രജിസ്ട്രേഷന് മെയ് 16 മുതല്‍
വാക്സിനേഷന് പൂര്‍ത്തിക്കിയവര്‍ക്ക് ക്വാറന്റൈന് ഇളവ് 9 മാസമാക്കി
ദോഹ: 12 മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ ബയോടെക് വാക്സിന് നല്‍കാനൊരുങ്ങി ഖത്തര്‍. ഈദുല്‍ ഫിത്വര്‍ അവധിക്കുശേഷം 30 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും വാക്സിന് നല്‍കാനും തീരുമാനം. കൂടാതെ ഖത്തറില്‍ വാക്സിന് രണ്ടു ഡോസും സ്വീകരിച്ചവരില്‍ ഇന്ത്യ ഉള്‍പ്പടെ ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒഴികെയുള്ളവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന് ഇളവ് നിലവിലെ ആറുമാസമെന്നത് ഒന്‍പതു മാസമാക്കി ഉയര്‍ത്താനും തീരുമാനം. പൊതുജനാരോഗ്യ മന്ത്രാലയമാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. ഈദ് അവധിദിനങ്ങള്ക്കുശേഷം 30 വയസിനു മുകളിലുള്ള എല്ലാവര്ക്കും വാക്സിന് സ്വീകരിക്കാന്‍ അര്‍ഹതയുണ്ടാകും.
12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന് എടുക്കുന്നതിനുള്ള അവസരം ഉടന്‍ ലഭ്യമാക്കും. ഈ പ്രായമുള്ളവരില്‍ വാക്സിന്റെ ഉപയോഗത്തെക്കുറിച്ച് ഫൈസര്‍ പഠനം നടത്തിയിരുന്നു. വാക്സിന് സുരക്ഷിതവും കോവിഡ് കേസുകള്‍ തടയുന്നതില്‍ ഫലപ്രദവുമാണെന്ന് കണ്ടെത്തി. കൂടാതെ യുഎസില്‍ 12നും 15നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന് ഉപയോഗിക്കുന്നതിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകാരവും നല്കി. ഈ സാഹചര്യത്തിലാണ് ഖത്തരിലും ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കാനൊരുങ്ങുന്നത്.
ഖത്തറിലെ 12-15 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നത് ഈ വരുന്ന സെപ്തംബറില്‍ സ്കൂള്‍ വര്‍ഷം ആരംഭിക്കുമ്പോള്‍ പൊതുജീവിതത്തിന്റെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവ് കൂടുതല്‍ ഉറപ്പാക്കാന്‍ സഹായിക്കും. വാക്സിന് എടുക്കുന്നതിനായി രക്ഷിതാക്കള്‍ കുട്ടികള്‍ക്കായി മന്ത്രാലയം വെബ്സൈറ്റ് www.moph.gov.qa മുഖേന മെയ് 16 മുതല്‍ രജിസ്റ്റര്‍ ചെയ്യണം. അതിനുശേഷം പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന്(പിഎച്ച്സിസി) രക്ഷിതാക്കളുമായി ബന്ധപ്പെടും.
12 മുതല്‍ 15 വയസുവരെ പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്സിന് സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഇപ്പോള്‍ തങ്ങലുടെ പക്കലുണ്ടെന്നും ഈ പ്രായത്തിലുള്ള ഓരോ കുട്ടിക്കും ഉടന്‍ തന്നെ വാക്സിന് ലഭിക്കാന്‍ അവസരമുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കോവിഡ് സംബന്ധിച്ച ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്മാന് ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിലൂടെ അവരെ വൈറസില്‍നിന്നും സംരക്ഷിക്കുന്നതിനൊപ്പം ഭാവിയില്‍ സ്കൂളുകളില്‍ നിയന്ത്രണങ്ങള്‍ കുറക്കാനും സഹായകമാകും.
മഹാമാരി സമയത്ത് കണ്ട വിദ്യാഭ്യാസ സമ്പ്രദായത്തിലെ തടസങ്ങള്‍ ഗണ്യമായി കുറക്കാനുമാകും. വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആഗോളതലത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഖത്തറില്‍ കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് ഇളവിന്റെ കാലാവധി ഒന്‍പത് മാസമാക്കി ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ആറു രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ ഇളവ് ബാധകമല്ല. ഈ രാജ്യങ്ങളിലുള്ളവര്‍ ഖത്തറില്‍ കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയവരാണെങ്കിലും മടങ്ങിയെത്തുമ്പോള്‍ പത്തു ദിവസം ഹോട്ടല്‍ ക്വാറന്റൈന് നിര്‍ബന്ധമാണ്.
ഇന്ത്യയില്‍ കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. എന്നാല്‍ മറ്റു രാജ്യങ്ങളിലുള്ളവരുടെ കാര്യത്തില്‍ അവര്‍ ഖത്തറില്‍ കോവിഡ് വാക്സിന് രണ്ടു ഡോസും പൂര്‍ത്തിയാക്കിയാല്‍ ഹോട്ടല്‍ ക്വാറന്റൈന് ആവശ്യമില്ല. കോവിഡ് വാക്സിനുകള്‍ നല്കുന്ന സംരക്ഷണം ആറുമാസത്തിനപ്പുറം നിലനില്‍ക്കുന്നുണ്ടെന്ന് ആഗോള തെളിവുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് കാലാവധി ഉയര്‍ത്തിയത്. എന്നാല്‍ ഇളവു ലഭിക്കണമെങ്കില്‍ വാക്സീന് രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസം കഴിയണം. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ കോവിഡ് പിസിആര്‍ പരിശോധന നടത്തണം. ഖത്തറിലെ യോഗ്യരായ ജനസംഖ്യയുടെ പകുതിയിലധികം പേരും ഇതിനോടകം വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ട്.