
ദോഹ: കോവിഡ് കാലത്ത് റദ്ദാക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സി നേതാക്കള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഖത്തര്‍ കണ്ട്രി മാനേജര്‍ ഡോ. ജയ്പ്രകാശ് യാദവുമായി ചര്‍ച്ച നടത്തി. നൂറു കണക്കിന് യാത്രക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കെ എം സി സി വിഷയത്തിലിടപ്പെട്ടതെന്ന് നേതാക്കള്‍ അറിയിച്ചു.
റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് 2021 ഡിസംബര്‍ വരെ പ്രസ്തുത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് 2022 ഡിസംബര്‍ വരെയെങ്കിലും നീട്ടണമെന്നും റീഫണ്ട് നല്കുമ്പോള് നേരിയ സര്‍വീസ് ചാര്‍ജ് മാത്രം ഈടാക്കി ബാക്കി മുഴുവന്‍ തുകയും റീ ഫണ്ട് നല്കാന് ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസ്തുത ടിക്കറ്റ് മറ്റൊരാള്‍ക്ക് യാത്രയ്ക്ക് ഉപയോഗിക്കന്‍ പറ്റുന്ന വിധത്തില്‍ മാറ്റുന്നതിനുള്ള അനുമതിയുണ്ടാവണം. പഴയ ടിക്കറ്റ് നിരക്കില്‍ തന്നെ യാത്ര ചെയ്യാനുള്ള അവസരം വേണം. യാത്ര ചെയ്യേണ്ട എയര്‍പോര്‍ട്ട് മാറ്റാനുള്ള അനുമതിയും നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അനുഭാവപൂര്‍വ്വമായ നടപടി ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് മാനേജര്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍, ആക്ടിംഗ് സെക്രട്ടറി റഹീസ് പെരുമ്പ, വൈസ് പ്രസിഡന്റ് ഒ. എ കരീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.