
ദോഹ: റഷ്യയിലെ കളിയാസ്വദകര്ക്കും ഫുട്ബോള്‍ ആരാധകര്‍ക്കും ഖത്തര്‍ 2022 ഫിഫ ലോകകകപ്പ് ഒരുക്കങ്ങളുടെ ആകര്‍ഷക കാഴ്ച കാണാം; സെന്റ്പീറ്റേഴ്സ്ബര്ഗിലെത്തിയാല് മതി. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് അന്തര്‍ദേശീയ സാമ്പത്തിക ഫോറത്തില്‍ (സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്‍ര്‍നാഷണല്‍ ഇക്ണോമിക് ഫോറം-എസ്.പി.ഐ.ഇ.എഫ്) ഖത്തര്‍ 2022 ഫിഫ ലോകകകപ്പ് മുന്നൊരുക്കങ്ങള്‍ ആകര്‍ഷകമായി അവതരിപ്പിക്കുകയാണ് സംഘാടക സമിതി. ദി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി (എസ് സി) ആണ് ഖത്തറിന്റെ ലോക കപ്പ് സംഘാടനത്തിനുള്ള വ്യത്യസ്തമായ ഒരുക്കങ്ങളെ പ്രത്യേക പവലിയനിലൂടേയും പരിപാടിയിലൂടേയും അവതരിപ്പിച്ചതെന്ന് എസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖത്തര്‍ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് അന്തര്‍ദേശീയ സാമ്പത്തിക ഫോറത്തില്‍ അതിഥി രാജ്യമാണ്. സ്റ്റേഡിയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ടൂര്‍ണ്ണമെന്റിനുള്ള അടിസ്ഥാന വികസന സൗകര്യങ്ങള്‍, സംഘാടക സമിതിയുടെ വിവിധ പദ്ധതികള്‍ എല്ലാം ഖത്തര്‍ പവലിയനില്‍ നിന്ന് മനസ്സിലാക്കാനാവും. സ്റ്റേഡിയത്തിന്റേതുള്പ്പെടെ ഡിസ്പ്ലേയുമുണ്ട്. ഫോറത്തില്‍ കായിക അനുബന്ധമായി നടന്ന സെഷനില്‍ സുപ്രീം കമ്മിറ്റി എക്സിക്യുട്ടീവ് ഡയരക്ടര്‍ ഫാത്തിമ അല്‍നുഐമി സംബന്ധിച്ചു.

അറബ് മേഖലയും മറ്റ് ലോക രാജ്യങ്ങളുമായുള്ള സാംസ്കാരിക വിനിമയത്തിന്റെ പാലം തീര്‍ക്കുകയാണ് ഖത്തര്‍ 2022 ലോക കപ്പെന്ന് ഫാത്തിമ വ്യക്തമാക്കി. മനുഷ്യരെ ഒത്തൊരുമയുടെ ലോകത്തേക്ക് കൊണ്ടുപോവാനുള്ളതു കൂടിയാണ് ലോക കപ്പ്. ഖത്തര്‍ 2022 ലോക കപ്പ് പുതിയൊരു നാഴികക്കല്ലാവുമെന്നതില് തര്‍ക്കമില്ല. കാരണം ലോകാടിസ്ഥാനത്തിലുള്ള മാനവിക, സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക മുന്നേറ്റങ്ങളുടെ പുതിയ സാധ്യതകളിലേക്ക് അത് വഴിതുറക്കുകയാണ്. സംഘാടക സമിതിയുടെ വിവിധ പരിപാടികളിലൂടെ തരുന്ന മികച്ച ഗുണഫലം അത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അവര്‍ വിശദീകരിച്ചു. 7 സ്റ്റേഡിയങ്ങള്‍, മെട്രോ, വ്യത്യസ്ത എക്സ്പ്രസ്സ്ഹൈവേ റോഡുകള്‍ തുടങ്ങിയവ ഇതിനകം ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പൂര്‍ത്തിയായിക്കഴിഞ്ഞു.

സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള മാക്സിമം അകലം 75 കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഒരു ദിനം ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ കാണികള്‍ക്ക് അവസരമുണ്ടാകും. മറ്റു ലോക കപ്പുകളില്‍ നിന്ന് ഭിന്നമായി കളിക്കാര്‍ക്ക് ഒരു വിമാനത്താവളത്തിലേക്ക് മാത്രം പറന്നാല്‍ മതിയാവും. മാത്രമല്ല ഒരു ഹോട്ടലില്‍ കളിയുടെ അവസാനം വരെ തങ്ങാനുമാവുമെന്നും സെന്റ്പീറ്റേഴ്സ്ബര്‍ഗ് ഫോറത്തിലെ ദോഹ ഹാളില്‍ നടന്ന ‘ബൃഹദ് സമ്പദ് വ്യവസ്ഥയും കായികമേഖലയുടെ സാമൂഹിക ഫലങ്ങളും’ എന്ന സെഷനില്‍ സംസാരിക്കവെ ഫാത്തിമ എടുത്തുപറഞ്ഞു.
