in

ഖത്തര്‍ സയന്റിഫിക് ക്ലബ് ക്യുആര്‍സിഎസിനായി 1,000 മെഡിക്കല്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു

ദോഹ: കോവിഡ് പ്രതിരോധ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തര്‍ സയന്റിഫിക് ക്ലബ്ബ്(ക്യുഎസ്‌സി) ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റിക്ക്(ക്യുആര്‍സിഎസ്) ആയിരം മെഡിക്കല്‍ മാസ്‌ക്കുകള്‍ നിര്‍മിച്ചുനല്‍കി. കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ അതോറിറ്റികളുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണിത്. വൈറസിനെ ചെറുക്കുന്നതിനുളള പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ക്യുആര്‍സിഎസ് സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഈ മെഡിക്കല്‍ മാസ്‌ക്കുകളുടെ പ്രയോജനം ലഭിക്കുന്നത്. ഫെയ്സ് മാസ്‌കുകള്‍ പലതവണ ഉപയോഗിക്കാനാകുമെന്നതാണ് സവിശേഷത. ഓരോ ഉപയോഗത്തിനും ശേഷം അണുവിമുക്തമാക്കാനാകും.
മാത്രമല്ല ഇത് എല്ലാ മുഖ വലുപ്പങ്ങള്‍ക്കും യോജിക്കുകയും വേഗത്തിലും സൗകര്യപ്രദമായും ധരിക്കാനുമാകും. മാനുഷിക ശാസ്ത്ര സാങ്കേതിക മേഖലകളിലെ അനുഭവങ്ങളുടെ കൈമാറ്റത്തിനും വിവിധ പ്രവര്‍ത്തങ്ങളുടെയും സംരംഭങ്ങളുടെയും കാര്യത്തില്‍ സഹകരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് കഴിഞ്ഞവര്‍ഷ ഫെബ്രുവരിയില്‍ ക്യുഎസ്‌സിയും ക്യുആര്‍സിഎസും ഒപ്പുവെച്ച കരാറിന്റെ ഭാഗമായിക്കൂടിയാണ് മെഡിക്കല്‍ മാസ്‌ക്കുകളുടെ നിര്‍മാണം. ക്യുഎസ്‌സി നേരത്തെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുവേണ്ടിയും ആയിരം മെഡിക്കല്‍ മാസ്‌ക്കുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നുവെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എന്‍ജിനിയര്‍ റാഷിദ് അല്‍ റഹീമി പറഞ്ഞു. കോവിഡ് വ്യാപനത്തെ തടയുന്നതിനായി പ്രതിരോധത്തിന്റെ ആദ്യ നിരയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍ക്കും പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും സംരക്ഷണ മെഡിക്കല്‍ ഉപകരണങ്ങളാണ് ക്യുഎസ്‌സി നിര്‍മിക്കുന്നത്.
ഇതിനായി ക്ലബ്ബിന്റെ ഡിജിറ്റല്‍ മാനുഫാക്ചറിങ് ലബോറട്ടറികളില്‍ സംയോജിത ഉല്‍പാദന ലൈനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ മാസ്‌ക്കിന്റെ പല രൂപങ്ങളും രൂപകല്‍പ്പന ചെയ്യുകയും ക്യുആര്‍സിഎസിനും എച്ച്എംസിക്കും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. നിര്‍ദേശങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും അനുസരിച്ച് ഏറ്റവും ഉചിതമായ രൂപകല്‍പ്പന തെരഞ്ഞെടുത്ത് ഉത്പാദനം തുടങ്ങിയത്. ഇവിടെ നിര്‍മിച്ച മെഡിക്കല്‍ മാസ്‌ക്കുകള്‍ നൂറു ശതമാനം ഖത്തരി ഉത്പന്നങ്ങളാണ്. ലഭ്യമായ കഴിവുകള്‍ക്കനുസരിച്ച മികച്ച പരിഹാരങ്ങള്‍ നല്‍കാന്‍ ക്ലബ്ബിലെ വിദഗ്ധരായ എന്‍ജിനീയര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക മെഡിക്കല്‍ ഫെയ്‌സ് മാസ്‌ക്കുകള്‍ ഒരു മത്സര ഉത്പന്നമായി കണക്കാക്കുന്നുവെന്നും ബന്ധപ്പെട്ട മെഡിക്കല്‍ അതോറിറ്റികളുടെ വിലയിരുത്തല്‍ പ്രകാരം വിപണയില്‍ ലഭ്യമായതിനേക്കാള്‍ മികച്ചവയാണെന്നും അദ്ദേഹം വിശദീകരിച്ചു.പ്രാദേശിക ആവശ്യം കണക്കിലെടുത്ത് ഉത്പാദന ലൈനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് ആവശ്യമെങ്കില്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സയന്റിഫിക് ക്ലബ്ബുമായി നിരന്തരം സഹകരിച്ചുപ്രവര്‍ത്തിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ക്യുആര്‍സിഎസ് മെഡിക്കല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ഖത്താന്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മലയാളികളുടെ മടക്കം: ഇന്‍ഡിഗോ ദോഹയില്‍ നിന്നും കേരളത്തിലേക്ക് 28 സര്‍വീസുകള്‍ നടത്തും

‘കോവിഡിനുശേഷം ഖത്തര്‍ 2022 ലോകത്തെ ഏകീകരിക്കും’