
ദോഹ
ഖത്തറിനും സഊദി സഖ്യരാജ്യങ്ങള്‍ക്കുമിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിലേക്ക് വഴിതുറന്ന് ഖത്തറിനും സഊദി അറേബ്യക്കുമിടയിലെ കര, വ്യോമ, നാവിക അതിര്‍ത്തികള്‍ തുറന്നു. സഊദിക്കും ഖത്തറിനുമിടയില്‍ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധത്തിനാണ് ഇതോടെ വിരാമമായത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കര, വ്യോമ, ജല പാതകള്‍ തിങ്കളാഴ്ച രാത്രി മുതല്‍ തുറക്കുമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസര്‍ അല്‍മുഹമ്മദ് അല്‍സബാഹാണ് അറിയിച്ചത്. സഊദി അറേബ്യയും ഇക്കാര്യം സ്ഥിരീകരിച്ചു. ഖത്തര്‍- സഊദി കര അതിര്‍ത്തിയായ അബുസംറ തുറക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ജിസിസി ഉച്ചകോടി ഇന്ന് സഊദിയിലെ അല്‍ ഉലയയില്‍ നടക്കാനിരിക്കേയാണ് സുപ്രധാനമായ പ്രഖ്യാപനമുണ്ടായത്.

കുവൈത്തിന്റെ ഇടപെടലാണ് ഖത്തര്‍- സഊദി അതിര്‍ത്തി തുറക്കുന്നതിലേക്ക് വഴിതെളിയിച്ചത്. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്കും സഊദി കിരകീരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സന്ദേശം കൈമാറിയതിന്റെ തുടര്‍ച്ചയായാണ് ഖത്തറിനും സഊദിക്കുമിടയില് അതിര്‍ത്തി തുറക്കാന്‍ തീരുമാനമായത്. ഇന്നു വൈകുന്നേരം അല്‍ബഹര്‍ പാലസില്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കുവൈത്ത് വിദേശകാര്യമന്ത്രി യാണ് അമീറിന്റെ സന്ദേശം കൈമാറിയത്. നാളെ സഊദി അറേബ്യയിലെ അല്‍ഉലയില്‍ നടക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ പ്രസ്താവന ഒപ്പുവെക്കുന്നതിനു മുന്നോടിയായിട്ടാണ് കുവൈത്ത് അമീറിന്റെ നീക്കം. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ ധാരണയായിട്ടുണ്ട്. 2017 ജൂണ്‍ അഞ്ചിനാണ് സഊദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി നയതന്ത്ര ബന്ധം വിഛേദിച്ചത്. ഖത്തറിലേക്കും പുറത്തേക്കുമുള്ള വ്യോമ, കടല്‍ ഗതാഗത ബന്ധം വിഛേദിച്ചതിനൊപ്പം ഖത്തറിലേക്കുള്ള റോഡ് ഗതാഗതവും അടക്കുകയായിരുന്നു. 2017 മേയ് 24ന് ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് എജന്‍സി (ക്യു.എന്‍.എ) ഹാക്ക് ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് ഉപരോധത്തിലേക്ക് നയിച്ചത്. മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധത്തിനാണ് ഇപ്പോള്‍ പരിഹാരമാകുന്നത്. ഇന്നു സഊദിയിലെ പൈതൃക നഗരമായ അല്‍ഉലയില്‍ നടക്കുന്ന നിര്‍ണാകമായ 41-ാമത് ജിസിസി ഉച്ചകോടിയില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നയിക്കുന്ന കൂടുതല്‍ തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.