
ദോഹ: വര്‍ഷങ്ങള്‍ നീണ്ട ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ മറികടക്കാനുള്ള പരസ്പര നീക്കങ്ങളുടെ തുടര്‍ പരിപാടികളുമായി സഊദിഅറേബ്യയും ഖത്തറും. ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നിലവില്‍ വന്ന അല്‍ഉലാ കരാറിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ യോഗം ദോഹയില്‍ വീണ്ടും നടന്നു. ഖത്തര്‍-സഊദി ഫോളോ അപ്കമ്മിറ്റിയുടെ നാലാമത് യോഗമാണ് കൂടുതല്‍ ഊഷ്മളമായ ബന്ധത്തിലേക്ക് ഇരു രാഷ്ട്രങ്ങളുമെത്തിക്കാനുള്ള ആലോചനകളാല്‍ സമ്പന്നമായത്. ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധി അംബാസിഡര്‍ അലിബിന്‍ ഫഹദ് അല്ഹാജ്രി, സഊദിഅറേബ്യയുടെ വിദേശകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഈദ് ബിന്‍ മുഹമ്മദ് അല്ഥഖാഫി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇരു രാജ്യങ്ങളിലേയും ഉന്നത തല ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കാളികളായി. ഫോളോഅപ് കമ്മിറ്റി വളരെ സജീവമായി തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ടുപോവുകയും പരമാവധി നയതന്ത്ര സഹകരണം സാധ്യമാക്കുകയും ചെയ്യുന്നുണ്ടെന്നും ഏറെ ക്രിയാത്മകമായ യോഗമാണ് നടന്നതെന്നും പ്രതിനിധികള്‍ അറിയിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി വിശദീകരിച്ചു.