Saturday, October 19

ക്യുആര്‍സിഎസ് ഖത്തറിലെ 24,000 പേര്‍ക്ക് സഹായം ലഭ്യമാക്കി

Spread the love
മുന ഫാദല്‍ അല്‍സുലൈത്തി

ദോഹ: ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) മാനുഷിക സേവന ഫണ്ട് മുഖേന ഖത്തറിലെ 24,000 പേര്‍ക്ക് സഹായം ലഭ്യമാക്കി.
പതിവായി നല്‍കുന്ന സഹായം മുതല്‍ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കുള്ള പ്രത്യേക അടിയന്തര സഹായം വരെ നല്‍കു്ന്നുണ്ട്. എല്ലാ തലങ്ങളിലും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ക്യുആര്‍സിഎസ് ഖത്തരി സമൂഹത്തിനായി മാനുഷികവും വികസനപരവുമായ ദൗത്യം തുടരുകയാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

ക്യുആര്‍സിഎസ് ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഫണ്ടിലൂടെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിരവധി തരത്തിലുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും സമൂഹത്തില്‍ ഐക്യദാര്‍ഢ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിശുദ്ധ റമദാന്‍ മാസം പോലുള്ള ചില സമയങ്ങളില്‍ നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. പ്രകൃതിദുരന്തങ്ങളിലും മറ്റും വീടുകള്‍ നഷ്ടപ്പെട്ടവരോ തകര്‍ന്നവരോ ആയവര്‍ക്കും പണവും സഹായവും നല്‍കുന്നുവെന്ന് ക്യുആര്‍സിഎസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കുടുംബങ്ങളുടെ സ്ഥിരതയെ അപകടപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒറ്റത്തവണ സഹായവും നല്‍കുന്നു.

ബുദ്ധിമുട്ടുകള്‍ നേരിടുന്ന തൊഴിലാളികള്‍ക്കുള്ള സഹായം, നിരാലംബരായ കേസുകള്‍ക്ക് ഗതാഗത റീഫണ്ട് എന്നിവയും ലഭ്യമാക്കുന്നു. അനാഥകള്‍, വിധവകള്‍, വൃദ്ധര്‍, പ്രത്യേക ആവശ്യങ്ങളുള്ളവര്‍ എന്നിവരെപ്പോലെ ജോലി കണ്ടെത്താന്‍ കഴിയാത്ത സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ഗ്രൂപ്പുകളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ചാരിറ്റബിള്‍ പ്രോഗ്രാമാണ് ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് ഫണ്ടെന്ന് ക്യുആര്‍സിഎസിന്റെ വൊളന്റിയറിങൃ പ്രാദേശിക വികസന വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുന ഫാദല്‍ അല്‍സുലൈത്തി പറഞ്ഞു.

തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ദുര്‍ബലരായ കുടുംബങ്ങളെ സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ദാരിദ്ര്യത്തിന്റെയും പാര്‍പ്പിടമില്ലാത്തതിന്റെ ഉള്‍പ്പടെ അപകടങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനും ശ്രദ്ധ നല്‍കുന്നു. സാമ്പത്തിക അല്ലെങ്കില്‍ സാമൂഹിക സഹായം ആവശ്യമുള്ളവര്‍ക്കായാണ് ഈ പ്രോഗ്രാം നീക്കിവെച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.