
ദോഹ: ആക്രമണങ്ങളില്‍ നിന്നും വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി രാജ്യാന്തര ദിനം ആചരിക്കുന്നതിനുള്ള പ്രമേയത്തിന് യുഎന്‍ അംഗീകാരം നല്‍കിയതിനെ ഖത്തര്‍ സ്വാഗതം ചെയ്തു. എല്ലാ വര്‍ഷവും സെപ്തംബര്‍ ഒന്‍പതായിരിക്കും രാജ്യാന്തര വിദ്യാഭ്യാസ സംരക്ഷണ ദിനം.
എജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്‌സണും യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അഡ്വക്കേറ്റുമായ ശൈഖ മൗസ ബിന്‍ത് നാസറിന്റെ നിര്‍ദേശം അംഗീകരിച്ചാണ് യുഎന്‍ 74/275 നമ്പര്‍ പ്രമേയത്തിന് അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസത്തിനെതിരായ നിരന്തരമായ, ബോധപൂര്‍വമായ ആക്രമണങ്ങളുടെയും ലോകമെമ്പാടുമുള്ള കുട്ടികള്‍ അനുഭവിക്കുന്ന സായുധ അക്രമങ്ങളുടെയും കാരണക്കാര്‍ക്കുമേല്‍ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിന് ആഗോള പിന്തുണയും വക്കാലത്തും നേടുകയെന്നതാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇക്കാര്യം ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര പിന്തുണ സമാഹരിക്കാന്‍ ഖത്തര്‍ നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് യുഎന്‍ പ്രമേയമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ.മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ഹമ്മാദി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് ഖത്തര്‍ നല്‍കുന്ന വലിയ പ്രാധാന്യമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.
ശൈഖ മൗസ ബിന്‍ത് നാസറിന്റെ മേല്‍നോട്ടത്തില്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ വിദ്യാഭ്യാസത്തെ തന്ത്രപരമായ തെരഞ്ഞെടുപ്പായി ഖത്തര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.