
ദോഹ: കോവിഡിന്റെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അവശേഷിക്കുന്ന റൗണ്ടുകള്‍ പുനരാരംഭിച്ചു. 18-ാം റൗണ്ടിലെ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ അല്‍റയ്യാന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെയും അല്‍ഗറാഫ എതിരില്ലാത്ത ഒരു ഗോളിന് അല്‍അറബിയെയും പരാജയപ്പെടുത്തി.
കോവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു മത്സരം. സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. സ്റ്റാര്‍സ് ലീഗ് ആസ്വാദകര്‍ തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബുകളുടെ മത്സരങ്ങള്‍ ടെലിവിഷനിലൂടെയാണ് ആസ്വദിച്ചത്. അല്‍ജനൂബ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നടന്ന മത്സരത്തില്‍ ജൊനാഥന്‍ കോഡ്ജിയ 22-ാം മിനുട്ടില്‍ നേടിയ ഗോളിലാണ് ഗരാഫ അല്‍അറബിയെ പരാജയപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയിലെ കൈമാറ്റ നടപടിയിലൂടെ ഗറാഫയിലെത്തിയ താരമാണ് ഐവറികോസ്റ്റിന്റെ കോഡ്ജിയ. വിജയത്തോടെ ലീഗില്‍ നാലാം സ്ഥാനത്താണ് ഗരാഫ.
18 മത്സരങ്ങളില്‍ ഒന്‍പത് വിജയങ്ങളുമായി 31 പോയിന്റാണ് ഗരാഫക്കുള്ളത്. ലീഗിലെ ആറാം തോല്‍വിയാണ് അറബിക്കു നേരിടേണ്ടിവന്നത്. 24 പോയിന്റുമായി ലീഗില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍. എല്ലാ കോവിഡ് പ്രോട്ടോക്കോളും മുന്‍കരുതല്‍ നടപടികളും കര്‍ശനമായും പാലിച്ചിരുന്നു.വെളളിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ കരുത്തരായ അല്‍റയ്യാനെതിരെ പൊരുതിത്തോല്‍ക്കുകയായിരുന്നു ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. അല്‍സദ്ദ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഈ വിജയത്തോടെ 41 പോയിന്റുമായി റയ്യാന്‍ പട്ടികയില്‍ രണ്ടാമതെത്തി.
പന്ത്രണ്ട് വിജയങ്ങളും അഞ്ചു സമനിലയും ഒരു തോല്‍വിയുമാണ് റയ്യാന്റെ അക്കൗണ്ടിലുള്ളത്. നാലു വിജയവും അഞ്ച് സമനിലയും ഒന്‍പത് തോല്‍വിയും ഉള്‍പ്പടെ 17 പോയിന്റുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. അല്‍റയ്യാന് വേണ്ടി 40-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ യാസിന്‍ ബ്രഹ്മിയും 83-ാം മിനുട്ടില്‍ യൊഹാന്‍ ബോലിയും ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ പത്താം മിനുട്ടില്‍ കെയ്ക് റോഡ്രിഗസാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഏക ഗോള്‍ നേടിയത്.