in

ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നത് ഖത്തര്‍ തുടരുമെന്ന് വിദേശകാര്യമന്ത്രി

ശൈഖ് മുഹമ്മദ് അല്‍താനി

ദോഹ: ഫലസ്തീന്‍ ജനതയെ ഖത്തര്‍ പിന്തുണക്കുന്നത് തുടരുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഖത്തര്‍ 1.2 ബില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സഹായം ഏകോപിപ്പിക്കുന്നതിനായി ചേര്‍ന്ന കോണ്‍ടാക്റ്റ് കമ്മിറ്റിയുടെ വിര്‍ച്വല്‍ മിനിസ്റ്റീരിയല്‍ യോഗത്തില്‍ പങ്കെടുക്കവെയാണ് വിദേശകാര്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സഹോദര ഫലസ്തീന്‍ ജനതക്കായി ഖത്തര്‍ അടുത്തിടെ 150 മില്യണ്‍ ഡോളറിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇതിന്റെ ഒരു ഭാഗം കോവിഡ് മഹാമാരിയെ നേരിടാന്‍ നീക്കിവെച്ചിട്ടുണ്ട്. കോണ്‍ടാക്റ്റ് കമ്മിറ്റിയോഗം വളരെ പ്രധാനപ്പെട്ട സമയത്താണ് ചേരുന്നത്. കോവിഡ് പ്രതിസന്ധിക്ക് പുറമെ അനധികൃത അധിനിവേശത്തിന്റെ ഫലമായി ഫലസ്തീന്‍ സഹോദരങ്ങള്‍ സാമ്പത്തികമായും സാമൂഹികമായും സുരക്ഷാപരമായും തിരിച്ചടികള്‍ നേരിടുന്നുണ്ടെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനാണ് ഖത്തര്‍ ആഗ്രഹിക്കുന്നത്. എല്ലാവരുടെയും പ്രധാന വെല്ലുവിളിയാണ് ഈ വിഷയം. ഇസ്രാഈല്‍ അധിനിവേശം സ്വീകരിച്ച നടപടികള്‍ കാരണം ഈ വെല്ലുവിളികള്‍ ഫലസ്തീനികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായിത്തീര്‍ന്നിരിക്കുന്നു. നിലവിലെ അധിനിവേശം അവസാനിപ്പിക്കാനും ഈ പ്രതിസന്ധിക്ക് ന്യായമായ പരിഹാരം കണ്ടെത്താനും കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രാഈലി അധിനിവേശത്തിന്റെ നടപടികള്‍ കാരണം നാം കൂടുതല്‍ ഭാരം വഹിക്കേണ്ട സാഹചര്യമാണ്. ഇത്തരം നടപടികള്‍ സുരക്ഷാസാഹചര്യങ്ങളുടെ തകര്‍ച്ചക്ക് കാരണമാകുമെന്നും കാര്യങ്ങള്‍ നിയന്ത്രണാതീതമാകുമെന്നും വിശ്വസിക്കുന്നു. ലോകം മുഴുവന്‍ ഈ സംഭവവികാസങ്ങളെ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നാണ് കരുതുന്നത്- വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഏതൊരു ശ്രമവും ഖത്തര്‍ തള്ളിക്കളയുകയാണ്. ഗസയിലും വെസ്റ്റ്ബാങ്കിലും നടക്കുന്ന കാര്യങ്ങളില്‍ ലോജിസ്റ്റിക്കല്‍ വെല്ലുവിളികള്‍ ഉണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആ മേഖലകളില്‍ വിവിധ രാജ്യങ്ങള്‍ നടപ്പാക്കുന്ന പദ്ധതികളുടെ കാലതാമസത്തിനും ഇത്തരം നടപടികള്‍ കാരണമായേക്കുമെന്ന് വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. അധിനിവേശ പ്രദേശങ്ങള്‍ ബലമായി പിടിച്ചെടുക്കാനുള്ള ഇസ്രാഈലിന്റെ ശ്രമങ്ങള്‍ നീതിപൂര്‍വമായ സമാധാന പ്രക്രിയയെക്കുറിച്ചുള്ള പ്രതീക്ഷകളെ തകര്‍ക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അറബ് സമാധാന സംരംഭം സ്വീകരിച്ചുകൊണ്ട് 2002ല്‍ അറബ് രാജ്യങ്ങള്‍ ധീരമായ നടപടി സ്വീകരിച്ചു. 1967ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര രൂപീകരണവും അഭയാര്‍ഥികളുടെ തിരിച്ചുവരവുമാണ് ഇതില്‍ വ്യക്തമാക്കുന്നത്. ഇസ്രാഈലികളും ഫലസ്തീനികളും തമ്മില്‍ 2014 മുതല്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഗൗരവമായ ചുവടുവെയ്പ്പും അന്താരാഷ്ട്ര സമൂഹത്തിന്റെ ഗൗരവമേറിയ നിലപാടുമുണ്ടാകേണ്ടതുണ്ട്. ഫലസ്തീന്‍ ജനത നേരിടുന്ന വെല്ലുവിളികളോടു പ്രതികരിക്കുന്നതിന് യുഎന്‍ആര്‍ഡബ്ല്യുഎക്കും ഫലസ്തീന്‍ അതോറിറ്റിക്കും പിന്തുണ തുടരാന്‍ ഡോണര്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായി വിദേശകാര്യമന്ത്രി പറഞ്ഞു.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍ജസീറ അല്‍ അറബിയ സ്ട്രീറ്റ് ഗതാഗതത്തിനായി തുറന്നു

ഗള്‍ഫ് പ്രതിസന്ധി: ഓണ്‍ലൈനുകളില്‍ വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്ക്‌