in , ,

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്; കുട്ടികള്‍ക്ക് മാളില്‍ പ്രവേശിക്കാം

  • 40 പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താം
  • ജൂണ്‍ 18 വെള്ളിയാഴ്ച മുതല്‍ പ്രാബല്യം

ദോഹ: കോവിഡ് നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് നല്‍കാന്‍ ഖത്തര്‍ മന്ത്രിസഭയുടെ തീരുമാനം. വെള്ളിയാഴ്ച മുതല്‍ (ജൂണ്‍ 18) കുട്ടികള്‍ക്ക് മാളുകളിലും പരമ്പരാഗത സൂഖുകളിലും പ്രവേശിക്കാന്‍ അനുമതി നല്‍കും. നിശ്ചിത എണ്ണം പേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താം. ഇതോടൊപ്പം വാക്‌സിനെടുക്കാത്ത തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ആഴ്ചതോറുമുള്ള റാപിഡ് ആന്റിജന്‍ പരിശോധനയും നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കോവിഡ് വന്ന് മാറിയവരേയും ഇതില്‍ നിന്ന് ഒഴിവാക്കുമെന്ന് കാബിനറ്റ് അഫയേഴ്‌സ് താത്കാലിക ചുമതലയുള്ള
നിയമ മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അല്‍ജാഫ്രി അല്‍നുഐമി അറിയിച്ചു.
കോവിഡ് രണ്ടാം വരവിനെത്തുടര്‍ന്ന് നടപ്പിലാക്കിയ സുരക്ഷാ ച്ട്ടങ്ങളില്‍ ഇളവു നല്‍കുന്നതിന്റെ രണ്ടാംഘട്ടമാണ് വെള്ളി മുതല്‍ നിലവില്‍ വരുന്നത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ വിദഗ്ദ്ധരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

ഇളവുകളും നിബന്ധനകളും ഇവയാണ്:

1-സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ എണ്‍പതു ശതമാനം തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ജോലിക്ക് ഹാജരാകാം. ബാക്കിയുള്ളവര്‍ വീടുകളിലിരുന്ന് ജോലി ചെയ്താല്‍ മതിയാവും. സര്‍ക്കാര്‍ മേഖലയില്‍ പട്ടാളം, സുരക്ഷാ വിഭാഗം, ആരോഗ്യ വിഭാഗം എന്നിവര്‍ക്ക് ഇത് ബാധകമല്ല. വാണിജ്യ വ്യവസായമന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബാധകമല്ല.

2- 15 പേര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളിലും അല്ലാതേയും യോഗം ചേരാം. 15 പേരില്‍ 10 പേര്‍ വാക്‌സിനേറ്റഡ് ആയിരിക്കണം. 15 പേരുടെ യോഗത്തില്‍ വാക്‌സിനെടുക്കാത്ത 5 പേര്‍ക്ക് പങ്കെടുക്കാം.

3-വാക്‌സിനെടുക്കാത്തവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആരോഗ്യമന്ത്രാലയം അംഗീകരിച്ച തരത്തിലുള്ള കോവ്ഡ് റാപിഡ് ആന്റിജന്‍ പരിശോധന നടത്തണം. കോവിഡ് രോഗം വന്ന് മാറിയവര്‍ക്ക് ആവശ്യമില്ല. ഇവര്‍ക്ക് വാക്‌സിന്‍ ആവശ്യമില്ലെന്ന് സംബന്ധമായ ആരോഗ്യമന്ത്രാലയ റിപ്പോര്‍ട്ട് വേണം.

4-വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം. ഇഹ്തിറാസ് ആപ് ആക്ടീവ് ആയിരിക്കണം.

5- വെള്ളിയാഴ്ചയും സാധാരണ ദിവസങ്ങളിലും പള്ളികള്‍ തുറക്കാവുന്നതാണ്. നിയന്ത്രണങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥന തുടരും. വുദു എടുക്കുന്ന സ്ഥലങ്ങളും ടോയ്‌ലെറ്റും അടഞ്ഞു തന്നെ കിടക്കും.

6-മജ്‌ലിസുകളിലും ഇന്‍ഡോറിലും വാക്‌സിനെടുത്ത പത്തു പേര്‍ക്ക് ഒത്തുചേരാം. വാക്‌സിനെടുക്കാത്തവരും എടുത്തവരുമാണെങ്കില്‍ മാക്‌സിമം 5 പേര്‍ക്ക് ഒത്തുചേരാം. ഔട്ട്‌ഡോര്‍ 20 വാക്‌സിനെടുത്തവര്‍ക്ക് ഒത്തുചേരാം. വാക്‌സിനെടുത്തവരും എടുക്കാത്തവരുമായി മാക്‌സിമം 10 പേര്‍ക്ക് ഒത്തുചേരാം.

7-വിവാഹത്തിന് 40 പേര്‍ക്ക് പങ്കെടുക്കാം. 75 ശതമാനം പേര്‍ വാക്‌സിനെടുത്തവരായിരിക്കണം.

8-കുടുംബാംഗങ്ങളായ 10 പേര്‍ക്ക് പാര്‍ക്കുകള്‍, ബീച്ചുകള്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ ഒത്തുചേരാന്‍ അനുമതിയുണ്ട്. സ്വകാര്യ ബീച്ചുകള്‍ 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. കളിസ്ഥലങ്ങളും വ്യായാമ പരിശീലന കേന്ദ്രങ്ങളും അടഞ്ഞുതന്നെ കിടക്കും.

9-വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരുമുള്‍പ്പെടെ നാലു പേരില്‍ കൂടുതല്‍ പാടില്ല. കുടുംബങ്ങള്‍ക്ക് ബാധകമല്ല.

10-ബസ്സുകളില്‍ പകുതി ശേഷിയില്‍ സുരക്ഷപാലിച്ച് യാത്രചെയ്യാം.

11-മെട്രോ, കാറും ബസ്സും ഉള്‍പ്പെടെ പൊതുഗതാഗത സേവനങ്ങള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

12-ഡ്രൈവിംഗ് സ്‌കൂളുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

13-സിനിമാ തിയേറ്ററുകള്‍ 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 75 ശതമാനം വാക്‌സിനെടുത്തവരായിരിക്കണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല.

14-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും 30 ശതമാനം ശേഷിയില്‍. പരിശീലകര്‍ വാക്‌സിനെടുത്തിരിക്കണം.

15-വാക്‌സിനെടുത്ത ജീവനക്കാര്‍ സഹിതം 30 ശതമാനം ശേഷിയില്‍ നഴ്‌സറികളും കുട്ടികളുടെ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം.

16-മ്യൂസിയവും ലൈബ്രറികളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

17-ഭിന്നശേഷിക്കാരുടെ സ്ഥാപനങ്ങള്‍ 5 കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എ്ന്ന നിലയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം.

18- പ്രൊഫഷണല്‍ പരിശീലന കേന്ദ്രങ്ങള്‍ ഇന്‍ഡോര്‍ 10 വാക്‌സിനെടുത്തവര്‍ക്കും ഔട്ട്‌ഡോറില്‍ 20 വാക്‌സിനെടുത്തവര്‍ക്കുമായി പ്രവേശനം നല്‍കാം.

19-അന്തര്‍ദേശീയ, ദേശീയ കായിക മത്സരങ്ങള്‍ 30 ശതമാനം ശേഷിയില്‍ തുറന്ന ഇടങ്ങളില്‍ നടത്താം. 75 ശതമാനവും വാക്‌സിനെടുത്തവരായിരിക്കണം. മുഴുവന്‍ വാക്‌സിനെടുത്ത 20 ശതമാനം പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാം.

20-തെരെഞ്ഞെടുക്കപ്പെട്ട പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ 30 ശതമാനം ശേഷിയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ നടത്താം.

21-ഷോപ്പിംഗ് കേന്ദ്രങ്ങള്‍ 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല. 12 വയസ്സില്‍ താഴെ കുട്ടികള്‍ക്ക് പ്രവേശിക്കാം. ഇത്തരം കേന്ദ്രങ്ങളിലെ ഫുഡ് കോര്‍ട്ടുകളില്‍, പള്ളികളില്‍, ടോയ്‌ലെറ്റുകളില്‍ പ്രവേശനം 30 ശതമാനം പേര്‍ക്ക്.

22-റസ്റ്റോറന്റുകളിലും കഫേകളിലും ഭക്ഷണം തുറന്ന ഇടങ്ങളിലാണെങ്കില്‍ മുന്‍സിപ്പല്‍ മന്ത്രാലയത്തിന്റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിലും അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം. വാണിജ്യമന്ത്രാലയത്തിന്റെ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം ഇന്‍ഡോറില്‍ 15 ശതമാനവുമാണ് ശേഷി. എല്ലാ ഉപഭോക്താക്കളും വാക്‌സിനെടുത്തവരായിരിക്കണം.

23-സ്വകാര്യബോട്ടുകള്‍, വാടകക്കെടുക്കുന്ന ബോട്ടുകള്‍, ടൂറിസ്റ്റ് ബോട്ടുകള്‍ ഇവ 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ വാക്‌സിനെടുത്തിരിക്കണം. മാക്‌സിമം 15 വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാം.

24-സൂഖുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. ആഴ്ചകള്‍ മുഴുവനായി 50 ശതമാനത്തില്‍ കൂടാത്ത ശേഷിയില്‍ പ്രവര്‍ത്തിക്കാം.

25-മൊത്ത വിപണി 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാവുന്നതാണ്.

26-ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും 30 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജോലിക്കാരും ഉപഭോക്താക്കളും വാക്‌സിനെടുത്തവരായിരിക്കണം.

27-അമ്യൂസ്‌മെന്റ് പാര്‍്ക്കുകളില്‍ 30 ശതമാനം തുറന്ന ഇടങ്ങളില്‍ പ്രവേശനം. ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങള്‍ 20 ശതമാനം ശേഷിയില്‍. 75 ശതമാനം പേര്‍ വാക്‌സിനെടുത്തവരായിരിക്കണം.

28-ഹെല്‍ത് ക്ലബ്ബ്, ശാരീരിക പരിശീലന കേന്ദ്രങ്ങള്‍, മസ്സാജ് സേവനം, സ്റ്റീം മുറികള്‍, ജാക്കൂസി,മൊറോക്കന്‍-ടര്‍ക്കിഷ് ബാത് സേവനങ്ങള്‍ തുടങ്ങിയവ 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരും ഉപഭോക്താക്കളും വാക്‌സിനെടുത്തിരിക്കണം.

29-നീന്തല്‍ കുളങ്ങളും വാട്ടര്‍ പാര്‍ക്കുകളും തുറന്ന ഇടങ്ങളില്‍ 40 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. 20 ശതമാനം ശേഷി മാത്രമേ ഇന്‍ഡോറില്‍ അനുവദിക്കുകയുള്ളൂ. വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം.

30-സ്വകാര്യ ആരോഗ്യകേന്ദ്രങ്ങള്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

31-ക്ലീനിംഗ്, ഹോസ്പിറ്റാലിറ്റി കമ്പനികള്‍ 50 ശതമാനം ശേഷിയില്‍ മുഴുവന്‍ വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്ത്യ ഖത്തര്‍ വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി; നിക്ഷേപ-തൊഴില്‍ മേഖലകളില്‍ സഹകരണം ശക്തമാക്കും

ഖത്തറിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ജാഗ്രതൈ; സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധിച്ചുമാത്രമാവട്ടെ