാളും നേതൃപദവി വഹിച്ചിരുന്ന വ്യക്തിത്വവുമാണ്. റഹ്മാനിയ്യ അറബിക് കോളേജ്, വില്ല്യാപള്ളി മുസ്ലിം യത്തീം ഖാന, മുട്ടില്‍ യത്തീം ഖാന തുടങ്ങിയ സ്ഥാപനങ്ങളുടെ ഖത്തറിലെ കമ്മിറ്റികളുടെ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു. കടമേരി റഹ്മാനിയ്യയുടേയും, കാഞ്ഞിരാട്ട് തറ വാഫി കോളേജിന്റെയും കമ്മിറ്റികളില്‍ അംഗമാണ്.

സൂം മുഖേന അനുശോചന യോഗം ഇന്ന് വൈകീട്ട് 7-ന്

രാഷ്ട്രീയ മത സാമൂഹിക രംഗത്തെ നിറസാന്നിധ്യമായ ഖത്തര്‍ കെ എം സി സിയുടെ അനിഷേധ്യ നേതാവായിരുന്ന പി എം മൊയ്തീന്‍ മൗലവിയുടെ വിയോഗം പ്രസ്ഥാനത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ഖത്തര്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. കോവിഡ് സുരക്ഷാ നടപടികള്‍ പാലിക്കേണ്ടതിനാല്‍ ഇന്ന് വൈകീട്ട് 7-ന് സൂം മുഖേന അനുശോചന യോഗം ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. (സൂം അനുശോചന യോഗത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ ലിങ്ക് ശ്രദ്ധിക്കുക):

Join Zoom Meetinghttps://us02web.zoom.us/j/88392434199
Meeting ID: 8839 2434 199

ദു:ഖത്തില്‍ പങ്കുചേരുന്നു

ദീര്‍ഘകാലം നേതൃരംഗത്ത് സ്തുത്യര്‍ഹമായി സേവനം അര്‍പ്പിച്ച പി.എം മൊയ്തീന്‍ മൗലവിയുടെ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നുവെന്ന് ദീര്‍ഘകാല സഹപ്രവര്‍ത്തകനും കുറ്റിയാടി എം എല്‍ എയുമായ ചന്ദ്രിക ഖത്തര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്്ദുല്ല അറിയിച്ചു. സമൂഹത്തിനെന്ന പോലെ വ്യക്തിപരമായ നഷ്ടം കൂടിയാണ് അദ്ദേഹത്തിന്റെ മരണമെന്നും പാറക്കല്‍ വിശദീകരിച്ചു. സംഘടനാ പ്രവര്‍ത്തകരുമായി വളരേയധികം ആത്മബന്ധം നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നു പി എം എന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ പറഞ്ഞു. ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍മാരായ പി എസ് എച്ഛ് തങ്ങള്‍, ഡോ.അബ്ദുസമദ്, ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് ഇന്‍ചാര്‍ജ് പി.കെ.അബ്ദുല്‍റഹീം, അംഗങ്ങളായ അടിയോട്ടില്‍ അഹമ്മദ്, കെ.സൈനുല്‍ ആബിദീന്‍, എം.പി.ഷാഫി ഹാജി, തായമ്പത്ത് കുഞ്ഞാലി, എ പി അബ്ദുര്‍റഹിമാന്‍ എന്നിവരും മറ്റ് അംഗങ്ങളും അനുശോചനം അറിയിച്ചു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി, കേരളാ ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട് ജില്ലാ കെ.എം.സി.സി, കുറ്റിയാടി, നാദാപുരം, വടകര മണ്ഡലം കമ്മിറ്റികള്‍ അനുശോചിച്ചു. കുറ്റിയാടി മണ്ഡലം കെ എം സി സിയുടെ കാരണവരാണ് മരണടഞ്ഞതെന്നും വിയോഗം വലിയ നഷ്ടമാണെന്നും കുറ്റിയാടി മണ്ഡലം കെ എം സി സി അനുശോചനക്കുറിപ്പില്‍ പറഞ്ഞു. നാദാപുരം നിയോജകമണ്ഡലം കെ എം സി സി ഇന്ന് നടത്താനിരുന്ന നാട്ടിലേക്ക് മടങ്ങുന്ന സി.കെ അബ്ദുല്ലക്കുള്ള യാത്രയയപ്പ് ചടങ്ങ് മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!