in , ,

കോവിഡ് പരിശോധന അതിവേഗത്തില്‍; ഗള്‍ഫിലാദ്യമായി റോഷ് ഓട്ടോമേറ്റഡ് സംവിധാനവുമായി ഖത്തര്‍

റോഷ് കോബാസ് സീരീസ് 6800 പ്രവര്‍ത്തന രീതി

അശ്‌റഫ് തൂണേരി/ദോഹ:

കൊറോണ വൈറസ് രോഗ നിര്‍ണ്ണയം അതിവേഗത്തില്‍ നടത്തുന്ന സംവിധാനം നടപ്പിലാക്കി ഖത്തര്‍. രോഗവ്യാപനത്തിന്റെ തോത് കുറക്കാന്‍ അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) മാര്‍ച്ച് രണ്ടാം വാരം അടിയന്തിരാനുമതി നല്‍കിയ റോഷ് കമ്പനിയുടെ കോബാസ് 6800 സംവിധാനമാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന് കീഴില്‍ സജ്ജീകരിച്ചിരിക്കുന്നത് എന്നറിയുന്നു.

പരിശോധനയുടെ വേഗത ഇതോടെ പത്തിരട്ടിയാവും. നേരത്തെ മാനുവലായി 500 പരിശോധനകള്‍ നടത്താന്‍ സാധ്യമായിരുന്ന ഖത്തറില്‍ പുതിയ സാങ്കേതിക നവീകരണത്തിലൂടെ ഏകദേശം 2000ത്തിനടുത്ത് പരിശോധനകള്‍ നടത്താം. തന്‍മാത്രാരീതിയിലുള്ള ഈ പരിശോധനാരീതിയില്‍ നാല് മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കും. കോവിഡ് ബാധ സംശയിക്കുന്നവരുടെ ഉമിനീര്‍ അല്ലെങ്കില്‍ കഫം എന്നിവയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ന്യൂക്ലിക് ആസിഡുകളില്‍, സാര്‍സും കോവിഡുമുള്‍പ്പെടെയുള്ള കൊറോണവൈറസ് ഇനങ്ങളുടെ അനുവര്‍ത്തനം അഥവാ പിന്തുടര്‍ച്ച ഉണ്ടോ എന്നാണ് ഈ പുതിയ യന്ത്രം പരിശോധിക്കുക. രോഗവ്യാപനം തടയുന്നതില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും സ്വീകരിച്ച മെല്ലേെപ്പാക്ക് പരക്കെ വിമര്‍ശനവിധേയമായതോടെയാണ്, വ്യാപാരാടിസ്ഥാനത്തിലുള്ള ഈ മെഷീനുകളുടെ ഉപയോഗത്തിന് എഫ് ഡി എ പ്രത്യേകാനുമതി നല്‍കിയത്.

ഗള്‍ഫില്‍ ആദ്യമായി ഖത്തറാണ് ഇത്തരമൊരു സാങ്കേതിക സംവിധാനത്തിലൂടെ കൊറോണ വൈറസ് രോഗ നിര്‍ണ്ണയ പരിശോധന നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
റോഷിന്റെ കോബാസ് 6800 മെഷീനില്‍ ഒരു ദിവസം 1,440 കോവിഡ് പരിശോധനക്കുള്ള സംവിധാനമാണുണ്ടാവുകയെന്ന് സ്വിറ്റ്‌സര്‍ലണ്ട് ആസ്ഥാനമായ റോഷ് കമ്പനിയുടെ ഡയഗ്നോസ്റ്റിക് യൂണിറ്റ് മേധാവി തോമസ് ഷിനേക്കര്‍ ബ്ല്യൂംബെര്‍ഗ് ന്യൂസുമായി സംസാരിക്കവെ വ്യക്തമാക്കി. കുറച്ചു കൂടി വിപുലീകരിച്ച് മറ്റൊരു കോബാസ് മെഷീന്‍ കൂടി റോഷ് പുറത്തിറക്കിയിട്ടുണ്ട്. റോഷ് കോബാസ് ശ്രേണിയിലെ 8,800 മെഷീനിലൂടെ 4,128 രോഗികളെ ദിനേന പരിശോധിക്കാനാവും. റോഷ് കോബാസ് 6800 എന്ന ഉപകരണം 695 എണ്ണവും കോബാസ് 8800 ഇനം 132 എണ്ണവുമാണ് ലോകാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ 110 എണ്ണം അമേരിക്കയിലാണ്. കോബാസ് സീരീസ് 2014-ലാണ് പുറത്തിറക്കിയതെന്നും ഷിനേക്കര്‍ വിശദീകരിച്ചു. പുതിയ ലബോറട്ടറി സാങ്കേതിക സംവിധാനം നടപ്പാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ പരിശോധനകള്‍ ഓരോ ദിവസവും നടത്താന്‍ ഇതിലൂടെ സാധിക്കും. വേഗത്തിലുള്ള നിര്‍ണയം വൈറസിന്റെ വ്യാപനത്തെ പിടിച്ചുകെട്ടുമെന്നും മന്ത്രാലയം വിശദീകരിച്ചു.

റോഷ് കോബാസ് സീരീസ് 6800

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

59 പേര്‍ക്കു കൂടി കൊറോണ; രോഗബാധിതര്‍ 693

ഓണ്‍ലൈന്‍ മുഖേന പണം അയക്കല്‍: ബോധവത്കരണത്തിന് നിര്‍ദേശം