in ,

ഖത്തര്‍ ഈ വര്‍ഷം 2.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഐ എം എഫ്: ഡോ. ആര്‍ സീതാരാമന്‍

ഫോട്ടോ ദോഹ ബാങ്ക് സംഘടിപ്പിച്ച 'ഖത്തറിലെ സാമ്പത്തിക വികാസവും അവസരങ്ങളും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ ക്ലയന്റ് സമ്മേളനത്തില്‍ നിന്ന്

മേഖലയിലെ ഉപരോധം തീര്‍ന്നത് വിനോദസഞ്ചാര മേഖലകളിലും ലോജിസ്റ്റിക് മേഖലകളിലും പുത്തനുണര്‍വ്വുണ്ടാക്കും

ദോഹ: ഖത്തര്‍ ഈ വര്‍ഷം 2.4 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫ് 2021 ഏപ്രിലില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ദോഹബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. ആര്‍. സീതാരാമന്‍. ‘ഖത്തറിലെ സാമ്പത്തിക വികാസവും അവസരങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ ക്ലയന്റ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ ആദ്യ നാല് മാസത്തിനുള്ളില്‍ ബാങ്കിംഗ് മേഖല 5 ശതമാനത്തിലധികമുള്ള വളര്‍ച്ചയാണ് കാണിക്കുന്നത്.

2021 ധനകാര്യ വര്‍ഷത്തില്‍ 196.7 ബില്യണ്‍ ചെലവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദ്രവീകൃത പ്രകൃതി വാതക മേഖലയില്‍ (എല്‍ എന്‍ ജി) വിപുലീകരണമുണ്ടാവും. 2020 ഡിസംബറില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുകയുണ്ടായി. കൂടാതെ മൂന്നര വര്‍ഷത്തോളമുണ്ടായിരുന്ന മേഖലയിലെ ഉപരോധം തീര്‍ന്നത് പുതിയ വ്യാപാര വാണിജ്യ സാധ്യതകളാണ് തുറന്നിടുന്നത്. വിനോദസഞ്ചാര മേഖലകളിലും ലോജിസ്റ്റിക് മേഖലകളിലും പുത്തനുണര്‍വ്വ് സാധ്യമാക്കാന്‍ ഇത് കാരണാവുമെന്നും സീതാരാമന്‍ വിശദീകരിച്ചു. അയല്‍രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം സാധാരണ നിലയിലായത് എണ്ണേതര മേഖലകളില്‍ വളര്‍ച്ചയുണ്ടാക്കുന്ന ഘടകമാണ്. പുതിയ നിര്‍മ്മാണ മേഖലകള്‍ തുറന്നുവന്നതും വിദ്യാഭ്യാസ രംഗത്തെ മു്‌ന്നേറ്റവും എടുത്തുപറയേണ്ടതാണ്.


കോവിഡിനെ ശാസ്ത്രീയമായി പ്രതിരോധിക്കാനുള്ള ശ്രമം നടത്തുന്ന ഖത്തറിന് ആരോഗ്യമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ മികച്ച അവസരമാണ് നല്‍കുന്നത്. ഖത്തര്‍ ഫ്രീസോണ്‍ അഥോറിറ്റി 3 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതും 100 ശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കുന്നതുമെല്ലാം വാണിജ്യ മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച പ്രാപിക്കാന്‍ അനുകൂലമായ ഘടകമാണെന്നും സീതാരാമന്‍ വിശദീകരിച്ചു.

 
കോവിഡാനന്തര കാലത്ത് വാണിജ്യവ്യവസായ മേഖലകളിലെ വൈവിധ്യ വത്കരണം രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും ചെറുകിട വ്യവസായങ്ങള്‍ സജീവമായത് ഏറെ ക്രിയാത്മകമായ നീക്കമാണെന്നും ഖത്തര്‍ ഡവപല്‌മെന്റ് ബാങ്ക് ബിസിനസ്സ് ഫിനാന്‍സ് എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഖാലിദ് അബ്ദുല്ല അല്‍മാന പറഞ്ഞു. കോവിഡ് കാലം ഖത്തറിന്റെ പ്രാദേശിക വ്യാവസായിക വാണിജ്യ മേഖലകളില്‍ പല തരം സാധ്യതകളന്വേഷിക്കുന്ന ഇടങ്ങളായി മാറിയെന്നും അദ്ദേഹം വിശദീകരിച്ചു.  
ഖത്തര്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സി.ഇ.ഒ റാഷിദ് അലി അല്‍മന്‍സൂരി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ സി.ഇ.ഒ യൂസുഫ് മുഹമ്മദ് അല്‍ജയ്ദ, പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ശൈഖ് ഡോ.മുഹമ്മദ് ബിന്‍ ഹമദ് അല്‍താനി തുടങ്ങിയവരും സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അബൂസംറ വഴി ഖത്തറിലേക്ക് വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ എളുപ്പമാവും; ഓണ്‍ലൈന്‍ സംവിധാനം തയ്യാര്‍

ഖത്തര്‍ കെ എം സി സി ഇശല്‍ വര്‍ണ്ണങ്ങള്‍; മത്സര വിജയികളെ പ്രഖ്യാപിച്ചു