
- സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് പ്രധാനമന്ത്രിയുടെ ഉത്തരവ്
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിിയ സംഭവത്തില്‍ ഖത്തര്‍ അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനി നിര്‍ദേശിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ഹമദ് വിമാനത്താവളത്തില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ) പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്താവളത്തിലെ ഗാര്‍ബേജ് ബോക്‌സില്‍ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച് മാലിന്യങ്ങള്‍ക്കിടയില്‍ മറവുചെയ്ത രീതിയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ കൊലപാതക ശ്രമത്തില്‍നിന്നും പെണ്‍കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. നവജാത ശിശു ഇപ്പോള്‍ ദോഹയില്‍ മികച്ച ആരോഗ്യപരിചരണത്തില്‍ സുരക്ഷിതമാണ്- ജിസിഒ വ്യക്തമാക്കി. ഹമദ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇത്തരമൊരു അവസ്ഥയില്‍ നവജാത ശിശുവിനെ കണ്ടെത്തുന്നത് ആദ്യത്തെ സംഭവമാണ്. ഇത്തരമൊരുകാര്യം അങ്ങേയറ്റം മോശവും അതോടൊപ്പം ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തിലുള്ള നിയമലംഘനവുമാണ്. ഈ സാഹചര്യത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള വിമാനങ്ങളിലുള്‍പ്പടെ മാതാപിതാക്കളെ കണ്ടെത്തുന്നതിനായി ഉടന്‍തന്നെ തെരച്ചില്‍ തുടങ്ങി. ഭീകരമായൊരു കുറ്റകൃതൃത്തില്‍പ്പെട്ട കുറ്റവാളികള്‍ രക്ഷപെടാതിരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അടിയന്തരമായി തീരുമാനിച്ച് തെരച്ചില്‍ നടത്തിയത്. ഈ നടപടി മൂലം ഏതൊരു യാത്രക്കാരുടെയും വ്യക്തി സ്വതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റത്തിലോ ദുരിതത്തിലോ ഖത്തര്‍ ഖേദിക്കുന്നതായും ജിസിഒ പ്രസ്താവനയില്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണഫലങ്ങള്‍ രാജ്യാന്തര പങ്കാളികളുമായി പങ്കുവെക്കും. രാജ്യത്തുകൂടി സഞ്ചരിക്കുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷ, സൗഖ്യം എന്നിവ ഉറപ്പാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജിസിഒ വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് സിഡ്നിയിലേക്കുള്ള വിമാനത്തിലെ പതിമൂന്ന് ഓസ്ട്രേലിയന്‍ വനിതകളെ ആംബുലന്‍സില്‍ വൈദ്യപരിശോധന നടത്തിയതായി ഓസ്ട്രേലിയന്‍ ടെലിവിഷന്‍ ശൃംഖലയായ സെവന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യ- സാമൂഹിക പ്രവര്‍ത്തകരുടെ പ്രൊഫഷണല്‍ പരിചരണത്തില്‍ കുഞ്ഞ് സുരക്ഷിതമായി തുടരുകയാണ്. മാതാവിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളോ അറിവോ ഉള്ളവര്‍ hiamedia@hamadairport.com.qa എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഹമദ് വിമാനത്താവളം നേരത്തെ ആവശ്യപ്പെട്ടിരുന്നു.