ദോഹ: ലോകത്തെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി രാജ്യമായ ഖത്തറിന്റെ ഇന്ധനോത്പാദന വിതരണ കമ്പനിയായ ഖത്തര്‍ പെട്രോളിയം പേര് മാറ്റി. ഇനി മുതല്‍ ഖത്തര്‍ എനര്‍ജി എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് കമ്പനി അറിയിച്ചു. ഖത്തര്‍ ഊര്‍ജ്ജ മന്ത്രിയും ഖത്തര്‍ എനര്‍ജി തലവനുമായ സഅദ് ഷെരീദ അല്‍കഅബി പുതിയ പേരും ലോഗോയും പ്രകാശനം ചെയ്തു. ‘നിങ്ങളുടെ ഊര്‍ജ്ജ പരിവര്‍ത്തന പങ്കാളി’ (യുവര്‍ എനര്‍ജി ട്രാന്സിഷന് പാര്‍ട്ണര്‍) എന്നതാണ് പുതിയ മുദ്രാവാക്യം. ഭാവിയിലേക്ക് പുതു ഊര്‍ജ്ജം പകരുന്ന മാറ്റങ്ങള്‍ക്കാണ് ഖത്തര്‍ എനര്‍ജി വിധേയമാവുക. കമ്പനിയുടെ ട്വിറ്റര്‍ ഉള്‍പ്പെടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തര്‍ എനര്‍ജി എന്നായി മാറി.
ഖത്തര്‍ വിഷന്‍ 2030-ന്റെ ഭാഗമായി ഖത്തര്‍ എനര്‍ജി പ്രവര്‍ത്തനങ്ങളിലും മുന്‍ഗണനകളിലും കാര്യമായ മാറ്റം വരുത്തും. പെട്രോളിയത്തേക്കാള്‍ ഗ്യാസ് ഉത്പ്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദ്രവീകൃത പ്രകൃതി വാതക രംഗത്ത് (എല്‍.എന്‍.ജി) ലോകത്ത് ഒന്നാം നിരയില്‍ നില്ക്കുന്ന ഖത്തര്‍ വാതക ഉത്പാദനത്തില്‍ പുതിയ കുതിപ്പിനൊരുങ്ങുകയാണെന്നും റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകള്‍ ഉള്‍പ്പെടെ ഇനി പുതിയ കമ്പനിയുടെ കീഴിലാണ് വരുന്നതെന്നും കമ്പനി ആസ്ഥാനത്തു നടന്ന വര്‍ത്താ സമ്മേളനത്തില്‍ സഅദ് ഷെരീദ അല്‍കഅബി വ്യക്തമാക്കി.

പരിസ്ഥിതി സൗഹൃദ പരമായ ഊര്‍ജ്ജത്തിന് ഊന്നല്‍ നല്‍കിയുള്ള വികസന പദ്ധതികളാണ് ഭാവിയില്‍ ഖത്തര്‍ എനര്‍ജിയുടെ ലക്ഷ്യം. എല്‍.എന്‍.ജി, പെട്രോകെമിക്കല്‍സ്, ഹീലിയം, ഫെര്‍ടിലൈസേഴ്സ്, സ്റ്റീല്‍, അലൂമിനിയം എന്നിവയാണ് കമ്പനിയുടെ നേരത്തമുതലുള്ള ഉത്പന്നങ്ങള്‍. 1974-ലാണ് ഖത്തര്‍ പെട്രോളിയം സ്ഥാപിതമായത്.