Tuesday, January 26ESTD 1934
Shadow

കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ ശക്തമായ നിലയില്‍: വിദേശകാര്യമന്ത്രി

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി

ദോഹ: രാജ്യത്തിന്റെ ആഭ്യന്തര വിദേശ നയത്തിന്റെ കാതലെന്നത് മാനുഷിക വികസനമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ ഖത്തര്‍ ശക്തമായ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ ഫോറിന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വിര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശനയം, ഗള്‍ഫ് മേഖലയിലെ രാജ്യാന്തര നയതന്ത്രം എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. വിഷ്വല്‍ കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിദേശകാര്യമന്ത്രി പങ്കെടുത്തത്. കോവിഡ് മഹാമാരി ഖത്തര്‍ ഉള്‍പ്പടെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന അസാധാരണ സമയത്തെ വിദേശനയതന്ത്രം, ലോക നയതന്ത്രം എന്നിവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ആരോഗ്യ സംരക്ഷണം നല്‍കുക, സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക, ഖത്തറിന്റെ അന്താരാഷ്ട്ര പങ്ക് നിറവേറ്റുക എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് രാജ്യത്തിന്റെ കര്‍മ്മപദ്ധതിയെന്ന് വിദേശകാര്യമന്ത്രി വിശദീകരിച്ചു. എല്ലാവര്‍ക്കും ഉയര്‍ന്ന നിലവാരത്തില്‍ ആരോഗ്യവൈദ്യസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പിന്നിട്ടവര്‍ഷങ്ങളില്‍ ആരോഗ്യ സംരക്ഷണത്തിനായി അടിസ്ഥാനസൗകര്യമേഖലയില്‍ കാര്യമായ നിക്ഷേപമാണ് രാജ്യം നടത്തിയത്. എല്ലാവരുടെയും ആരോഗ്യത്തിനായി സമഗ്രമായ സമീപനമാണ് പ്രോത്സാഹിപ്പിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് ഖത്തറിന് ശക്തമായ ആരോഗ്യ പരിരക്ഷാ പ്രതികരണ സംവിധാനമാണുള്ളത്. സൗജന്യമായാണ് കോവിഡ് പരിശോധനയും രോഗീപരിചരണവും.
കോവിഡ് ചികിത്സക്കായി ആസ്പത്രികളും നിയുക്തമാക്കിയിട്ടുണ്ട്. ഖത്തറിന്റെ കോവിഡ് പരിശോധനാ നിരക്ക് ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ കേസുകളുടെ എണ്ണവും കൂടുതല്‍ കണ്ടെത്തി. ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനമാണുള്ളത്. ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമാണ് ഖത്തര്‍. പ്രതിസന്ധിയോടു നേരത്തെയുള്ള പ്രതികരണവും സംയോജിത സമീപനവും കാരണം പ്രതിസന്ധി മറികടക്കാന്‍ ശക്തവും മികച്ചതുമായ അവസ്ഥയിലാണ് ഖത്തര്‍. എന്നാല്‍ മിഡില്‍ഈസ്റ്റില്‍ സ്ഥിതി എല്ലാം സമാനമല്ല- വിദേശകാര്യമന്ത്രി പറഞ്ഞു. കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനുള്ള ഖത്തറിന്റെ സമീപനം പ്രാദേശിക നയങ്ങളെ മാത്രമല്ല, മേഖലാ രാജ്യാന്തര പിന്തുണയെയും ഉള്‍ക്കൊള്ളുന്നു.
വൈറസിന്റെ വ്യാപനം മേഖലയില്‍ സുരക്ഷാ പ്രശ്‌നമായി മാറിയതിനാല്‍ പരസ്പരം പിന്തുണയ്ക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. നിരവധി ബഹുരാഷ്ട്രാ സംഘടനകള്‍ക്കും 20ലധികം രാജ്യങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കി. ലബനാന്‍, ഫലസ്തീന്‍, ടുണീഷ്യ, അള്‍ജീരിയ, ഇറാന്‍ എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യയിലെ ഏറ്റവും ബാധിത സമൂഹങ്ങള്‍ക്ക് മെഡിക്കല്‍ സാമഗ്രികളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നുണ്ട്. രാജ്യാന്തര പിന്തുണ സമാഹരിക്കുന്നതിനും ശ്രമിക്കുന്നു.
സഹായം നല്‍കുന്നത് തുടരുകയാണ്. പകര്‍ച്ചവ്യാധിയുടെ പ്രത്യാഘാതങ്ങളെ ലഘൂകരിക്കുന്ന സംരംഭങ്ങളെ ഖത്തര്‍ പിന്തുണക്കുന്നുണ്ട്. പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനും അതിന്റെ ദോഷം അവസാനിപ്പിക്കുന്നതിന് വാക്‌സിനുകള്‍ കണ്ടെത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് രാജ്യാന്തര സമൂഹത്തോടു വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തു. ലോകമെമ്പാടും ഖത്തര്‍ നല്‍കുന്ന മാനുഷികവും വികസനവുമായ സഹായം ലോകത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കാരണമാകുമെന്നാണ് വിശ്വാസം. ഇത് ഒരു നിര്‍ദ്ദിഷ്ട പ്രദേശത്തിനോ മതത്തിനോ മാത്രമായി പരിമിതപ്പെടുന്നില്ല, എല്ലാ മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ളതാണ്.
എല്ലാ സുഹൃത്തുക്കള്‍ക്കും ഞങ്ങള്‍ കൈ നീട്ടുന്നു- വിദേശകാര്യമന്ത്രി പറഞ്ഞു. സാധ്യമായ ഏറ്റവും ഉയര്‍ന്നതും സമഗ്രവുമായ തലങ്ങളില്‍ സഹകരണവും ഏകോപനവും കൂടാതെ മഹാമാരിയുടെ പ്രത്യാഘാതങ്ങളെ നേരിടാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഖത്തര്‍ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ശക്തിയില്‍ ഇപ്പോഴും വിശ്വസിക്കുന്നു. ഗള്‍ഫ് മേഖലയിലും അതിനുമപ്പുറത്തും ഈ പകര്‍ച്ചവ്യാധി ഉള്‍പ്പെടെ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ അടിസ്ഥാനപരമായ മേഖലാ സുരക്ഷാ കരാറിന്റെ അടിയന്തിര ആവശ്യത്തിന്റെ തെളിവാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!