in

ഖത്തര്‍ പെട്രോളിയം മൂലധന, പ്രവര്‍ത്തന ചെലവുകള്‍ 30% കുറക്കും

ദോഹ: ദ്രവീകൃത പ്രകൃതിവാതക(എല്‍എന്‍ജി) ശേഷി കുത്തനെ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തുടരുകയാണെന്ന് ഖത്തര്‍ പെട്രോളിയം.
ഈ ദശകത്തിന്റെ പകുതിയോടെ ഉത്പാദനശേഷിയില്‍ വലിയതോതിലുള്ള വര്‍ധനവു വരുത്തുന്നതിനായി ഖത്തര്‍ പെട്രോളിയത്തിന്റെ മുന്‍നിശ്ചയപ്രകാരമുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ പെട്രോളിയം കൂടുതല്‍ അന്തര്‍ദേശീയ അപ്‌സ്ട്രീം വിപുലീകരണത്തിന് പദ്ധതിയിട്ടിരിക്കുകയാണ്.
പ്രധാന ഓഹരി പങ്കാളികളുമായി ചേര്‍ന്ന് ലോകമെമ്പാടും പര്യവേക്ഷണ ബ്ലോക്കുകള്‍ സ്വന്തമാക്കുന്നത് ഖത്തര്‍ പെട്രോളിയം തുടരുമെന്നും ഖത്തര്‍ ഊര്‍ജമന്ത്രി സഅദ് ശരീദ അല്‍കഅബിപറഞ്ഞു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആവശ്യകത ദുര്‍ബലപ്പെട്ടുവെങ്കിലും ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദകരായ ഖത്തര്‍ പെട്രോളിയം വാതക കയറ്റുമതി വെട്ടിക്കുറക്കില്ലെന്ന് അല്‍കഅബി വ്യക്തമാക്കി. യുഎസ്- ഖത്തര്‍ ബിസിനസ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കുറവ് മൂലം ഉത്പാദനം കുറക്കാന്‍ ഖത്തര്‍ നിര്‍ബന്ധിതരാകുമോയെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
ഉയര്‍ന്ന ഉത്പാദനച്ചെലവു കാരണം ഖത്തറിനു മുന്‍പു മറ്റു പല നിര്‍മാതാക്കളും ഉത്പാദനം വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരാകും. അതുകൊണ്ടുതന്നെ ഖത്തര്‍ ഉപാദനം വെട്ടിക്കുറക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ചെലവുചുരുക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് ജൂണില്‍ ഖത്തര്‍ പെട്രോളിയം മൂലധന, പ്രവര്‍ത്തനച്ചെലവുകള്‍ 30ശതമാനം കുറക്കുമെന്നും മന്ത്രി പറഞ്ഞു. ഖത്തര്‍ കുറഞ്ഞ ചെലവിലാണ് വാതകം ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വാതകവിലയിലെ കുറവിനെ ഫലപ്രദമായി നേരിടാന്‍ ഖത്തറിനാകും. ഇപ്പോള്‍ ഉത്പാദനം കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ഖത്തറിന്റെ പ്രതിവര്‍ഷ എല്‍എന്‍ജി ഉത്പാദനം 77 മില്യണ്‍ ടണ്ണാണ്. വിപുലീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉത്പാദനം 2025 ആകുമ്പോഴേക്കും 110 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ത്താനാണ് ഖത്തര്‍ പെട്രോളിയം ലക്ഷ്യമിടുന്നത്. 2027ല്‍ 126 ദശലക്ഷം ടണ്ണിനേക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ആ പദ്ധതികള്‍ തിര്‍ച്ചയായും തുടരുകയാണ്.
നിശ്ചയിക്കപ്പെട്ടതിനേക്കാള്‍ മുന്നിലാണ്, വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്- സാദ് ഷെരിദ അല്‍കഅബി പറഞ്ഞു. സമീപകാല സംഭവവികാസങ്ങള്‍ ഖത്തറിന് തടസ്സമാകില്ല. വിപണിയിലെ ആഘാതങ്ങളെ നേരിടാന്‍ സാധിക്കും. ഖത്തര്‍ വളരെ നല്ല സാമ്പത്തിക നിലയിലാണ്. ഇപ്പോഴും നല്ല നിക്ഷേപ അവസരങ്ങള്‍ തേടുകയാണ്. വരുംമാസങ്ങളില്‍ പദ്ധതിയുടെ മൂലധനച്ചെലവ് മനസിലാക്കിക്കഴിഞ്ഞാല്‍ എക്‌സോണ്‍ മൊബീല്‍, ഷെവ്റോണ്‍, കൊണോകോ ഫിലിപ്‌സ് എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ ടെന്‍ഡര്‍ പ്രക്രിയയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍പാട വികസനത്തിലെ സുപ്രധാന നാഴികക്കല്ലുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊര്‍ജ മേഖല ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പ്രതിസന്ധിക്കു മുമ്പുള്ള നിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്തെ ആഗോള മാന്ദ്യം വ്യവസായത്തെ ബാധിച്ചുകൊണ്ടിരിക്കെ ഒപെക് പ്ലസ് കരാറിന്റെ അഭാവവും എണ്ണവില ഇടിയാന്‍ കാരണമായി. ലോക്ക്ഡൗണ്‍ കാരണം ഡിമാന്‍ഡ് കുറയുന്നതിനു പുറമെ വടക്കേ അമേരിക്കയിലെ എണ്ണവില നെഗറ്റീവിലേക്കു മാറി.
മഹാമാരിയെ നേരിടാന്‍ ലോകമെമ്പാടുമുള്ള ലോക്ക്ഡൗണുകള്‍ കാരണം ലോക സമ്പദ് വ്യവസ്ഥകളില്‍ ഭുരിഭാഗവും ഈ വര്‍ഷം മാന്ദ്യത്തിലായിരിക്കും. ഒപെകില്‍ നിന്നും പുറത്തുപോയതില്‍ സന്തോഷമുണ്ടെന്നും ഖത്തര്‍ ചെറിയ നിര്‍മാതാക്കള്‍ മാത്രമാണെന്നും സംഘടനയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പറയുന്നില്ലെന്നും വാതക വ്യവസായം വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അല്‍കഅബി മറുപടി നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡിനെതിരായ പ്രതിരോധം: നാറ്റോയുടെ സംരംഭം സ്വാഗതാര്‍ഹമെന്ന് ഖത്തര്‍

സക്കാത്ത് ഫണ്ടിന്റെ സഹായം ലഭിച്ചത് 3,886 കുടുംബങ്ങള്‍ക്ക്