in , ,

ലോകത്തെ അമ്പരപ്പിക്കാന്‍ ഖത്തര്‍; കാത്തിരിക്കേണ്ടത് ഒരു മാസം

കാല്‍പ്പന്തുകളിയെ ആഗോള ആഘോഷമാക്കി മാറ്റാന്‍ ഖത്തര്‍ തയ്യാറായതായി നാസര്‍ അല്‍ഖാതര്‍

അശ്‌റഫ് തൂണേരി/ദോഹ:
പല തലങ്ങളില്‍ പുതുമയാണ് ഫിഫ ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഖത്തറിലെ ഇരുപത്തിരണ്ടാം പതിപ്പ്. അറബ് ലോകത്ത് ആദ്യം അരങ്ങേറുന്ന ഈ ലോക കാല്‍പ്പന്തുമേളയിലാണ് ചരിത്രത്തിലാദ്യമായി വ്യത്യസ്ത മത്സരങ്ങള്‍ ഒരേ ദിനങ്ങളില്‍ ആസ്വദിക്കാന്‍ കാണികള്‍ക്ക് അവസരമുണ്ടാവുന്നത്. ഒരൊറ്റ താമസകേന്ദ്രത്തില്‍ മാത്രം തങ്ങി കളികാണാം. പന്ത്രണ്ടായിരത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കത് റിപ്പോര്‍ട്ടും ചെയ്യാം. തുടക്കം മുതല്‍ ഒടുക്കം വരെ ലോകകപ്പ് ടൂര്‍ണ്ണമെന്റ് ഇങ്ങിനെ കാണാന്‍ ആരാധകര്‍ക്കോ കളി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കോ ആദ്യമായി അവസരമൊരുങ്ങുന്നു. എട്ട് അത്യാധുനിക സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന 64 മത്സരങ്ങള്‍ ലോക കായികപ്രേമികളെ അമ്പരപ്പിക്കുമെന്നുറപ്പ്. ഈ ഉറപ്പ് ഉറക്കെ പ്രഖ്യാപിക്കുന്നത് ഖത്തര്‍ മാത്രമല്ല ഫിഫയും കളിത്തട്ടുകേന്ദ്രങ്ങളായി ലോകം ഏറ്റെടുത്ത അനവധി രാജ്യങ്ങളുമാണ്. ലോകത്തെ ശരിക്കും അത്ഭുതപ്പെടുത്താനൊരുങ്ങുന്ന ഖത്തറില്‍ ആവേശപ്പോരാട്ടത്തിന് ഇനി ഒരു മാസം മാത്രം. നവംബര്‍ 20ന് മരുഭൂ ജീവിതത്തിന്റെ താളമായ കൂടാരമാതൃകയില്‍ തീര്‍ത്ത, അല്‍ഖോറിലെ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തില്‍ ആദ്യവിസില്‍ മുഴങ്ങും. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന് ജേതാക്കള്‍ ആരാകുമെന്ന അന്തിമപോരാട്ടത്തിന് സ്വര്‍ണ്ണക്കൂടാരം പോലുള്ള ലുസൈല്‍ ഐക്കണിക് സ്‌റ്റേഡിയം വേദിയാവും. ഖത്തര്‍ ലോകത്തിന് പരിചയപ്പെടുത്തുന്ന പുതിയൊരു നഗരം കൂടിയാണ് ലുസൈല്‍.

”ഫിഫ ലോകകപ്പിന്റെ എക്കാലത്തെയും മികച്ച പതിപ്പ് ഖത്തര്‍ നല്‍കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഖത്തറിലിപ്പോള്‍ അത്യാധുനിക സ്‌റ്റേഡിയങ്ങള്‍, പരിശീലന പിച്ചുകള്‍, മെട്രോ, വിശാലമായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തയ്യാറാണ്. എല്ലാവര്‍ക്കും ഖത്തറിലേക്ക് സ്വാഗതം.” ഒരു മാസം മാത്രം ബാക്കിയാവുമ്പോള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറയുന്ന വാക്കുകളാണിത്. ”ലോകം ആവേശത്തിലാണ്. ഖത്തര്‍ തയ്യാറാണ്. അരങ്ങൊരുങ്ങി. ഞങ്ങള്‍ ഒരുമിച്ച് കളിക്കളത്തിലും പുറത്തും എക്കാലത്തെയും മികച്ച ലോകകപ്പ് നല്‍കും.” അദ്ദേഹം കൂടുതല്‍ ശുഭാപ്തി വിശ്വാസിയാവുന്നു.
ഖത്തറിലെ പ്രധാന ഫാന്‍ സോണ്‍ ആയ അല്‍ബിദ്ദ പാര്‍ക്കിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ ടൂര്‍ണമെന്റിനിടെ ദിവസവും 40,000 ആരാധകരെ ഉള്‍ക്കൊള്ളാനാവും. 32 രാജ്യങ്ങള്‍ പങ്കാളികളാവുന്ന കലാ പ്രദര്‍ശനങ്ങള്‍ ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ ഭക്ഷണപാനീയങ്ങളും ലഭിക്കും. ദോഹ ഷെറാട്ടണ്‍ പാര്‍ക്ക് മുതല്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് വരെയുള്ള 6 കിലോമീറ്റര്‍ കോര്‍ണിഷ് മേഖലയില്‍ റോവിംഗ് പ്രകടനങ്ങള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍, ഫുഡ് ആന്‍ഡ് ബിവറേജ് കിയോസ്‌കുകള്‍ എന്നിവയുണ്ടാകും. കൂടാതെ ഖത്തറിന്റെ പൈതൃകം അറിയിക്കുന്ന ‘വെല്‍ക്കം ടു ഖത്തര്‍’ ഷോ ഉണ്ടാവും. ജല, പൈറോ ടെക്‌നിക് പ്രദര്‍ശനം, ഖത്തര്‍ 2022 ഒഫീഷ്യല്‍ സൗണ്ട് ട്രാക്ക്, ഖത്തരി സംഗീതസംവിധായകന്‍ വാഇല്‍ ബിന്‍അലിയും ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയും ചേരുന്ന സംഗീതവിരുന്ന് എന്നിവയെല്ലാം ചേര്‍ന്നതാണ് വെല്‍ക്കം ടു ഖത്തര്‍. അല്‍മഹാ ഐലന്‍ഡ് ലുസൈല്‍ തീം പാര്‍ക്ക് റൈഡുകള്‍, റാസ്അബു അബൂദ് 974 ബീച്ച് ക്ലബ്, ലുസൈല്‍ സൗത്ത് പ്രൊമെനേഡ് കേന്ദ്രത്തിലെ ഹയ്യ ഫാന്‍ സോണ്‍, ഖതൈഫാന്‍ ബീച്ച് ഫെസ്റ്റ് എന്നിവയും ആരാധകര്‍ക്കായി തുറന്നിരിക്കും. 21 കേന്ദ്രങ്ങളിലായി ആറായിരത്തിലധികമുള്ള വിവിധ കലാപ്രകടനങ്ങളുണ്ടാവും. ആയിരക്കണക്കിന് പേര്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തിലാണ് വിവിധ സജ്ജീകരണങ്ങള്‍. ലോകമെമ്പാടുമുള്ള ആരാധകരെയും കളിക്കാരെയും ആഹ്ലാദപൂര്‍വ്വം സ്വാഗതം ചെയ്തുകൊണ്ട് ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സംഘാടകസമിതി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ഖാതര്‍ പറയുന്നതിങ്ങനെ: ”മനോഹരമായ കാല്‍പ്പന്തുകളിയെ ആഗോള ആഘോഷമാക്കി മാറ്റാനാണ് ഖത്തര്‍ തയ്യറായിരിക്കുന്നത്. ഇത് ഫിഫ ലോകകപ്പിന്റെ സവിശേഷ പതിപ്പായിരിക്കും. ഖത്തറില്‍ മാത്രമല്ല മധ്യപൂര്‍വ്വേഷ്യയിലും അറബ് ലോകത്തും ചലനങ്ങളുണ്ടാക്കാനാരിക്കുന്ന ഫുട്‌ബോളാണിത്. ഖത്തര്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.”
അതേസമയം ഖത്തര്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പ്പന 3 ദശലക്ഷത്തിലേക്ക് അടുക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2.89 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സംഘാടകര്‍ അറിയിച്ചു. ഖത്തര്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അര്‍ജന്റീന, ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകര്‍ക്കിടയിലാണ് ആവശ്യക്കാര്‍ കൂടുതല്‍. ആതിഥേയരുടെ ടിക്കറ്റ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടവും ടൂര്‍ണമെന്റ് നേടിയിട്ടുണ്ട്. ടിക്കറ്റ് ഉടമകള്‍ നിര്‍ബന്ധിത ഹയ്യ കാര്‍ഡിന് അപേക്ഷിക്കണം. പുറത്തുനിന്നെത്തുന്നവര്‍ താമസസ്ഥലം എത്രയും വേഗം ബുക്ക് ചെയ്യണമെന്നും സംഘാടകര്‍ ആരാധകരെ ഓര്‍മ്മിപ്പിച്ചു. അന്താരാഷ്ട്ര ആരാധകര്‍ക്കുള്ള പ്രവേശന അനുമതികൂടിയാണ് ഹയ്യ കാര്‍ഡ്. ഇത് ഖത്തറിലുടനീളം സൗജന്യ പൊതുഗതാഗത സേവനം നല്‍കും. മാത്രമല്ല മാച്ച് ടിക്കറ്റ് ഉപയോഗിച്ച് ആരാധകര്‍ക്ക് സ്‌റ്റേഡിയങ്ങളിലേക്ക് പ്രവേശനം അനുവദിക്കാനും ഇത് അനിവാര്യമാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ കെഎംസിസി മണലൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

ഫോക്കസ് ഖത്തര്‍ റിയാദ ഗോള്‍ സോക്കര്‍: ഫാന്‍സ് മത്സരങ്ങള്‍ക്ക് ഇന്ന് വൈകീട്ട് മുതല്‍