
ദോഹ: ഖത്തര്‍ സ്വന്തം ജനതക്ക് നല്‍കുന്നത് ഏറ്റവും മികച്ച പരിചരണമാണെന്നും പൗരന്‍മാരെ സ്വദേശത്തേക്ക് മടക്കിയെത്തിക്കാന്‍ എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും 62 കാരിയായ ഖത്തരി വനിത സബാഹ് ഉം സഊദ് സല്‍മാന്‍ ബിന്‍ ജാസിം അല്‍താനി. ഈജിപ്തിലെ കെയ്‌റോയില്‍ നിന്നും മടങ്ങിയെത്തി ദോഹയിലെ ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്ന അവര്‍ ഖത്തര്‍ ട്രിബ്യൂണിനോടു സംസാരിക്കവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
ഒരു മഹാമാരിയുടെ മധ്യത്തില്‍ ഒരു വിദേശരാജ്യത്ത് കുടുങ്ങുകയെന്നത് അത്യധികം സമ്മര്‍ദ്ദമോ ഉത്കണ്ഠയോ ഉളവാക്കുന്ന ഒന്നാണ്. അത്തരമൊരു സന്ദര്‍ഭത്തിലൂടെയാണ് സബാഹ് ഉംസൗദ് അല്‍താനി കടന്നുപോയത്. കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ കെയ്‌റോയിലായിരുന്നു. ഈജിപ്ത് വിമാനസര്‍വീസുകള്‍ നിര്‍ത്തുകയും വിമാനത്താവളങ്ങള്‍ അടക്കുകയും ചെയ്തതോടെ അവര്‍ അക്ഷരാര്‍ഥത്തില്‍ കെയ്‌റോയില്‍ കുടുങ്ങുകയായിരുന്നു.
എന്നാല്‍ ഈജിപ്തിലെ ഖത്തര്‍ എംബസി എല്ലാ പിന്തുണയും നല്‍കിയതിനാല്‍ എന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ ആശങ്കപ്പെട്ടിരുന്നില്ല- അവര്‍ പറഞ്ഞു. തന്റെ താപനില സാധാരണ നിലയേക്കാള്‍ കൂടുതലായതിനാല്‍ കെയ്റോയിലെ ഒരു ആസ്പത്രിയില്‍ എത്താന്‍ എംബസി പ്രത്യേക ഗതാഗതം ക്രമീകരിച്ചകാര്യവും അവര്‍ എടുത്തുപറഞ്ഞു. മറ്റു പതിനാറ് ഖത്തരി പൗരന്‍മാര്‍ക്കൊപ്പം കുവൈത്ത് എയര്‍വേയ്‌സിന്റെ ചാര്‍ട്ടേഡ് വിമാനത്തിലാണ് തിരികെയെത്തിച്ചത്. കെയ്‌റോയില്‍ നിന്നും ആദ്യം കുവൈത്ത് സിറ്റിയിലാണ് ഖത്തരി സംഘം ഇറങ്ങിയത്. അവിടെനിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് ദോഹയിലേക്ക് കൊണ്ടുവന്നത്. ഈജിപ്തിലെ ഖത്തര്‍ അംബാസഡര്‍ ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍സഹ്ലവിയെ അവര്‍ പ്രശംസിച്ചു. കെയ്റോയില്‍ നിന്ന് പുറപ്പെട്ടതിനുശേഷവും അംബാസഡര്‍ തങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി അവര്‍ പറഞ്ഞു. ഖത്തറില്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നുവെങ്കിലും വിദേശങ്ങളില്‍നിന്നും മടങ്ങിയെത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനിലായിരിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ അവര്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ തുടരുകയാണ്.
എല്ലാ ആഡംബര സൗകര്യങ്ങളും ആരോഗ്യസഹായവും ഭക്ഷണവും ലഭ്യമാക്കിയിട്ടും ഹോട്ടല്‍മുറിയില്‍ ഏകാന്തത അനുഭവിക്കുന്നതില്‍ അല്‍പ്പം ഭയമുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ മുറിയിലെ ജനാലക്കരികില്‍ നിന്നുകൊണ്ട് കോര്‍ണീഷിന്റെയും കടലിന്റെയും കാഴ്ച ആസ്വദിക്കാനാകുന്നു.
എന്റെ ആഗ്രഹ പ്രകാരം ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകുന്നു. എനിക്ക് എന്റെ മാതൃരാജ്യം വാഗ്ദാനം ചെയ്ത സൗകര്യങ്ങളിലും പരിചരണങ്ങളിലും തൃപ്തിയുണ്ട്. ക്വാറന്റൈനുശേഷം ഉടന്‍തന്നെ കുടുംബത്തിലേക്കു മടങ്ങും. രാജ്യത്തെക്കുറിച്ചും ജനങ്ങളോടുള്ള പെരുമാറ്റത്തിലും അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു. മാതാവിനെക്കുറിച്ച് ഒരു വിഷമവുമില്ലെന്നും കാരണം അവര്‍ നമ്മുടെ രാജ്യത്തിന്റെ സുരക്ഷിത കരങ്ങളിലാണെന്നും സബാഹ് ഉം സഊദ് സല്‍മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ മകള്‍ മെര്‍വത് ഇബ്രാഹിം പറഞ്ഞു.