
ദോഹ: കടുത്ത വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സുഡാനിലേക്ക് ഖത്തര്‍ നൂറു ടണ്‍ സഹായം അയച്ചു. ഖത്തര്‍ ചാരിറ്റി, മോണോപ്രിക്സ് ഖത്തര്‍ എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ എയര്‍വേയ്സാണ് സഹായം എത്തിച്ചത്. സുഡാന് സഹായം എത്തിക്കുന്നതിന്റെ ഭാഗമായി തുടക്കംകുറിച്ച പ്രോഗ്രാമിലേക്ക് രാജ്യത്തെ പൗരന്മാരും താമസക്കാരും സംഭാവന നല്കിയ നൂറു ടണ്ണോളം ഭക്ഷ്യോത്പന്നങ്ങളും മറ്റു സഹായ സാമഗ്രികളുമാണ് എത്തിച്ചത്. സെപ്തംബര്‍ പന്ത്രണ്ടിനായിരുന്നു പ്രോഗ്രാം തുടങ്ങിയത്. ആയിരക്കണക്കിന് പേരാണ് ഇതില്‍ പങ്കാളികളായത്.
മോണോപ്രിക്സ് ഖത്തര്‍ സ്റ്റോറുകളില്‍നിന്നും ഉത്പന്നങ്ങള്‍ വാങ്ങി സംഭാവന നല്‍കുകയായിരുന്നു. മോണോപ്രിക്സ് ഖത്തറും തലാബതും ചേര്‍ന്ന് സഹായ ബോക്സുകള്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോക്ക് കൈമാറി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു ചടങ്ങ് നടന്നത്. സെപ്തംബര്‍ പതിനേഴിന് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയുടെ ക്യുആര്‍ 8792 വിമാനത്തില്‍ ഈ ഉത്പന്നങ്ങള്‍ സൗജന്യമായി ഖാര്ത്തൂമിലെത്തിക്കുകയായിരുന്നു.
ഉത്പന്നങ്ങള്‍ എയര്‍ക്രാഫ്റ്റിലേക്ക് മാറ്റുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബര്‍ അല്‍ബാകിര്‍, ഖത്തറിലെ സുഡാന് അംബാസഡര്‍ അബ്ദുല്‍റഹീം അല്സെദിഖ്, ഖത്തര്‍ ചാരിറ്റി സിഇഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍കുവാരി, എച്ച്ഐഎ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്‍ജിനിയര്‍ ബാദര്‍ അല്‍മീര്‍ എന്നിവരുമുണ്ടായിരുന്നു. സുഡാനില്‍ ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തിലായിരിക്കും ഈ സംഭാവനകള്‍ വിതരണം ചെയ്യുക. തങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ഇപ്പോള്‍ സുഡാനിലെ ജനങ്ങള്‍ക്കൊപ്പമാണെന്ന് അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. ലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിന്റെ ആഘാതം രാജ്യത്തുടനീളം അനുഭവപ്പെടുന്നു. സുഡാനിലെ സഹോദരങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു സമൂഹമായി ഒത്തുചേര്‍ന്ന ഖത്തറിലെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരിതാശ്വാസ സഹായം സൗജന്യമായി സുഡാനിലെത്തിക്കുന്ന ഖത്തര്‍ എയര്‍വേയ്സ് നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഖത്തര്‍ ചാരിറ്റി സിഇഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍കുവാരി പറഞ്ഞു.
ദുരിതബാധിതര്‍ക്ക് സഹായം വിതരണം ചെയ്യുന്ന നടപടികള്‍ ഖത്തര്‍ ചാരിറ്റി തുടരുകയാണ്. ചാരിറ്റിയുടെ ദീര്‍ഘകാല പദ്ധതികള്‍ക്കും സാമൂഹ്യക്ഷേമപദ്ധതികള്‍ക്കും ഖത്തര്‍ എയര്‍വേയ്സ് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.