മൊത്തം 4 വനിതാമന്ത്രിമാരായി; 3 പേര്‍ക്ക് കാബിനറ്റ് പദവി
ദോഹ:
രണ്ട് വനിതാ മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്തി ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. നിലവിലുള്ള കാബിനറ്റ് മന്ത്രിമാരില്‍ ചിലര്‍ക്ക് വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ത്തും പുതുതായി ചില വകുപ്പുകള്‍ രൂപീകരിച്ചുമാണ് ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവിറക്കിയത്. വകുപ്പു മാറ്റം വരുത്തിയവരും പുതുതായി ഉള്‍പ്പെടുത്തിയവരുമായി മൊത്തം 13 മന്ത്രിമാരാണുള്ളത്. ഇവര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി ബുതൈന ബിന്‍ത് അലി അല്‍ ജാബിര്‍ അല്‍നുഐമിയും, സാമൂഹിക വികസന, കുടുംബ വകുപ്പ് മന്ത്രിയായി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദുമാണ് കാബിനറ്റ് പദവിയിലെത്തിയ പുതിയ വനിതകള്‍. ഡോ.ഹനാന്‍ അല്‍ഖുവാരി പൊതുജനാരോഗ്യവകുപ്പു മന്ത്രിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെ ഖത്തറില്‍ 3 വനിതകള്‍ കാബിനറ്റ് പദവി കൈകാര്യം ചെയ്യുകയാണ്. കൂടാതെ വിദേശകാര്യസഹമന്ത്രിയായി പ്രവര്‍ത്തിക്കുന്ന വിദേശകാര്യവക്താവ് കൂടിയായ ലുലുവ അല്‍ഖാതിര്‍ കൂടി ഉള്‍പ്പെടുമ്പോള്‍ 4 വനിതകള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ട്.
പുതിയ മന്ത്രിസഭാ അഴിച്ചുപണിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തിന് പുതിയ വകുപ്പ് രൂപീകരിച്ചു.

പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നാണ് ഇത് അറിയപ്പെടുക. നേരത്തേ പരിസ്ഥിതി വകുപ്പ് മുനിസിപ്പാലിറ്റി വകുപ്പിന് ഒപ്പമായിരുന്നു. ഗതാഗത വാര്‍ത്താ വിനിമയ വകുപ്പ് രണ്ടാക്കി. ഗതാഗതം മന്ത്രാലയം, വാര്‍ത്താവിനിമയ ഐടി മന്ത്രാലയം എന്നിവയാണ് പുതിയ വകുപ്പുകള്‍. സാംസ്‌കാരിക കായിക മന്ത്രാലയത്തെ കായിക യുവജന മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം എന്നിങ്ങനെ രണ്ടാക്കി മാറ്റിയിട്ടുണ്ട്. ഭരണ വികസന സാമൂഹിക കാര്യ തൊഴില്‍ മന്ത്രാലയം ഇനി തൊഴില്‍ മന്ത്രാലയം എന്ന പേരില്‍ മാത്രമാണ് അറിയപ്പെടുക. സാമൂഹിക വികസന കുടുംബ മന്ത്രാലയം എന്ന പേരില്‍ പുതിയൊരു വകുപ്പും രൂപീകരിച്ചിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ അധിക ചുമതല വഹിച്ചിരുന്ന അലി ബിന്‍ അഹമ്മദ് അല്‍ഖുവാരിയെ പൂര്‍ണചുമതലയുള്ള വകുപ്പ് മന്ത്രിയായി നിയമിച്ചു. നേരത്തെ ഇദ്ദേഹം വഹിച്ചിരുന്ന വാണിജ്യ വ്യവസായ മന്ത്രി പദവിയിലേക്ക് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍താനിയെ നിയമിച്ചു. സാംസ്‌കാരിക വകുപ്പും കായിക യുവജന വകുപ്പും രണ്ടുമന്ത്രിമാരുടെ പരിധിയിലാക്കിയിട്ടുണ്ട്. ശൈഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍കി അല്‍ സുബൈഇ വഹിച്ചിരുന്ന മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും വിഭജിച്ചിട്ടുണ്ട്. പരിസ്ഥിതികാലാവസ്ഥാ വ്യതിയാന മന്ത്രിയായി ഡോ. ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അലി അഹമ്മദ് അല്‍താനി ചുമതലയേറ്റു. ചുമതലയേറ്റ മന്ത്രിമാരും വകുപ്പുകളും:
1-ധനകാര്യം: അലി ബിന്‍ അഹമ്മദ് അല്‍ഖുവാരി
2-ഗതാഗതം: ജാസിം ബിന്‍ സൈഫ് ബിന്‍ അഹമ്മദ് അല്‍സുലൈതി
3-കായിക യുവജനം: സലാഹ് ബിന്‍ ഗാനിം അല്‍ അലി
4-മുന്‍സിപ്പാലിറ്റി: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍സുബൈ
5-എന്‍ഡോവ്‌മെന്റ്‌സ്, ഇസ്‌ലാമിക കാര്യം: ഗാനിം ബിന്‍ ഷഹീന്‍ ബിന്‍ ഗാനിം അല്‍ഗാനിം
6-വാണിജ്യ, വ്യവസായം: ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍ അബ്ദുല്ല അല്‍താനി
7-വിദ്യഭ്യാസം, ഉന്നത വിദ്യഭ്യാസം: ബുതൈന ബിന്‍ത് അലി അല്‍ ജാബിര്‍ അല്‍നുഐമി
8-സാംസ്‌കാരിക മന്ത്രാലയം: ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനി
9-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം: ശൈഖ് ഡോ. ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍താനി
10-തൊഴില്‍: ഡോ. അലി ബിന്‍ സഈദ് ബിന്‍ സുമൈഖ് അല്‍മറി
11- കമ്യുണിക്കേഷന്‍ ആന്റ് ഐ.ടി: മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍മന്നായി
12-കുടുംബ സാമൂഹിക വികസനം : മര്‍യം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍മിസ്‌നദ്
13-കാബിനറ്റ് കാര്യ സഹമന്ത്രി: മുഹമ്മദ് ബിന്‍ അബ്ദുല്ലാ ബിന്‍ മുഹമ്മദ് അല്‍യൂസുഫ് അല്‍ സുലൈതി