
ഇപ്പോള്‍ രാജ്യത്തിനു പുറത്തുള്ളവര്‍ ഖത്തര്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കണം
ദോഹ: പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമുള്ള റിട്ടേണ്‍പെര്‍മിറ്റ് ഓട്ടോമാറ്റികായി ലഭിക്കുന്ന പുതിയ രീതിക്ക് തുടക്കമാവുന്നു. ഈ മാസം 29 മുതല്‍ രാജ്യം വിടുന്നവര്‍ക്ക് ഖത്തറില്‍ നിന്ന് പുറപ്പെടുന്നതോടെ തന്നെ തിരിച്ചുവരുന്നതിനുള്ള അനുമതി പത്രം ലഭ്യമാവും. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഇതിന്റെ പ്രിന്റ് ഔട്ട് യാത്രചെയ്യുന്നയാളിനോ തൊഴിലുടമക്കോ എടുക്കാവുന്നതാണ്. ഖത്തര്‍ പോര്‍ട്ടല്‍ വഴി റിട്ടേണ്പെര്മിറ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിനു് അതോടെ മാറ്റം വരും.
അതേസമയം ഇപ്പോള്‍ ഖത്തറിനു പുറത്തുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. അവര്‍ ഖത്തര്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിച്ച ശേഷം അനുമതി പത്രത്തിനായി കാത്തിരിക്കണം.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതിന്റെ ഘട്ടഘട്ടമായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ഖത്തര്‍ ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് (ജി സി ഒ) അറിയിച്ചു.
ക്വാറന്റൈന് ഒരാഴ്ചയായിരിക്കും. പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ ഗ്രീന്ലിസ്റ്റിലുള്പ്പെടെ രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് ഹോം ക്വാറന്റൈന് മതിയാവും. പങ്കിട്ടെടുക്കുന്ന ക്വാറന്റൈന് സൗകര്യമാണെങ്കില്‍ 2 ആഴ്ച വേണ്ടിവരും. ദോഹയിലേക്ക് തിരിച്ചുവരുന്നവര്‍ പുറപ്പെടുന്നതിന്റെ 48 മണിക്കറിനു മുമ്പ് ഖത്തര്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നും കോവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം പരിശോധന നടത്താത്തവരെ വിമാനത്താവളത്തില്‍ പരിശോധനാ വിധേയമാക്കും. ശേഷം ക്വാറന്റൈന് കാലയളവിലെ ആറാം ദിനവും പരിശോധിക്കും.