
ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം ഒക്ടോബറില്‍ നടക്കും. ശൂറാ കൗണ്‍സിലിന്റെ 49-ാം സെഷന് ഉദ്ഘാടനം ചെയ്യവെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്നു രാവിലെ കൗണ്‍സില്‍ ആസ്ഥാനത്തായിരുന്നു ഉദ്ഘാടന സെഷന് നടന്നത്. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസീസ് അല്‍താനിയും മന്ത്രിമാരും ഉദ്ഘാടന സെഷനില്‍ പങ്കെടുത്തു. ഖത്തരി ഉപദേശക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ് കൗണ്‍സില്‍ തെരഞ്ഞെടുപ്പെന്ന് അമീര്‍ ചൂണ്ടിക്കാട്ടി. ഉപദേശക കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്ത്തീകരണത്തിലേക്കെത്തുകയാണ്. അടുത്തവര്‍ഷം ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും- അമീര്‍ പ്രഖ്യാപിച്ചു. 2003ലെ റഫറണ്ടത്തിന്റെയും തുടര്‍ന്ന് 2004ലെ പ്രഖ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ ഭരണഘടനാനുസൃതമായി ദൈവേച്ഛയാല് ഈ തെരഞ്ഞെടുപ്പുകള്‍ നടക്കുമെന്ന് അമീര്‍ വ്യക്തമാക്കി. ഖത്തരി ശൂറായുടെ പാരമ്പര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പൗരന്മാരുടെ വിശാലമായ പങ്കാളിത്തത്തിലൂടെ നിയമനിര്‍മാണ പ്രക്രിയ്യ വികസിപ്പിക്കുന്നതിനും സുപ്രധാന മുന്നേറ്റം നടത്തുകയാണെന്ന് അമീര്‍ പറഞ്ഞു.