Tuesday, July 7ESTD 1934

ഖത്തര്‍ പെട്രോളിയം നൂറിലധികം എല്‍എന്‍ജി കപ്പലുകള്‍ സ്വന്തമാക്കുന്നു

  • ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറുകളില്‍ ക്യുപി ഒപ്പുവെച്ചു
ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരിദ അല്‍കഅബി കരാറുകളില്‍ ഒപ്പുവെക്കുന്നു

ദോഹ: ഖത്തര്‍ പെട്രോളിയം ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ കരാറുകളില്‍ ക്യുപി ഒപ്പുവെച്ചു. ഇതിന്റെ ഭാഗമായി നൂറിലധികം എല്‍എന്‍ജി കപ്പലുകള്‍ ക്യുപി സ്വന്തമാക്കും. ക്യുപിയുടെ ഭാവിയിലെ എല്‍എന്‍ജി കാരിയര്‍ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ലക്ഷ്യം. ക്യുപി കൊറിയയില്‍ എല്‍എന്‍ജി കപ്പല്‍ നിര്‍മാണശേഷി റിസര്‍വ് ചെയ്യുന്നതിനായി മൂന്നു സുപ്രധാനകരാറുകളിലാണ് ഏര്‍പ്പെട്ടത്. ക്യുപി ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വടക്കന്‍ പാടം വിപുലീകരണപദ്ധതി, അമേരിക്കയിലെ എല്‍എന്‍ജി വികസനപദ്ധതികള്‍ എന്നിവയെല്ലാം മുന്‍നിര്‍ത്തിയാണ് കൂടുതല്‍ കപ്പലുകള്‍ സ്വന്തമാക്കാനൊരുങ്ങുന്നത്.

കൊറിയയിലെ മൂന്നു പ്രമുഖ കപ്പല്‍ നിര്‍മാണകമ്പനികളുമായാണ് കരാറുകള്‍ ഒപ്പുവെച്ചത്. ദേവൂ ഷിപ്പ്ബില്‍ഡിങ് ആന്റ് മറൈന്‍ എന്‍ജിനിയറിങ്, ഹ്യുണ്ടായ് ഹെവി ഇന്‍ഡസ്ട്രിസ്, സാംസങ് ഹെവി ഇന്‍ഡസ്ട്രീസ് എന്നിവയുമായാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഈ മൂന്നു കമ്പനികളും 2027വരെ തങ്ങളുടെ എല്‍എന്‍ജി കപ്പല്‍ നിര്‍മാണശേഷിയുടെ വലിയൊരു ഭാഗം ഖത്തര്‍ പെട്രോളിയത്തിനായി നീക്കിവെക്കും. 2027 വരെയുള്ള ആഗോള എല്‍എന്‍ജി കപ്പല്‍ നിര്‍മാണത്തിന്റെ ഏകദേശം 60 ശതമാനവും ഖത്തര്‍ പെട്രോളിയം ഉറപ്പാക്കിയിട്ടുണ്ട്. ഖത്തര്‍ പെട്രോളിയത്തിന്റെ അടുത്ത ഏഴു മുതല്‍ എട്ടു വര്‍ഷത്തേക്കുള്ള എല്‍എന്‍ജി കപ്പല്‍ വ്യൂഹത്തിന്റെ ആവശ്യകത നിറവേറ്റാന്‍ കരാറിലൂടെ സാധ്യമാകും.

7,000 കോടി റിയാലില്‍ അധികം മൂല്യമുള്ള കരാറിലൂടെ നൂറിലധികം പുതിയ എല്‍എന്‍ജി കപ്പലുകളാണ് സ്വന്തമാക്കുന്നത്. ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സഅദ് ഷെരിദ അല്‍കഅബിയും കൊറിയന്‍ വാണിജ്യ വ്യവസായ ഊര്‍ജ മന്ത്രിയായ സുങ് യുന്‍ മോയും തമ്മിലാണ് കരാര്‍ ഒപ്പുവെച്ചത്. മൂന്ന് കൊറിയന്‍ കമ്പനി അധികൃതരുമായും കരാറില്‍ ഒപ്പുവെച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയുള്ള കരാര്‍ ഒപ്പുവെയ്ക്കല്‍ ചടങ്ങില്‍ ഖത്തര്‍ ഗ്യാസ് സിഇഒ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അല്‍താനിയും പങ്കെടുത്തു.

എല്‍എന്‍ജി വ്യവസായ ചരിത്രത്തില്‍ വെച്ചേറ്റവും വലിയ കരാറുകളാണ് ഖത്തര്‍ പെട്രോളിയത്തിന്റെ എല്‍എന്‍ജി ഗതാഗത ശ്രേണി പദ്ധതിയുടെ ഭാഗമായുള്ള ഈ കരാറുകള്‍. ഈ അസാധാരണ സമയങ്ങളില്‍പോലും വടക്കന്‍ പാടം വിപുലീകരണ പദ്ധതികളോടുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കരാറുകളെന്ന് സഅദ് ഷെരിദ അല്‍കഅബി പറഞ്ഞു. ഖത്തറിന്റെ എല്‍എന്‍ജി ഉത്പാദനശേഷി നിലവിലുള്ള 77 ദശലക്ഷം ടണ്ണില്‍നിന്നും 2027ഓടെ പ്രതിവര്‍ഷം 126 ദശലക്ഷം ടണ്ണായി ഉയര്‍ത്തുന്നതിനായി വടക്കന്‍പാടം വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുനീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍എന്‍ജി ഉത്പാദനശേഷി, ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്ന കപ്പലുകള്‍ മാറ്റിയെടുക്കുന്നതിനുള്ള ആവശ്യകത എന്നിവ നിറവേറ്റാന്‍ ഈ കരാറുകളിലൂടെ സാധിക്കും. പുതുതലമുറ ഇരട്ട ഇന്ധന എന്‍ജിനുകളായിരിക്കും പുതിയ എല്‍എന്‍ജി കപ്പലുകളുടെ പ്രധാന സവിശേഷത. ഇതോടെ ഈ കപ്പലുകളില്‍ എല്‍എന്‍ജിയെ ഇന്ധനമായി ഉപയോഗിക്കാനാകും. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030ന്റെ പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും കരാറിലൂടെ സാധിക്കും.

error: Content is protected !!