- സ്റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനം
സദ്ദിനു പുറമെ വഖ്‌റക്കും സെയ്‌ലിയക്കും വിജയം

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ 21-ാം റൗണ്ട് മത്സരങ്ങളില്‍ അല്‍സദ്ദ്, അല്‍വഖ്‌റ, സെയ്‌ലിയ ക്ലബ്ബുകള്‍ക്ക് വിജയം. കോവിഡ് നിയന്ത്രണങ്ങളും മുന്‍കരുതലുകളും പൂര്‍ണമായും പാലിച്ചുകൊണ്ട് നിശ്ചിത എണ്ണം കാണികളെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടായിരുന്നു മൂന്നു മത്സരങ്ങളും നടന്നത്. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനെ എതിരില്ലാത്ത ഒരു ഗോളിനാണ് അല്‍സദ്ദ് തോല്‍പ്പിച്ചത്.
ഗോള്‍രഹിത സമനിലയാകുമെന്നുറപ്പിച്ച മത്സരത്തില്‍ ഇഞ്ച്വറി ടൈമിന്റെ എട്ടാം മിനുട്ടില്‍ ബാഗ്ദാദ് ബൗനെജയാണ് സദ്ദിന്റെ വിജയഗോള്‍ സ്‌കോര്‍ ചെയ്തത്. സദ്ദിന്റെ കിരീട സാധ്യത വിദൂരമാണെങ്കിലും രണ്ടാം സ്ഥാനത്തേക്കുള്ള സാധ്യത നിലനിര്‍ത്താന്‍ ഈ വിജയത്തിലൂടെ സദ്ദിന് കഴിഞ്ഞു.
സ്റ്റാര്‍സ് ലീഗില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് സദ്ദ്. 21 മത്സരങ്ങളില്‍ പതിനാല് വിജയവും രണ്ടു സമനിലയും അഞ്ചു തോല്‍വിയുമായി 44 പോയിന്റാണ് സദ്ദിനുള്ളത്. 19 പോയിന്റുമായി ഒന്‍പതാമതാണ് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തില്‍ അല്‍സെയ്‌ലിയ എതിരില്ലാത്ത ഒരു ഗോളിന്് അല്‍അറബിയെ തോല്‍പ്പിച്ചു. വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. 47-ാം മിനുട്ടില്‍ മുഹമ്മദ് അബുസര്യാഖാണ് സെയ്‌ലിയയുടെ വിജയ ഗോള്‍ സ്‌കോര്‍ ചെയ്തത്.
ഈ വിജയത്തോടെ 28 പോയിന്റുമായി ലീഗില്‍ അഞ്ചാംസ്ഥാനത്താണ് സെയ്‌ലിയ. 25 പോയിന്റുമായി അല്‍അറബി ഏഴാമതാണ്. ജനൂബ് സ്‌റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ അല്‍വഖ്‌റ എതിരില്ലാത്ത ഒരു ഗോളിന് അല്‍അഹ്‌ലിയെ തോല്‍പ്പിച്ചു. 74-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ ക്രിസ്റ്റ്യന്‍ സെബല്ലോസാണ് വഖ്‌റയുടെ വിജയ ഗോള്‍ സ്‌കോര്‍ ചെയ്തത്. 27 പോയിന്റുമായി ലീഗില്‍ ആറാമതാണ് അല്‍വഖ്‌റ. 20 പോയിന്റോടെ അല്‍അഹ്‌ലി എട്ടാമതാണ്.