in ,

അമീറിന്റെ നിര്‍ദേശം: മൂന്നു രാജ്യങ്ങളിലേക്കു കൂടി ഖത്തര്‍ മെഡിക്കല്‍ സഹായമെത്തിച്ചു

ഖത്തറിന്റെ അടിയന്തര മെഡിക്കല്‍ സഹായം എത്യോപ്യയിലെത്തിച്ചപ്പോള്‍

ദോഹ: കൂടുതല്‍ സൗഹൃദ രാജ്യങ്ങളിലേക്ക് അടിയന്തരമായി മെഡിക്കല്‍ സഹായമെത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശിച്ചു. നോവല്‍ കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയെ നേരിടുന്നതില്‍ വിവിധ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിത്. ഇതേത്തുടര്‍ന്ന് ഉക്രെയ്ന്‍, മോള്‍ഡോവ, എത്യോപ്യ രാജ്യങ്ങളിലേക്ക് ഖത്തര്‍ അടിയന്തരമായി മെഡിക്കല്‍ സഹായമെത്തിച്ചു.
ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റിന്റെ(ക്യുഎഫ്എഫ്ഡി) നേതൃത്വത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് സഹായമെത്തിച്ചത്. മോള്‍ഡോവോയിലെത്തിച്ച ഖത്തറിന്റെ എട്ടര ടണ്‍ അടിയന്തര മെഡിക്കല്‍ സഹായം മോള്‍ഡോവ ആഭ്യന്തര മന്ത്രി പാവെല്‍ ഫിക്കോ, വിദേശകാര്യ മന്ത്രാലയം സ്‌റ്റേറ്റ് സെക്രട്ടറി ദുമിത്രു സുകോലന്‍, മോള്‍ഡോവോയിലെ ഖത്തര്‍ എംബസി ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്‌സ് ഹമദ് ബിന്‍ റാഷിദ് അല്‍അത്ബ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഏത്യോപ്യയിലെത്തിച്ച മെഡിക്കല്‍ സഹായം എത്യോപ്യ തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഡോ.എര്‍ഗോജ് തെസ്ഫായി, ആരോഗ്യ സഹമന്ത്രി ഡോ. ഡി. ദുജ്മ, എത്യോപ്യയിലെ ഖത്തര്‍ അംബാസഡര്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ദോസരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉക്രെയ്‌നില്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ, ഖത്തര്‍ അംബാസഡര്‍ ഹാദി ബിന്‍ നാസര്‍ അല്‍ഹജ്‌രി എന്നിവര്‍ ചേര്‍ന്ന് മെഡിക്കല്‍ സഹായം സ്വീകരിച്ചു. നേരത്തെ കസാഖിസ്താന്‍, അഫ്ഗാനിസ്താന്‍, ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന, നോര്‍ത്ത് മാസിഡോണിയ, സെര്‍ബിയ അല്‍ബേനിയ, കോംഗോ, അംഗോള, ഇറ്റലി, ഇറാന്‍, ചൈന, നേപ്പാള്‍, റുവാണ്ട, ടുണീഷ്യ, അള്‍ജീരിയ, സൊമാലിയ, അമേരിക്ക, യുകെ, ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്കും ഖത്തര്‍ മെഡിക്കല്‍ സഹായം അയച്ചു. ഖത്തരി വ്യോമസേന സൗഹൃദ രാജ്യങ്ങളില്‍ ഫീല്‍ഡ് ആസ്പത്രികള്‍ സജ്ജമാക്കുന്നുണ്ട്. ഇറ്റലിയില്‍ 500 കിടക്കകള്‍ വീതമുള്ള രണ്ടു ഫീല്‍ഡ് ആസ്പത്രികള്‍ ഖത്തര്‍ സജ്ജമാക്കി. ടുണീഷ്യയിലും ഫീല്‍ഡ് ആസ്പത്രി ഒരുക്കി. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിവിധ രാജ്യങ്ങളില്‍ ആരോഗ്യപരിരക്ഷയുടെ പുനസ്ഥാപനം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഭാവന നല്‍കുന്നുണ്ട്. ഈ പ്രസ്ഥാനങ്ങള്‍ക്കായി ഇതുവരെ 140 ദശലക്ഷം യുഎസ് ഡോളറാണ് സംഭാവന നല്‍കിയത്.
യുഎന്‍ വികസനപ്രോഗ്രാമിന്റെ(യുഎന്‍ഡിപി) ഇന്നൊവേഷന്‍ ലാബുമായും ഖത്തര്‍ സഹകരിക്കുന്നുണ്ട്. 47 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഈ പദ്ധതിയില്‍ കോവിഡിന്റെ പ്രതികൂല ഫലങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കോവിഡ് പ്രതിരോധിക്കുന്നതിനായുള്ള ബഹുരാഷ്ട്ര സഹകരണ ഗ്രൂപ്പിനും ഖത്തര്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്നുണ്ട്. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയെ നേരിടുന്നതിനായി ആഗോളസുരക്ഷക്കായി ഖത്തറിന്റെ പങ്കാളിത്തത്തില്‍ ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓഫ് സോളിഡാരിറ്റിക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
ഖത്തറിനു പുറമെ ദക്ഷിണകൊറിയ, കാനഡ, ഡെന്‍മാര്‍ക്ക്, സിയാറ ലിയോണ്‍ രാജ്യങ്ങളാണ് പങ്കാളികള്‍. ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിയും ഉള്‍പ്പടെയുള്ള സന്നദ്ധ പ്രസ്ഥാനങ്ങളും വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കോവിഡിനെ നേരിടുന്നതില്‍ രാജ്യാന്തരശ്രമങ്ങള്‍ക്ക് ഖത്തര്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. ഇരുപതിലധികം രാജ്യങ്ങളിലേക്ക് സഹായം കയറ്റിഅയച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഐവറി കോസ്റ്റില്‍ പര്യവേഷണം: ഖത്തര്‍ പെട്രോളിയം കരാര്‍ ഒപ്പുവെച്ചു

പ്രത്യേക വിമാനത്തില്‍ 275 ശ്രീലങ്കന്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങി