
നടപടി കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം
ദോഹ: ഖത്തറിലെ ബഹുഭൂരിപക്ഷം കൊറോണ വൈറസ്(കോവിഡ്19) രോഗികളെയും രോഗം സ്ഥിരീകരിച്ച് പതിനാലു ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യുന്ന രീതി പിന്തുടര്‍ന്ന് ഖത്തര്‍. രോഗികളില്‍ ആദ്യ സ്രവ പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിച്ചു പത്തുദിവസങ്ങള്‍ കഴിഞ്ഞാല്‍ ബഹുഭൂരിപക്ഷം രോഗികളിലും കോവിഡ് പകര്‍ച്ചവ്യാധിയുടെ സാന്നിധ്യം ഉണ്ടായിരിക്കില്ലെന്നാണ് ശാസ്ത്രീയ തെളിവുകള്‍ വ്യക്തമാക്കുന്നത്.
അത്തരമൊരു രീതിയിലേക്കു ഖത്തറുമെത്തുകയാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ വൈറോളജിസ്റ്റ് ഡോ. നഈമ അല്‍മൊലാവി പറഞ്ഞു. നിലവില്‍ രോഗികളെ മെഡിക്കല്‍ സൗകര്യങ്ങളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പ് രണ്ട് നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലങ്ങള്‍ ആവശ്യമാണ്. അതുകാരണം നിരവധി രോഗികള്‍ പതിനാല് ദിവസത്തില്‍ കൂടുതല്‍ ആസ്പത്രികളിലോ ഐസൊലേഷന്‍ സൗകര്യങ്ങളിലോ കഴിയേണ്ടതായി വരുന്നുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രോഗികള്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ വീടുകളിലേക്കു മടങ്ങുന്നതിനും സാധാരണജീവിതത്തിലേക്കു തിരിച്ചുപോകുന്നതിനും സാധിക്കും.
അതേസമയം ആരോഗ്യസഹായം ആവശ്യമില്ലാത്ത രോഗികള്‍ക്കു മാത്രമെ പുതിയ ഡിസ്ചാര്‍ജ് നയം ബാധകമാകൂ. ഇതുവരെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു രണ്ടു നെഗറ്റീവ് പരിശോധനാഫലം ആവശ്യമാണ്. എന്നിരുന്നാലും ഒരു നെഗറ്റീവ് പരിശോധനാ ഫലം വരാന്‍ നിരവധി ആഴ്ചകളെടുക്കും. കാരണം ചിലരുടെ ശരീരത്തില്‍ വൈറസിന്റെ അംശം അടങ്ങിയിരിക്കും. എങ്കില്‍ത്തന്നെയും യുകെ, യുഎസ്, ജര്‍മ്മനി എന്നിവയുള്‍പ്പടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നത് കോവിഡ് സ്ഥിരീകരിച്ച് പത്തുദിവസത്തിനുശേഷം രോഗികളില്‍ പകര്‍ച്ചവ്യാധിയുണ്ടായിരിക്കില്ലെന്നാണ്.
എന്നാല്‍ ഖത്തര്‍ ഒരുപടി കൂടി കടന്ന് 10 ദിവസത്തിനു പകരം 14 ദിവസത്തിനുശേഷമായിരിക്കും ഡിസ്ചാര്‍ജ്. അതായത് രോഗിയില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ 14 ദിവസങ്ങള്‍ക്കുശേഷമായിരിക്കും ഡിസ്ചാര്‍ജ്. എന്നാല്‍ ആരോഗ്യസഹായം ആവശ്യമില്ലാത്ത രോഗികള്‍ക്കു മാത്രമെ ഈ നയം ബാധകമാകൂ. നിരന്തരമായ വൈദ്യചികിത്സ ആവശ്യമുള്ളവരും മിതമായതും കഠിനവുമായ ലക്ഷണങ്ങളുള്ളവരുമായ ഏതൊരു രോഗിക്കും അവരുടെ ലക്ഷണങ്ങള്‍ കുറയുന്നതുവരെ ആശുപത്രിയില്‍ പരിചരണം തുടരും.
കോവിഡ് മാറുന്നവരുടെ വര്‍ധന
കഴിഞ്ഞ കുറച്ച് ആഴ്ചകളായി, കോവിഡില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇത് വളരെ പ്രോത്സാഹജനകമാണ്. സമീപഭാവിയിലും ഈ എണ്ണം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില രോഗികള്‍ക്ക് ഗുരുതരമായ രോഗമുണ്ടാകാമെങ്കിലും, ഭൂരിഭാഗം പേരും പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നുണ്ട്. മിക്കവര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. ആസ്പത്രിയില്‍ നിന്നോ ഐസൊലേഷന്‍ സൗകര്യത്തില്‍ നിന്നോ ഡിസ്ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ രോഗികള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇഹ്തിറാസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയും സജീവമാക്കുകയും ചെയ്യണം.
ഒരു കാരണവശാലും വീടുകളില്‍നിന്നും പുറത്തുപോകരുത്. അധികമായി ഒരാഴ്ച വീടുകളില്‍ ക്വാറന്റൈനിലായിരിക്കണം. ഈ കാലയളവില്‍ അവരുടെ ഇഹ്തിറാസ് നില മഞ്ഞയായി തുടരുകയും ചെയ്യും. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പുതുക്കിയ നയം വൈറസിന്റെ ചലനാത്മകതയെക്കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ അറിവും യുഎസ്, യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണെന്ന് പകര്‍ച്ചവ്യാധി ചികിത്സാ കേന്ദ്രം മെഡിക്കല്‍ ഡയറക്ടറും കോവിഡ് 19 മെഡിക്കല്‍ ഡയറക്ടറുമായ ഡോ. മുന അല്‍ മസ്‌ലമാനി വിശദീകരിച്ചു.
60- കഴിഞ്ഞവര്‍ക്ക് പരിഗണന
ബഹുഭൂരിപക്ഷം കോവിഡ് രോഗികളിലും ഈ നയം ബാധകമാകുമെങ്കിലും ചിലരെ ഒഴിവാക്കും. 60 വയസിനു മുകളില്‍ പ്രായമുള്ള രോഗി, ഒന്നോ അതിലധികമോ പേരുള്ള ഒരു വീട്ടിലേക്കാണ് മടങ്ങുന്നതെങ്കില്‍ അവരെ 7 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാര്‍ജ്ജ് ചെയ്യൂ. ഇത്തരക്കാര്‍ക്ക് വീണ്ടും പരിശോധന ആവശ്യമാണെന്ന് മനസ്സിലാക്കിയാല്‍ ഡിസ്ചാര്‍ജിനു മുമ്പ് അധികമായി കോവിഡ് പരിശോധന നടത്തും.
പരിശോധന പോസിറ്റീവാണെങ്കില്‍ രോഗി ഏഴു ദിവസം ആസ്പത്രിയിലോ ഐസൊലേഷന്‍ സൗകര്യത്തിലോ തുടരും. തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള പരിശോധനയില്ലാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യും. ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍, പ്രായമേറിയ രോഗികള്‍, വിട്ടുമാറാത്ത രോഗാവസ്ഥകളുള്ളവര്‍ തുടങ്ങി കടുത്ത കോവിഡ് ലക്ഷണങ്ങള്‍ കാരണം സമഗ്ര പരിചരണം ആവശ്യമുളളവരുടെ കേസുകള്‍ പ്രത്യേകമായി പരിശോധിച്ച് വിലയിരുത്തല്‍ നടത്തിയ ശേഷമായിരിക്കും ഐസൊലേഷന്‍ ഒഴിവാക്കുക.