Saturday, August 15ESTD 1934

അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയ്യക്ക് പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍

ദോഹ: അഫ്ഗാനിസ്താനിലെ സമാധാനപ്രക്രിയ്യക്കും ഇതില്‍ അഫ്ഗാന്‍ വനിതകളുടെ പങ്കാളിത്തത്തിനും പിന്തുണ ആവര്‍ത്തിച്ച് ഖത്തര്‍. സമാധാനവും സുസ്ഥിരതയും സ്ഥാപിക്കുന്നതിനായി അഫ്ഗാന്‍ കക്ഷികള്‍ക്കിടയിലെ അനുരജ്ഞന പ്രക്രിയ്യക്ക് നിരന്തരമായ പിന്തുണ നല്‍കുന്നതിലെ പ്രതിജ്ഞാബദ്ധതയും ഖത്തര്‍ വ്യക്തമാക്കി. വനിതകളും അഫ്ഗാന്‍ സമാധാന പ്രക്രിയ്യയും എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
അഫ്ഗാന്‍ പ്രഥമ വനിത റുല ഗാനി, അഫ്ഗാന്‍ വനിതാകാര്യ മന്ത്രി ഹസീന സാഫി, അഫ്ഗാന്‍ സര്‍ക്കാരിലെ കൂടിയാലോചന ടീം അംഗം ഹബീബ സരാബി എന്നിവര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
അഫ്ഗാനിസ്താനിലെ ശാശ്വത സമാധാനം ഖത്തറിന്റെ അടിസ്ഥാനവിഷയമാണ്. അഫ്ഗാനിസ്താനിലെ സമാധാന പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും സുഗമമാക്കുന്നതിനും ഖത്തര്‍ വലിയ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഫെബ്രുവരിയില്‍ അമേരിക്കയും താലിബാനും തമ്മില്‍ ദോഹയില്‍ സമാധാന കരാര്‍ ഒപ്പിടാന്‍ കാരണമായ ആ ശ്രമങ്ങളുടെ പ്രാധാന്യം ശൈഖ ആലിയ അല്‍താനി എടുത്തുപറഞ്ഞു. അഫ്ഗാനിസ്താനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയായി സുരക്ഷാ കൗണ്‍സില്‍ ഈ കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അഫ്ഗാനികള്‍, താലിബാന്‍, അഫ്ഗാനിസ്താന്‍ വിഷയത്തില്‍ താല്‍പ്പര്യമുള്ളവര്‍ എന്നിവരുമായി ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതാണ് കരാറെന്നും അവര്‍ ചൂണ്ടിക്കാട്ടി.

error: Content is protected !!