
ദോഹ: പ്രഥമ കാര്‍ബണ്‍ രഹിത ലോകകപ്പ് യാഥാര്‍ഥ്യമാക്കുന്നതിനായി നടപടികള്‍ വേഗത്തിലാക്കി ഖത്തര്‍. ഫിഫ ലോകകപ്പിന്റെ സംഘാടനചുമതലയുള്ള സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ പരാമവധി കുറക്കുന്നതിനുതകുന്ന സാങ്കേതിക ക്രമീകരണങ്ങളാണ് ലോകകപ്പ് പദ്ധതികളില്‍ നടപ്പാക്കുന്നത്. ഖത്തറിന്റെ രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ഇതിനോടകം ആഗോള സുസ്ഥിരതാ റേറ്റിങ് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഗ്ലോബല്‍ സസ്റ്റെയ്നബിലിറ്റി അസെസ്മെന്റ് സിസ്റ്റത്തിന്റെ (ജിഎസ്എഎസ്) പഞ്ചനക്ഷത്ര റേറ്റിങ്ങ് ലഭിച്ച ആദ്യ ലോകകപ്പ് സ്റ്റേഡിയമെന്ന നേട്ടം എജ്യൂക്കേഷന്‍ സിറ്റി നേടി. ജൂലൈയില്‍ അല്‍ഖോറിലെ അല്‍ബയ്ത് സ്റ്റേഡിയത്തിനും സമാനമായ പഞ്ചനക്ഷത്ര റേറ്റിങ്ങ് ലഭിച്ചിരുന്നു. നിര്‍മാണങ്ങളിലെ സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ സമീപനവും കാര്‍ബണ്‍ രഹിത സംവിധാനങ്ങളും സ്റ്റേഡിയങ്ങള്‍ക്ക് ഈ അംഗീകാരം ലഭിക്കാന്‍ കാരണമായിട്ടുണ്ട്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിസൗരോര്ജ പദ്ധതികള്‍ക്കും പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്നുണ്ട്. ഖത്തറിന്റെ ദേശീയ യൂട്ടിലിറ്റി കമ്പനിയായ കഹ്റാമ നിലവില്‍ പത്ത് സ്ക്വയര്‍മീറ്റര്‍ പ്ലോട്ടില്‍ 800 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് പദ്ധതി നടപ്പാക്കുന്നുണ്ട്. ലോകകപ്പിനുശേഷവും പ്ലാന്റ് ശുദ്ധമായ പുനരുപയോഗ ഊര്‍ജം പതിറ്റാണ്ടുകളോളം ഉത്പാദിപ്പിക്കാനാകും. ഖത്തര്‍ ലോകകപ്പ് കാര്‍ബണ്‍ ന്യൂട്രലാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സുപ്രീംകമ്മിറ്റി സുസ്ഥിരതാ- പാരിസ്ഥിതിക സീനിയര്‍ മാനേജര്‍ ബുദൂര്‍ അല്‍മീര്‍ പറഞ്ഞു. ശുദ്ധീകരിച്ച വെള്ളത്തിന്റെയും സാമഗ്രികളുടേയും പുനരുപയോഗം, ഉയര്‍ന്ന കാര്യക്ഷമതയിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സംവിധാനം, പ്രകാശ സംവിധാനങ്ങള്‍ക്കായി സോളര്‍ ഫോട്ടോവോള്‍ട്ടെയ്ക് പാനല്‍ ഉള്‍പ്പടെ പുനരുപയോഗ ഊര്‍ജങ്ങളുടെ ഉപയോഗം, തദ്ദേശീയ മരങ്ങളും ചെടികളും നട്ടുപിടിപ്പിച്ച ലാന്‍ഡ്സ്കേപ്പിങ് എന്നിവയും ലോകകപ്പ്് പദ്ധതികളില്‍ നടപ്പാക്കുന്നുണ്ട്. സോളര്‍ ഊര്‍ജവും സ്റ്റേഡിയങ്ങളില്‍ ഉപയോഗിക്കും. ലോകകപ്പിലേക്കായി 800 മെഗാവാട്ട് സോളര്‍ ഊര്‍ജ പ്ലാന്റാണ് ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്പറേഷന്(കഹ്റാമ) വികസിപ്പിക്കുന്നത്. ഫിഫയുമായി സഹകരിച്ച് സമഗ്രമായ കാര്‍ബണ്‍ ഇന്‍വെന്ററി തയ്യാറാക്കുന്നതും സുപ്രീം കമ്മിറ്റിയുടെ കാര്‍ബണ്‍ രഹിത പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2022 ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രസരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ടു സ്റ്റേഡിയങ്ങളിലായാണ് 2022 ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.