
ദോഹ: 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പില്‍ സ്റ്റേഡിയങ്ങളില്‍ കാണികളുടെ സാന്നിധ്യമുണ്ടാകും. കാണികളില്ലാതെയായിരിക്കും മത്സരങ്ങളെന്ന വാര്‍ത്തകള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ തള്ളി. 2022ല്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെ ശൈത്യകാലത്താണ് ലോകകപ്പ് നടക്കുന്നത്. 2022 അവസാനമാകുമ്പോഴേക്കും കോവിഡ് മഹാമാരി പൂര്‍ണമായും നിയന്ത്രണവിധേയമാകാന്‍ മതിയായ സമയം ലഭിക്കുമെന്ന് ഇന്‍ഫന്റിനോ സൂറിച്ചില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ആരോഗ്യപ്രതിസന്ധി ഇപ്പോല്‍ ഫുട്ബോളിന് ഭീഷണിയാണെങ്കിലും ലോകകപ്പ് എത്തുമ്പോഴേക്കും അത് അടങ്ങിയിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.അടുത്തിടെ ഖത്തര്‍ സന്ദര്‍ശിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. ഖത്തറിന്റെ തയാറെടുപ്പുകള്‍ ശ്രദ്ധേയവും പ്രശംസനീയവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. ഫിഫ ലോകകപ്പിന്റെ കിക്കോഫിന് വേദിയാകുന്ന അല്‍ബയ്ത്ത് സ്റ്റേഡിയം സന്ദര്‍ശിക്കുകയും സെവന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു.