in

ഫലസ്തീനെയും ജറുസലേമിനെയുംകുറിച്ച് കൂടുതലറിയാന്‍ ഖത്തര്‍ നാഷണല്‍ ലൈബ്രറി അവസരമൊരുക്കുന്നു

ദോഹ: കുട്ടികളെയും ചെറുപ്പക്കാരെയും ഗവേഷണത്തിലും പഠനത്തിലും താല്പര്യമുള്ളവരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ വിവിധങ്ങളായ വേനല്‍ക്കാല പരിപാടികള്‍ ജൂലൈ മാസത്തിലുടനീളം സംഘടിപ്പിക്കുമെന്ന് ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍) അറിയിച്ചു. യുവജനങ്ങള്‍ക്കായി വിര്‍ച്വല്‍ സമ്മര്‍ക്യാമ്പ്, ഓപ്പണ്‍ ആക്‌സസ് ഫണ്ടിലേക്ക് ഗൈഡ്, ഫലസ്തീന്റെ കഥകള്‍, ജറുസലേമിലേക്കുള്ള യാത്ര എന്നിവയാണ് ജൂലൈയിലെ സവിശേഷമായ പരിപാടികളില്‍ ചിലത്.

ഫലസ്തീനെക്കുറിച്ച് എഴുതിയ സുപ്രധാന സാഹിത്യങ്ങള്‍, പ്രത്യേകിച്ചും നോവലുകള്‍, ഫിക്ഷനുകള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചാപരിപാടി ജൂലൈ 27ന് നടക്കും. ഫലസ്തീനെക്കുറിച്ച് സവിശേഷമായ രചനകള്‍ നിര്‍വഹിച്ച എഴുത്തുകാരിലേക്കും വെളിച്ചം വീശുന്നതായിരിക്കും ഈ പരിപാടി. ജറുസലേമിലേക്കുള്ള ഒരു യാത്ര എന്ന പരിപാടി 28ന് നടക്കും. ഫലസ്തീനിലെ ഈ പുണ്യനഗരത്തെക്കുറിച്ച് കൂടുതലറിയാന്‍ ഈ പരിപാടി സഹായിക്കും. ജറുസലേമിന്റെ പുണ്യം, ചരിത്രം, സംസ്‌കാരം, വാസ്തുവിദ്യ, പ്രകൃതിസമ്പത്ത് എന്നിവയും അമൂല്യതയും മനസിലാക്കാന്‍ ഉപകരിക്കുന്നതായിരിക്കും പരിപാടി.

ജൂലൈ മൂന്നിന് ലൈബ്രറിയില്‍ രണ്ടാമത് വിര്‍ച്വല്‍ യങ് അഡള്‍ട്ട്‌സ് സമ്മര്‍ ക്യാമ്പ് തുടങ്ങും. അടിസ്ഥാന വെബ് വികസനം ഉള്‍പ്പടെ ആവേശകരമായ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളായിരിക്കും ക്യാമ്പില്‍ ഒരുക്കുക. ജൂലൈ അഞ്ചിന് ലൈബ്രറിയുടെ ഓപ്പണ്‍ ആക്‌സസിന്റെ ചുമതലയുള്ള സാറ അബുസാദയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ആക്‌സസ് ഓതര്‍ ഫണ്ട് പരിചയപ്പെടുത്തും. ഖത്തറിലെ എഴുത്തുകാര്‍ക്ക് പ്രയോജനകരമായിരിക്കും ഈ പരിപാടി.

ഓപ്പണ്‍ ആക്‌സസ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ഫണ്ടിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതില്‍ മാര്‍ഗനിര്‍ദേശം നല്‍കും. ശരീര ഭാഷാ സ്‌പെഷ്യലിസ്റ്റുകളും ശരീരഭാഷയുടെ ലോകം എന്ന പുസ്തകത്തിന്റെ രചയിതാക്കളുമായസാറയും ഹജര്‍ അല്‍ഹജ്‌രിയും പങ്കെടുക്കുന്ന കപ്പ് ഓഫ് കോഫി പ്രതിമാസ പരിപാടി ജൂലൈ അഞ്ചിന് നടക്കും. സ്വയം പ്രകടനത്തിന് ശരീരഭാഷ ഉപയോഗിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഈ പരിപാടിയില്‍ ചര്‍ച്ച ചെയ്യും. ലൈബ്രറിയിലെ പുസ്തക പരിപാലന(ബുക്ക് കണ്‍സര്‍വേഷന്‍) സ്‌പെഷ്യലിസ്റ്റ് മാക്‌സിം നസ്‌റയുടെ പ്രഭാഷണം ജൂലൈ ആറിനാണ്. പൈതൃക വസ്തുക്കള്‍ ശാസ്ത്രീയവും നാശരഹിതവുമായ രീതിയില്‍ വിശകലനം നടത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്‌പെക്ട്രോസ്‌കോപ്പിക് സാങ്കേതികതകളെക്കുറിച്ചായിരിക്കും പ്രഭാഷണം.

ഇസ്‌ലാമിക രേഖകളുടെ പൈതൃകം സംരക്ഷിക്കാന്‍ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യക്തമാക്കുന്ന പ്രയോഗിക ഉദാഹരണങ്ങളുടെ അവതരണവും പ്രഭാഷണത്തിന്റെ ഭാഗമായുണ്ടാകും. ഈദുല്‍ അദ്ഹയുമായി ബന്ധപ്പെട്ട് കഥാസെഷനുകളും ജൂലൈയിലുടനീളമുണ്ടാകും. നബീലിന്റെ പുതിയ പാന്റുകള്‍ എന്ന രസകരമായ കഥാവതരണം ജൂലൈ 18ന് നടക്കും. ഈദിനായി പുതിയ വസ്ത്രങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ചാണ് ഈ കഥ. തുടര്‍ന്ന് കഥയുമായി ബന്ധപ്പെട്ട രസകരമായ പരിപാടിയും അരങ്ങേറും. ഇന്റര്‍നെറ്റ് സുരക്ഷയെക്കുറിച്ചുള്ള പ്രത്യേക സെഷന്‍ ജൂലൈ 19ന് നടക്കും. അടിസ്ഥാന ഓണ്‍ലൈന്‍ സുരക്ഷാ വൈദഗ്ദ്ധ്യം എന്ന വിഷയത്തിലാണ് സെഷന്‍. ഭീഷണികളില്‍നിന്നും ഓണ്‍ലൈന്‍ ഐഡന്റിറ്റിയും അക്കൗണ്ടുകളും സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് യുവജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ജൂലൈയില്‍ ദേശീയ ലൈബ്രറിയുടെ സമ്പൂര്‍ണപരിപാടികള്‍ അറിയാന്‍ സന്ദര്‍ശിക്കുക- www.qnl.qa/en/events.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മെട്രാഷ്-2 ആപ്പില്‍ ഇ-വാലറ്റ് സേവനം; തിരിച്ചറിയല്‍ രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ സൗകര്യം

ലോകകപ്പ് സുരക്ഷ: ഖത്തറും ഫിഫയും കരാര്‍ ഒപ്പുവെച്ചു