in

2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വം: ഖത്തര്‍ ഔദ്യോഗികമായി ബിഡ് പ്രഖ്യാപിച്ചു

ദോഹ: 2027ലെ ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി ഖത്തറിന്റെ ബിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷ(ക്യുഎഫ്എ)നാണ് ഇക്കാര്യം അറിയിച്ചത്. 2027 ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് പ്രക്രിയ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍(എഎഫ്‌സി) അവസാനിപ്പിച്ചിരുന്നു. ഏഷ്യന്‍ കപ്പ് ആതിഥേയത്വത്തിനായി എഎഫ്‌സിക്ക് ലഭിച്ച അഞ്ചു ബിഡുകളിലൊന്ന് ഖത്തറിന്റേതാണ്.
ഇന്ത്യ, ഇറാന്‍, സഊദി അറേബ്യ, ഉസ്ബക്കിസ്താന്‍ രാജ്യങ്ങളാണ് ഖത്തറിനു പുറമെ ആതിഥേയത്വത്തിനായി ശ്രമിക്കുന്നത്. എഎഫ്‌സി ബിഡ് ഫയലുകള്‍ സ്വീകരിച്ചുതുടങ്ങുന്നതോടെ ക്യുഎഫ്എ സമഗ്രമായ ഫയല്‍ സമര്‍പ്പിക്കും. ബിഡിങ് പ്രക്രിയക്കനുസൃതമായി അഞ്ച് രാജ്യങ്ങളുമായും എഎഫ്‌സി ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാവരുടെയും രേഖകളും ഫയലുകളും വിശദമായി പഠിച്ച് വിലയിരുത്തിയശേഷം 2021ല്‍ 19-ാമത് ഏഷ്യന്‍കപ്പിനുള്ള ആതിഥേയ രാജ്യത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുമുമ്പ് 1988, 2011 വര്‍ഷങ്ങളിലാണ് ഖത്തര്‍ ഏഷ്യന്‍കപ്പിന് ആതിഥേയത്വം വഹിച്ചത്. 2022 ഫിഫ ലോകകപ്പിനുശേഷം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമം മികച്ച സ്റ്റേഡിയങ്ങളെയും യാത്രാ സൗകര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. നിലവിലെ ഏഷ്യന്‍കപ്പ് ജേതാക്കളാണ് ഖത്തര്‍. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കരുത്തരായ ജപ്പാനെ തോല്‍പ്പിച്ചാണ് ഖത്തര്‍ കിരീടം നേടിയത്. ഏഷ്യന്‍ കപ്പില്‍ പത്ത് തവണയാണ് ഖത്തര്‍ മത്സരിച്ചത്. ഇതില്‍ 2019ലെ കിരീട നേട്ടത്തിനു പുറമെ 2000ലും 2011ലും ക്വാര്‍ട്ടര്‍ വരെയെത്തിയിരുന്നു. ആ രണ്ടു തവണയും തോല്‍വിയായിരുന്നു ഫലം. 2022 ഫിഫ ലോകകപ്പിനുള്ള തയാറെടുപ്പുകളുടെ കാര്യത്തില്‍ ഖത്തര്‍ വളരെയധികം മുന്നിലാണ്. 2027 എഎഫ്സി ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടാനുള്ള ഖത്തറിന്റെ ശ്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്ന് ക്യുഎഫ്എ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ അല്‍അന്‍സാരി പറഞ്ഞു. പ്രധാന കായിക ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ വലിയ ആഗ്രഹം സ്ഥിരീകരിക്കുന്നതാണ് ഈ ബിഡ്. ഖത്തറിന്റെ അടുത്ത വലിയ ദൗത്യം 2022 ഫിഫ ലോകകപ്പാണ്. ഫിഫ ലോകകപ്പിനായി ഖത്തര്‍ നന്നായി തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ ഫെസ്റ്റിവല്‍ സിറ്റിയിലെ എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും തുറന്നു

സിഎഎ വ്യോമയാന ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു