in

ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഖത്തര്‍

ദോഹ: ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മെഡിക്കല്‍, ഭക്ഷ്യ സഹായമെത്തിക്കുന്നതിനായി ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയും (ക്യുആര്‍സിഎസ്) ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്‌മെന്റും(ക്യുഎഫ്എഫ്ഡി) ധാരണാപത്രം ഒപ്പുവെച്ചു. കൊറോണ വൈറസ്(കോവിഡ്-19) രോഗവ്യാപനത്തിനെതിരെ അടിയന്തര പ്രതികരണമെന്ന നിലയിലാണ് സഹായം എത്തിക്കുന്നത്.
വിവിധ സൗഹൃദരാജ്യങ്ങള്‍ക്കുള്ള ഖത്തറിന്റെ പിന്തുണയുടെ തുടര്‍ച്ചയാണിത്. ക്യാമ്പുകളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറക്കുന്നതിനും രാജ്യവ്യാപക കോവിഡ് നിയന്ത്രണ നടപടികളുടെ സാമൂഹിക സാമ്പത്തിക ആഘാതം ഫലസ്തീന്‍ കുടുംബങ്ങളില്‍ ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സഹായം എത്തിക്കുന്നത്. 1,39,400 പേര്‍ക്ക് സഹായപദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലധികവും കുട്ടികളാണ്. അംഗപരിമിതരായ 8430പേരും ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നു. ദക്ഷിണമേഖലയിലെ ആറ്, ബെയ്‌റൂത്തിലെ മൂന്ന്, വടക്കന്‍ മേഖലയിലെ രണ്ട്, അല്‍ബെക്കയിലെ ഒന്ന് ഉള്‍പ്പടെ പന്ത്രണ്ട് അഭയാര്‍ഥി ക്യാമ്പുകളിലേക്കായിരിക്കും സഹായമെത്തിക്കുക. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്ന 400 ആരോഗ്യ പരിരക്ഷാ ദാതാക്കളെ സംരക്ഷിക്കുന്നതിന് 10 ആസ്പത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍(പിപിഇ) ലഭ്യമാക്കും. ക്യാമ്പുകളില്‍ നിന്നും പ്രതിമാസം ശരാശരി 300 കേസുകള്‍ ആസ്പത്രികളിലേക്ക് മാറ്റാന്‍ കഴിയുന്ന വിധത്തില്‍ അഞ്ച് ആംബുലന്‍സ് വാഹനങ്ങള്‍ നല്‍കും. കോവിഡ് ബാധിതരായവരെ പാര്‍പ്പിക്കുന്നതിനായി ആവശ്യമായ സൗകര്യങ്ങളോടെ ക്വാറന്റൈന്‍ ആസ്പത്രി സജ്ജമാക്കും. കൂടാതെ, 1,000 കുടുംബങ്ങള്‍ക്ക് അണുബാധ തടയുന്നതിനായി ശുചിത്വ പ്രമോഷന്‍ കിറ്റുകളും ലോക്ക്ഡൗണ്‍ കാലയളവില്‍ 27,800 കുടുംബങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷ്യ പായ്ക്കറ്റുകളും നല്‍കും. ലബനാനിലെ ക്യുആര്‍സിഎസിന്റെ പ്രാതിനിധ്യ മിഷന്‍, ലബനാന്‍ റെഡ്‌ക്രോസ്(എല്‍ആര്‍സി), ലബനാനിലെ ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി(പിആര്‍സിഎസ്) എന്നിവ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക തെരഞ്ഞെടുക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ് അവബോധം: ഖത്തറിന്റെ എസ്എംഎസ് കാമ്പയിനെ പ്രശംസിച്ച് ഐഎല്‍ഒ

സരയാവോ മുനിസിപ്പാലിറ്റി ഖത്തരി പതാക പ്രദര്‍ശിപ്പിച്ചു