അടുത്തയാഴ്ച ഗള്‍ഫ് ഉച്ചകോടിക്ക് സാധ്യതയെന്ന് അല്‍ജസീറ

ആര്‍.റിന്‍സ്/ദോഹ
ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങള്‍ മൂന്നരവര്‍ഷത്തിലധികമായി തുടരുന്ന ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും പരിഹരിക്കാനുള്ള അന്തിമ കരാറിലെത്തിയതായി സൂചന. പ്രതിസന്ധി പരിഹരിക്കുന്നതില്‍ നിര്‍ണായകവും ഫലപ്രദവുമായ ചര്‍ച്ചകള്‍ നടന്നതായി ഗള്‍ഫ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരെ ഉദ്ധരിച്ച് അല്‍ജസീറയും രാജ്യാന്തര വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് ഉപരോധം പരിഹരിക്കുന്നതിനും അന്തിമ കരാറിലേക്ക് എത്താനുമുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുവരുന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹമ്മദ് ബിന്‍ നാസര്‍ അല്‍സബാഹ് വെളിപ്പെടുത്തി. കുവൈത്ത് ടിവിയിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുണ്ടായത്. ഉപരോധം അവസാനിക്കാനിടയുണ്ടെന്ന് സഊദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. https://www.aljazeera.com/news/2020/12/4/kuwait-progress-resolving-boycott-of-qatar
കഴിഞ്ഞകുറച്ചുദിവസങ്ങളായി കാര്യമായ പുരോഗതി കൈവരിച്ചതായി ഇറ്റലിയിലെ വാര്‍ഷിക മെഡിറ്ററേനിയന്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കവെ അദ്ദേഹം വ്യക്തമാക്കി. ഈ പുരോഗതി അന്തിമ കരാറിലേയ്ക്ക് നയിക്കുമെന്നാണ് പ്രതീക്ഷ-സഊദി വിദേശകാര്യമന്ത്രി പറഞ്ഞു. കുവൈത്തിന്റെ മധ്യസ്ഥതയും യുഎസ് ഭരണകൂടത്തിന്റെ ഇടപെടലും പ്രശ്‌നപരിഹാരം വേഗത്തിലാക്കിയിട്ടുണ്ട്. ഖത്തറിനെതിരെ ഉപരോധം തുടരുന്ന ബഹ്‌റൈനും ഈജിപ്തും യുഎഇയും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നിലവില്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മുന്നേറ്റം(ബ്രേക്ക്ത്രൂ) ഉടനുണ്ടാകുമോയെന്ന് പ്രവചിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ ഈ നീക്കം ആസന്നമാണോ അതോ ഗള്‍ഫ് പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമോ എന്ന് ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല. ഗള്‍ഫ് പ്രതിസന്ധിക്കുള്ള ഏതൊരു പരിഹാരവും ഗള്‍ഫിന്റെ ഐക്യം സംരക്ഷിക്കുന്നവിധത്തില്‍ സമഗ്രമായിരിക്കണം. ഗള്‍ഫ് പ്രതിസന്ധിയുടെ പരിഹാരത്തെക്കുറിച്ച് ഞങ്ങള്‍ ശുഭാപ്തി വിശ്വാസികളാണ്, എല്ലാ പ്രശ്‌നങ്ങളും ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടുമെന്ന് പറയാനാവില്ല- ഖത്തര്‍ വിദേശകാര്യമന്ത്രി വിശദീകരിച്ചു.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അന്തിമ കരാറിലെത്തിയതായി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. https://twitter.com/marsadqatar/status/1334915703913259008
ഖത്തറും ഉപരോധ രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അടിത്തറയില്‍ കരാറുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. സഊദിയും ഖത്തറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പോംപിയോ പറഞ്ഞു.
അതിനിടെ അടുത്തയാഴ്ച ഗള്‍ഫ് ഉച്ചകോടിക്ക് സാധ്യതയുണ്ടെന്ന് അല്‍ജസീറ വ്യക്തമാക്കി. അടുത്തയാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗള്‍ഫ് ഉച്ചകോടി ഖത്തറിനും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയിലുള്ള പുതിയ കരാര്‍ അവതരിപ്പിക്കാന്‍ കുവൈത്തിന് ലഭിക്കുന്ന നല്ല അവസരമായിരിക്കുമെന്ന് അല്‍ജസീറയുടെ സീനിയര്‍ പൊളിറ്റിക്കല്‍ അനലിസ്റ്റ് മര്‍വാന്‍ ബിഷാര പറഞ്ഞു. ജാരെദ് കുഷ്‌നര്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുവര്‍ഷം മുമ്പ് തര്‍ക്കം അവസാനിപ്പിക്കുന്നതിനായി സമാനമായ പ്രതീക്ഷ ഉയര്‍ന്നെങ്കിലും പെട്ടെന്നു തന്നെ ഇല്ലാതാവുകയായിരുന്നു. എന്നാലിത്തവണ കുവൈത്ത് ടിവിയില്‍ പ്രസ്താവന പുറത്തുവിട്ടതിലൂടെ പരിഹാരം അടുത്തെത്തിയെന്നാണ് പ്രതീക്ഷ. 2017 ജൂണ്‍ മുതലാണ് സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്.