
ദോഹ: ലോകത്ത് തന്നെ വലിയ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൊന്നായി ഖത്തറില്‍ ആരംഭിച്ച വാക്‌സിനേഷന്‍ സെന്റര്‍ മാറുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പുതുതായി വാണിജ്യ വ്യാവസായിക മേഖലക്കായി വിപുലമായ സൗകര്യങ്ങളോടെ വാക്‌സിനേഷന്‍ കേന്ദ്രം തുടക്കമിട്ടത്. പുതുതായി ലോകത്തെ ഏറ്റവും വലിയ ഒരു വാക്‌സിനേഷന്‍ കേന്ദ്രം കൂടി ആരംഭിച്ചതോടെ ഖത്തറില്‍ പ്രതിദിനം 40,000 വാക്‌സിന്‍ ഡോസുകള്‍ നല്‍കാനാവുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ അറിയിച്ചു. വിപുലമായ സംവിധാനങ്ങളോടെ ആരംഭിച്ച വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ്സ് ആന്റ് ഇന്‍ഡസ്ര്ടി സെക്ടര്‍ എന്ന കേന്ദ്രം ഖത്തര്‍ പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി സന്ദര്‍ശിച്ചു. ഈ കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം 25,000 ഡോസുകള്‍ നല്‍കാനാവും. 300 വാക്‌സിനേഷന്‍ സ്‌റ്റേഷനുകളാണുള്ളത്. 700 ജീവനക്കാര്‍ കേന്ദ്രത്തില്‍ ജോലി ചെയ്യും. ഈ കേന്ദ്രത്തിനു പുറമെ രാജ്യത്തെ 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ദിനേന 15,000 ഡോസുകള്‍ നല്‍കാനുള്ള സംവിധാനമുണ്ട്. പുതിയ വാക്‌സിനേഷന്‍ കേന്ദ്രത്തിലേയും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലേയും കപ്പാസിറ്റി പരിഗണിക്കുകയാണെങ്കില്‍ ഓരോ ദിവസവും 40,000 ഡോസുകള്‍ അനായാസം നല്‍കാനാവുമെന്ന് പ്രൈമറി ഹെല്‍ത് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.മറിയം അബ്ദുല്‍മാലിക് പറഞ്ഞു.
കോവിഡ് അനുബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ 95 ശതമാനം ഫലപ്രദമായവയാണ് ഫൈസര്‍, മൊഡേണ വാക്‌സിനുകളെന്നും അവയാണ് ഖത്തറില്‍ നല്‍കുന്നതെന്നും ദേശീയ ഹെല്‍ത് സ്ട്രാറ്റജി ഗ്രൂപ്പ് മേധാവി ഡോ.അബ്ദുല്‍ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാവാന്‍ ഇ-മെയിലില്‍ ബന്ധപ്പെടാം: QVC@hamad.qa
വിവിധ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു
ദോഹ: ലുസൈല്‍ കോവിഡ് 19 ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ കേന്ദ്രം ജൂണ്‍ 23-നും അല്‍വഖ്‌റയിലെ ഡ്രൈവ് ത്രൂ സെന്റര്‍ ജൂണ്‍ 30-നും ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ സംവിധാനം ജൂണ്‍ 29-നും അവസാനിപ്പിക്കുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വേണ്ടിയായിരുന്നു ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ കേന്ദ്രത്തിന് തുടക്കമിട്ടത്. അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ എന്നിവരുള്‍പ്പെടെ 600,000 പേരാണ് ഇവിടെ നിന്ന് വാക്‌സിന്‍ സ്വീകരിച്ചതെന്ന് പ്രൈമറി ഹെല്‍ത് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയരക്ടര്‍ ഡോ.മറിയം അബ്ദുല്‍മാലിക് പറഞ്ഞു.